കാശ്മീരിലും രക്ഷയില്ല, റിയൽ കാശ്മീരിനോടും തോറ്റ് ഗോകുലം കേരള എഫ്‌സി

- Advertisement -

ഐലീഗിൽ ഗോകുലം കേരള എഫ്‌സിക്ക് രക്ഷയില്ല, തുടർച്ചയായി പത്താം മത്സരത്തിലും വിജയമില്ലാതെ ഗോകുലം കേരള എഫ്‌സിക്ക് കാശ്മീരിൽ നിന്നും മടക്കം. ഇന്ന് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് റിയൽ കശ്മീർ ഗോകുലത്തെ തോല്പിച്ചത്. വിജയത്തോടെ റിയൽ കശ്മീർ ലീഗ് ടേബിളിൽ ഒന്നാമതെത്തി.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 51ആം മിനിറ്റിൽ ഗ്നോറേ കിർസോ ആണ് കശ്മീരിന്റെ വിജയ ഗോൾ കണ്ടെത്തിയത്. രണ്ടാം പകുതിയിൽ പ്രീതം സിങ്, അർജുൻ ജയരാജ്, വിപി സുഹൈർ എന്നിവരെ കളത്തിൽ എത്തിച്ചു ഗോൾ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും സമനില കണ്ടെത്താൻ ഗോകുലത്തിനായില്ല.

വിജയത്തോടെ റിയൽ കാശ്മീരിന് 16 മത്സരങ്ങളിൽ നിന്നും 32 പോയിന്റായി. 30 പോയിന്റുമായി ചെന്നൈ സിറ്റി എഫ്‌സിയാണ് രണ്ടാമതുള്ളത്. 15 മത്സരങ്ങളിൽ നിന്നും വെറും 12 പോയിന്റുമായി ഗോകുലം കേരള പത്താമതാണ്. സീസണിൽ ഇതുവരെ വെറും 2 കളികളിൽ മാത്രമാണ് ഗോകുലം വിജയിച്ചത്. ആറെണ്ണം സമനിലയിൽ കലാശിച്ചപ്പോൾ 7 എണ്ണം തോൽവി ആയിരുന്നു ഗോകുലം രുചിച്ചത്.

Advertisement