ആരോസ് ഐ ലീഗിലേക്ക് മടങ്ങിവരുന്നു, ബിഡിലൂടെ ഇനി ഒരു ടീമിന് മാത്രം സാധ്യത

ഐ ലീഗിലേക്ക് പൈലാൻ ആരോസ് തിരിച്ചുവരുന്നു. ഇന്ത്യയിലെ യുവതാരങ്ങളെ വളർത്താനും അവർക്ക് ദേശീയ തലത്തിൽ അവസരം കിട്ടാനും വേണ്ടി എ ഐ എഫ് എഫ് 2010ൽ ആരംഭിച്ച ടീമായിരുന്നു പൈലാൻ ആരോസ്. 2018 ലോകകപ്പിന് യോഗ്യത നേടുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ ടീം 2013ൽ എ ഐ എഫ് എഫ് തന്നെ പിരിച്ചു വിടുകയായിരുന്നു. ആ ആശയം ഒരിക്കൽ കൂടി പരീക്ഷിക്കാൻ ഒരുങ്ങുകയാണ് എ ഐ എഫ് എഫ്.

ഇന്ത്യൻ അണ്ടർ പതിനേഴ് ലോകകപ്പ് കളിക്കുന്ന താരങ്ങൾക്ക് ദേശീയ ലീഗിൽ അവസരം ഉറപ്പു വരുത്തുക എന്നതാണ് പൈലാൻ ആരോസിന്റെ പുനരാവിഷ്കാരം കൊണ്ട് എ ഐ എഫ് എഫ് ലക്ഷ്യമിടുന്നത്. ഐ ലീഗിൽ പുതിയ രണ്ടു കോർപറേറ്റ് ടീമുകൾക്ക് നേരിട്ട് എൻട്രി നൽകാനായിരുന്നു എ ഐ എഫ് എഫ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ആ തീരുമാനം മാറ്റി പൈലാൻ ആരോസിനും ഒരു കോർപറേറ്റ് ടീമിനും ഐ ലീഗിലേക്ക് പ്രവേശനം നൽകാം എന്നതാണ് ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ ആലോചനയിൽ ഉള്ളത്.

ഇന്നലെ പരിഗണിച്ച ഐ ലീഗ് അപേക്ഷകളിൽ കേരളത്തിന്റെ പ്രതീക്ഷയായ ഗോകുലത്തിന്റെ അപേക്ഷ അടക്കം എ ഐ എഫ് എഫ് നിരസിച്ചിരുന്നു. വീണ്ടും ബിഡ് സമർപ്പിക്കാൻ പത്തു ദിവസം നൽകിയിട്ടുണ്ട് എങ്കിലും ഒരു കോർപറേറ്റ് ടീമിന് മാത്രമേ ഇനി പ്രവേശനം ലഭിച്ചേക്കുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബാഴ്‌സലോണ ആക്രമണം: ജേഴ്സിയിൽ പേരില്ലാതെ ബാഴ്സ താരങ്ങൾ ഇറങ്ങും
Next articleആദ്യ ജയം തേടി ലിവർപൂൾ