
വില്ലിസ് പ്ലാസ നേടിയ ഇരട്ട ഗോളിന്റെ മികവില്‍ കൊല്‍ക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാള്‍ സീസണിലെ തോല്‍വിയറിയാതെ ആറാം മത്സരവും പൂര്‍ത്തിയാക്കി. ലീഗില്‍ ഒന്നാമത് നില്ക്കുന്ന ഈസ്റ്റ് ബംഗാള്‍ മുംബൈ എഫ്സിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്.
പത്താം മിനിറ്റിലും പതിനേഴാം മിനിറ്റിലും വില്ലിസ് പ്ലാസ നേടിയ ഗോളുകൾ ആണ് മുംബൈ എഫ്സിയെ തോൽപ്പിച്ചത്. മുംബൈക്കാണ് മത്സരത്തിലെ ആദ്യ അവസരം ലഭിച്ചത്, ഡെൻസിലിൽ നിന്നും ഫാറുഖ് പന്ത് സ്വീകരിച്ചു ബോക്സിൽ കയറിയെങ്കിലും ഷോട്ട് മലയാളി താരം ടിപി രഹനേഷ് സേവ് ചെയ്തു. തൊട്ടടുത്ത നിമിഷം തന്നെ വില്ലിസ് പ്ലാസ ഈസ്റ്റ് ബംഗാളിന് വേണ്ടി ആദ്യ ഗോൾ സ്കോർ ചെയ്തു. രാഹുൽ ബെക്കെയുടെ വലത് വിങ്ങിൽ നിന്നും ഉള്ള ക്രോസ് സ്വീകരിച്ച പ്ലാസ ഒരു ഗ്രൗണ്ട് ഷോട്ടിലൂടെ വല കുലുക്കുകയായിരുന്നു.
ഏഴു മിനിറ്റിനു ശേഷം വില്ലിസ് പ്ലാസ വീണ്ടും വല കുലുക്കി, കഴിഞ്ഞ തവണ പന്ത് വന്നത് വലതു വശത്തു നിന്നായിരുന്നു എങ്കിൽ ഇപ്രാവശ്യം പന്ത് വന്നത് ഇടത് വിങ്ങിൽ നിന്ന്, റാൾട്ടെയുടെ ക്രോസ് വില്ലിസ് പ്ലാസ സ്വീകരിച്ചു വലയിലേക്ക് അടിച്ചു കയറ്റി ലീഡ് ഇരട്ടിയാക്കി.
മുംബൈ മത്സരത്തിലെ ഇല്ല എന്ന പ്രതീതിയായിരുന്നു തുടർന്നങ്ങോട്ട്.
രണ്ടാം പകുതിയിൽ കുറച്ചു കൂടി പ്രകടനം മെച്ചപ്പെട്ട മുംബൈയെ ആണ് കണ്ടത്, എന്നിരുന്നാലും ലഭിച്ച അവസരങ്ങൾ എല്ലാം പാഴാക്കി കളയുന്നതായിരുന്നു കണ്ടത്. ലീഡ് മൂന്നു ഗോൾ ആക്കി ഉയർത്താനുള്ള ഒരു അവസരം 75ആം മിനിറ്റിൽ റോബിൻ സിങ്ങിന് ലഭിച്ചിരുന്നു എങ്കിലും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല.
അതിനിടയിൽ മുംബൈയുടെ ഒരു ഷോട്ട്, ഗോൾ വര കടന്നെങ്കിലും ലൈൻ റഫറി ഗോൾ അനുവദിക്കാതിരുന്നത് മുംബൈക്ക് തിരിച്ചടിയായി. ഷിൽട്ടൻ ഡിസില്‍വയുടെ ഒരു ഹെഡർ രഹനേഷ് സേവ് ചെയ്തെങ്കിലും പന്ത് ഗോൾ വര കടന്നിരുന്നു എന്ന് റീപ്ളേകളിൽ വ്യക്തമായിരുന്നു.
ജയത്തോടെ ഈസ്റ്റ് ബംഗാൾ 6 കളികളിൽ നിന്നും 16 പോയിന്റോടെ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ 6 പോയിന്റ് മാത്രമുള്ള മുംബൈ എഫ്സി ആറാം സ്ഥാനത്താണ്.