മലയാളി താരം ഫസലു റഹ്മാന് ഗോൾ, നെരോക്കയെ തകർത്ത് സീസണിലെ ആദ്യ വിജയം നേടി മൊഹമ്മദൻസ്

തോൽവിയോടെ തുടങ്ങിയ സീസണിൽ ഫോം വീണ്ടെടുത്ത് മുഹമ്മദൻസ്. നെരോക്ക എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അവർ ആദ്യ വിജയം സ്വന്തമാക്കി. മർകസ് ജോസഫും മലയാളി താരം ഫസലു റഹ്മാനും ജേതാക്കൾക്കായി വല കുലുക്കിയപ്പോൾ ഡേവിഡ് സിംബോ സെൽഫ്‌ ഗോളും ആതിഥേയർക്ക് തുണയായി. കസിമോവ് ആണ് നെരോക്കയുടെ ആശ്വാസ ഗോൾ നേടിയത്. മൂന്ന് മത്സരങ്ങളിൽ നിന്നും ഒരു വിജയവുമായി മുഹമ്മദൻസ് ഏഴാമതും നെരോക്ക പത്താമതും ആണ് പോയിന്റ് പട്ടികയിൽ.

ഇരു ടീമുകൾക്കും കൃത്യമായ മുൻതൂക്കം ഇല്ലാതെയാണ് മത്സരത്തിന്റെ ആദ്യ മിനിറ്റുകൾ കടന്ന് പോയത്. മികച്ച അവസരങ്ങൾ തുറന്നെടുക്കാനും ഇരു കൂട്ടർക്കും ആയില്ല. മത്സരം പലപ്പോഴും പരുക്കൻ അടവുകളിലേക്കും വഴി മാറി. നാൽപതാം മിനിറ്റിൽ ആണ് ആദ്യ ഗോൾ വീണത്. ലൂയിസ് ബോക്സിലേക്ക് നൽകിയ ക്രോസ് ക്ലിയർ ചെയ്യാനുള്ള നെരോക്ക പ്രതിരോധ താരം ഡേവിഡ് സിംബോയുടെ ശ്രമം സ്വന്തം പോസ്റ്റിലാണ് അവസാനിച്ചത്.

അമ്പത്തിയെട്ടാം മിനിറ്റിൽ നെരോക്ക സമനില നേടി. ഉസ്ബെക്കിസ്ഥാൻ താരം കസിമോവ് ബോക്സിന് പുറത്തു നിന്നും ഉതിർത്ത മികച്ചൊരു ഷോട്ട് വലയിൽ എത്തുകയായിരുന്നു. എന്നാൽ പന്ത് വരുതിയിൽ നിർത്തി പതിയെ മത്സരം കൈക്കലാക്കാൻ ശ്രമിച്ച മുഹമ്മദൻസ് എൺപതിരണ്ടാം മിനിറ്റിൽ വീണ്ടും ലീഡ് നേടി. മർകസ് ജോസഫിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി താരം തന്നെ വലയിൽ എത്തിച്ചു. മൂന്ന് മിനിറ്റിനു ശേഷം മുഹമ്മദൻസിന്റെ വിജയം ഉറപ്പിച്ച ഗോൾ എത്തി. രണ്ടു നെരോക്ക താരങ്ങളെ മറികടന്ന് ഫസലു റഹ്‌മാൻ നേടിയ ഗോളോടെ നെരോക്ക പൂർണമായും ചിത്രത്തിൽ നിന്നും പുറത്തായി.

ഇഞ്ചുറി ടൈമിൽ ഗോളുമായി രാജസ്ഥാൻ യുണൈറ്റഡ്, റൗണ്ട്ഗ്ലാസ് പഞ്ചാബിനെ പിടിച്ചു കെട്ടി

പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്നതും സ്വപ്നം കണ്ടിറങ്ങിയ റൗണ്ട്ഗ്ലാസ് പഞ്ചാബിനെ ആവേശ സമനിലയിൽ തളച്ച് രാജസ്ഥാൻ യുണൈറ്റഡ്. പഞ്ചാബിന്റെ തട്ടകത്തിൽ വെച്ചു നടന്ന മത്സരത്തിൽ ഓരോ ഗോൾ വീതമടിച്ചു ഇരു ടീമുകളും പിരിഞ്ഞു. പോയിന്റ് പട്ടികയിൽ പഞ്ചാബ് മൂന്നാം സ്ഥാനത്ത് തുടർന്നപ്പോൾ രാജസ്ഥാൻ ആറാം സ്ഥാനത്താണ്. ഇതോടെ ഇന്നലെ റിയൽ കാശ്മീരും ഗോകുലവും സമനിലയിൽ പിരിഞ്ഞത് മുതലെടുക്കാൻ സാധിക്കാതെ പോയതിന്റെ നിരാശയിൽ ആവും പഞ്ചാബ്. ഗോകുലം, റിയൽ കശ്മീർ, പഞ്ചാബ് എന്നിവർക്ക് ഏഴ് പോയിന്റ് വീതമാണ് ഉള്ളത്.

