സൂപ്പർ സബ്ബായി രാജേഷ്, ഗോകുലത്തിന്റെ ഈ സീസണിലെ പ്രതീക്ഷ ഈ സ്ട്രൈക്കർ

- Advertisement -

ഇന്ന് മോഹൻ ബഗാനെതിരെ കഷ്ടപ്പെടുകയായിരുന്ന ഗോകുലത്തിന്റെ കളിയാകെ മാറിയത് ഒരൊറ്റ സബ്സ്റ്റിട്യൂഷനിൽ ആയിരുന്നു. അമ്പതാം മിനുട്ടിൽ ഗനി നിഗമിനെ മാറ്റി രാജേഷിനെ രംഗത്ത് ഇറക്കാനുള്ള ബിനോ ജോർജ്ജിന്റെ തീരുമാനം ഗോകുലത്തിന് കളിയിൽ നഷ്ടപ്പെട്ടുകൊണ്ടിരുന്ന ശ്വാസം തന്നെ തിരിച്ചു കൊടുത്തു. ഈ സീസണിൽ ഗോകുലത്തിന്റെ സൈനിംഗുകളിൽ പ്രധാന സൈനിംഗായിരുന്നു രാജേഷിന്റേത്.

കളിച്ചെടുത്തെല്ലാം ഗോളടിച്ചു കൂട്ടിയിട്ടുള്ള രാജേഷ് ദേശീയ ലീഗിൽ എന്തു കൊണ്ട് കളിക്കുന്നില്ല എന്ന് ഫുട്ബോൾ നിരീക്ഷകർ ചോദിക്കാൻ തുടങ്ങുമ്പോഴാണ് ഗോകുലം അത്തരമൊരു അവസരം താരത്തിന് ഒരുക്കി കൊടുക്കുന്നത്. ഇന്നത്തെ രണ്ടാം പകുതിയിലെ പ്രകടനം രാജേഷ് ആ അവസരം രണ്ടു കയ്യും നീണ്ടു സ്വീകരിക്കുകയാണ് എന്നതിന്റെ തെളിവാണ്.

രാജേഷിന്റെ വർക്ക് റേറ്റും ഡിഫൻഡേഴ്സിന് പിറലെ ഉള്ള ഓട്ടവും അതുവരെ സമാധാനപരമാായി ഡിഫൻഡ് ചെയ്തിരുന്ന ബഗാന്റെ സെന്റർ ബാക്കുകളുടെ താളം തെറ്റിച്ചു. ഗോകുലം മിഡ്ഫീൽഡും അറ്റാക്കും തമ്മിൽ ഒരു ബന്ധമുണ്ടായതും രാജേഷിന്റെ വരവോടെ ആയിരുന്നു. 71ആം മിനുട്ടിൽ ഗോകുലം കേരള എഫ് സിയുടെ ഗോൾ പിറന്നതും രാജേഷിന്റെ സമ്മർദ്ദം കൊണ്ടായിരുന്നു. ഗോൾകീപ്പർ സുഖമായി പിടിക്കുമെന്ന് കരുതിയ പന്താണ് രാജേഷിന്റെ പരിശ്രമം കൊണ്ട് ബഗാൻ ഡിഫൻസിന്റെ അബദ്ധത്തിലേക്ക് എത്തിച്ചതും സെൽഫ് ഗോളായതും.

കളിയിൽ ബോക്സിന് പിറത്ത് നിന്ന് ഒരു ഫസ്റ്റ് ടച്ച് ഷോട്ടിലൂടെ രാജേഷിന്റെ ശ്രമം തടയാൻ ഗോൾകീപ്പറും ബാറും വേണ്ടി വന്നതും ഇന്ന് കാണാൻ കഴിഞ്ഞു. അടുത്ത മത്സരത്തിൽ രാജേഷ് ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന് ഇന്നത്തെ രാജേഷിന്റെ പ്രകടനം ഉറപ്പ് നൽകുന്നുണ്ട്. ഈ സീസണിൽ ഗോകുലത്തിന്റെ പ്രധാന പ്രതീക്ഷയായും ഈ സ്ട്രൈക്കർ മാറുന്നു.

റെയിൽവേ താരമായ രാജേഷിനെ ഒരു വർഷത്തെക് കരാറിലാണ് ഗോകുലം സൈൻ ചെയ്തത്‌. കഴിഞ്ഞ വർഷം സന്തോഷ് ട്രോഫിയിൽ കർണാടകയ്ക്കായി കളിച്ച താരമാണ് രാജേഷ്. സെമി വരെ എത്തിയ കർണാടക ടീമിന്റെ ടോപ്പ് സ്കോററും രാജേഷായിരുന്നു. ലോക റെയിൽവേ ചാമ്പ്യൻഷിപ്പിലും രാജേഷ് തകർത്തു കഴിച്ചിരുന്നു. ഇന്ത്യക്ക് ലോക റെയിൽവേ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ടിലേക്ക് പ്രവേശനം നേടിക്കൊടുത്തതിലും രാജേഷ് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

Advertisement