മിനേർവ പഞ്ചാബ് റിയൽ കാശ്മീർ മത്സരം നടന്നില്ല, അന്തിമ തീരുമാനം എ ഐ എഫ് എഫ് എടുക്കും

ഇന്ന് കാശ്മീരിൽ വെച്ച് നടക്കേണ്ടിയിരുന്ന മിനേർവ പഞ്ചാബും റിയൽ കാശ്മീരുമായുള്ള മത്സരം നടന്നില്ല. സുരക്ഷാ കാരണങ്ങളാൽ യാത്ര ചെയ്യുന്നത് സാധ്യമല്ല എന്ന് മിനേർവ പഞ്ചാബ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ശ്രീനഗറിൽ യാതൊരു പ്രശ്നവും ഇല്ലായെന്നും മത്സരം നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്നും എ ഐ എഫ് എഫ് അറിയിക്കുകയായിരുന്നു.

എന്നാൽ എ ഐ എഫ് എഫിന്റെ തീരുമാനം മിനേർവ പഞ്ചാബ് അംഗീകരിച്ചില്ല. ഇന്നത്തെ മത്സരത്തിനായി കാശ്മീരിലേക്ക് യാത്ര ചെയ്യാൻ പോലും മിനേർവ കൂട്ടാക്കിയില്ല. വിദേശ താരങ്ങൾ അടക്കമുള്ളവർ സുരക്ഷയെ കുറിച്ച് ഭീതി ഉണ്ടെന്നും അതുകൊണ്ട് യാത്ര ചെയ്യില്ല എന്നും മിനേർവ ആവർത്തിച്ചു പറഞ്ഞിരുന്നു. ഇന്നത്തെ മത്സരം നടക്കാത്തതിനാൽ മൂന്ന് പോയന്റ് റിയൽ കാശ്മീരിന് നൽകാനാണ് സാധ്യത. അങ്ങനെ നൽകിയാൽ കോടതിയെ സമീപിക്കും എന്നും മിനേർവ പറഞ്ഞിട്ടുണ്ട്.

മത്സര സമയം കഴിഞ്ഞ ശേഷം എ ഐ എഫ് എഫ് പുറത്തുറക്കിയ പത്ര കുറിപ്പിൽ അന്തിമ തീരുമാനം ഉടൻ എ ഐ എഫ് എഫ് എടുക്കും എന്നാണ് പറയുന്നത്.