“കേരള ആരാധകർക്ക് മുന്നിൽ കളിക്കുകയായിരുന്നു തന്റെ സ്വപ്നം” രാജേഷ്

- Advertisement -

ഗോകുലം കേരള എഫ് സിക്കായി ഈ സീസണിൽ തകർപ്പൻ ഫോമിലാണ് രാജേഷ്. കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് മുന്നിൽ ബൂട്ട് കെട്ടി കളിക്കുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു എന്ന് രാജേഷ് പറയുന്നു. ഇന്നലെ കളിയിലെ ഹീറോ ഓഫ് ദി മാച്ച് ആയി മാറിയത് രാജേഷായിരുന്നു. ഇന്നലെ ഗോകുലത്തിന്റെ വിജയ ഗോൾ പിറന്നതും ഈ തിരുവനന്തപുരത്തുകാരനിലൂടെ ആയിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് രാജേഷ് ഗോകുലത്തിനായി ഗോൾ വല കുലുക്കുന്നത്.

ഇതാദ്യമായാണ് താൻ ഇത്രയും വലിയാ ആരാധകർക്ക് മുന്നിൽ കളിക്കുന്നത് എന്ന് രാജേഷ് പറഞ്ഞു. എപ്പോഴും ഫുട്ബോൾ കളിച്ചിട്ടുള്ളത് കേരളത്തിന് പുറത്തായിരുന്നു. കേരളത്തിലെ ഒരു ടീമിനു വേണ്ടി കളിക്കുക. ഐ ലീഗ് കളിക്കുക എന്നതൊക്കെ തന്റെ വലിയ ആഗ്രഹമായിരുന്നു. അതാണ് താനിപ്പോൾ പൂർത്തീകരിച്ച് കൊണ്ടിരിക്കുന്നത്. രാജേഷ് പറഞ്ഞു.

റെയിൽവേ താരമായ രാജേഷിനെ ഒരു വർഷത്തെ കരാറിലാണ് ഗോകുലം സൈൻ ചെയ്തത്‌. കഴിഞ്ഞ വർഷം സന്തോഷ് ട്രോഫിയിൽ കർണാടകയ്ക്കായി ഗോളടിച്ചു കൂട്ടിയ താരമാണ് രാജേഷ്. തീർത്തും സ്ട്രൈക്കറായ രാജേഷിനെ അദ്ദേഹത്തിന് പതിവില്ലാത്ത വൈഡ് അറ്റാക്കിംഗ് പൊസിഷനിലാണ് ഇപ്പോൾ ബിനോ ജോർജ്ജ് കളിപ്പിക്കുന്നത്. എന്നിട്ടും ഗോളടി മികവ് കാണിക്കാൻ രാജേഷിനാവുന്നുണ്ട്‌.

തനിക്ക് ലഭിച്ചത് വളരെ നല്ല കോച്ചിനെ ആണെന്ന് രാജേഷ് പറയുന്നു. ബിനോ ജോർജ്ജിന്റെ സഹായം തന്നെ ഒരു തികഞ്ഞ പ്രൊഫഷണലായി വളർത്തുന്നുണ്ട് എന്നും സ്ട്രൈക്കർ പറയുന്നു. തന്റെ ഗസ്റ്റ് ടച്ചും വൺ ടച്ച് പാസിംഗും ഒക്കെ മികച്ചതായി വരുന്നുണ്ട്. രാജേഷ് പറഞ്ഞു. കാണികളുടെ പിന്തുണയാണ് കൂടുതൽ കൂടുതൽ കളത്തിൽ ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്നും കേരളത്തിന്റെ പ്രതീക്ഷയായ ഈ യുവ സ്ട്രൈക്കർ പറയുന്നു.

Advertisement