മത്സരം ആരംഭിച്ചു പതിമൂന്നാം മിനിറ്റിൽ തന്നെ ആതിഥേയർ ഗോൾ കണ്ടെത്തി. കോർണറിലൂടെ എത്തിയ ബോൾ ബോക്സിന് പുറത്തു നിന്നും മുന്നേറ്റ താരം ഡാനിയൽ മികച്ചൊരു വോളിയിലൂടെ പോസ്റ്റിലെത്തിച്ചു. തുടർന്ന് സമനിലക്കായി രാജസ്ഥാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലേക്ക് ഉന്നം വെക്കാൻ ആയില്ല. ലൂക്കയുടെ മികച്ചൊരു ഷോട്ട് തടുത്ത രാജസ്ഥാൻ കീപ്പർ റഫീഖ് ടീമിന്റെ രക്ഷകനായി. ആദ്യ പകുതിക്ക് തൊട്ടു മുൻപ് ഡാനിയലിന് വീണ്ടും ഗോൾ നേടാനുള്ള അവസരം കൈവന്നെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്ക് വഴിമാറി. രണ്ടാം പകുതിയിലും ഇരു ടീമുകളും മികച്ച കളി തന്നെ കെട്ടഴിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. ഒടുവിൽ ഇഞ്ചുറി ടൈമിന്റെ ആദ്യ മിമിറ്റിൽ റൗണ്ട്ഗ്ലാസ് പഞ്ചാബിന്റെ ഹൃദയം തകർത്ത ഗോൾ എത്തി. ബോക്സിന് പുറത്തു നിന്നും നികും തൊടുത്ത ലോങ്റേഞ്ചർ ആണ് രാജസ്ഥാന്റെ രക്ഷക്കെത്തിയത്.

മൂന്നാം ജയം തേടി ഗോകുലം കേരള ഇന്ന് കാശ്മീരിൽ

ശ്രീനഗർ, നവംബർ 22: ഐ ലീഗിലെ മൂന്നാം മത്സരത്തിൽ ഗോകുലം കേരള എഫ് സി റിയൽ കാശ്മീർ എഫ് സിയെ ഇന്ന് ശ്രീനഗറിലെ ടി ആർ സി ടർഫ് ഗ്രൗണ്ടിൽ വെച്ച് നേരിടും. ഉച്ചയ്ക്ക് രണ്ടു മണിക്ക് ആണ് മത്സരം.

രണ്ടു ടീമുകളും അവരുടെ ആദ്യ രണ്ടു മത്സരങ്ങളിലും വിജയം കൈവരിച്ചിട്ടാണ് നേർക്കുനേർ വരുന്നത്. ഗോകുലം മുഹമ്മദൻ സ്പോർട്ടിങ്ങിനെയും, ഐസാൾ എഫ് സിയെയും പരാജയപെടുത്തിയപ്പോൾ റിയൽ കാശ്മീർ രാജസ്ഥാൻ യൂണൈറ്റഡിനെയും, നെറോക്ക എഫ് സിയെയും തോൽപിച്ചു.

കളി യൂറോസ്പോർട്സ്, 24 ന്യൂസ് എന്നിവയിൽ തത്സമയം കാണാം.

തിരിച്ചു വന്ന് സീസണിലെ ആദ്യ വിജയം നേടി ഐസാൾ

ഐ ലീഗിൽ സീസണിലെ ആദ്യ വിജയം തേടിയിറങ്ങിയ ടീമുകളുടെ പോരാട്ടത്തിൽ അവസാന ചിരി ഐസാൾ എഫ് സിക്ക്. സുദേവ ഡൽഹിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അവർ തോൽപ്പിച്ചത്. ഓരോ സമനിലയും തോൽവിയും സ്വന്തമായി ഉണ്ടായിരുന്ന ഐസാളിന്റെ സീസണിലെ ആദ്യ വിജയം ആണിത്. സുദേവ ആവട്ടെ തുടർച്ചയായ മൂന്നാം തോൽവിയാണ് നേരിട്ടത്. ഇതോടെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് ആണ് അവർ.

രാജീവ് ഗാന്ധി സ്റ്റേഡിയയത്തിൽ സുദേവ ആണ് ആദ്യം ലീഡ് എടുത്തത്. ഗോവു കൂക്കി തൊടുത്ത ലോങ്റേഞ്ചർ തടുത്തെങ്കിലും അവസരം കാത്തിരുന്ന ലോട്ട്യെം പന്ത് വലയിൽ എത്തിച്ചു. പതിനൊന്നാം മിനിറ്റിലാണ് ആദ്യ ഗോൾ വീണത്. ഇരുപതിയാറാം മിനിറ്റിൽ ഐസാൾ സമനില ഗോൾ നേടി. കോർണറിലൂടെ എത്തിയ ബോൾ ബോക്സിനുള്ളിലെ കൂട്ടപ്പോരിച്ചിലിൽ പെട്ടപ്പോൾ കിംകിമ പന്ത് വലയിലേക്ക് എത്തിച്ചു. ആദ്യ പകുതി സമനിലയോടെ പിരിഞ്ഞ മത്സരത്തിന്റെ ഭാഗധേയം നിർണയിച്ച ഗോൾ എത്തിയത് അറുപതിനാലാം മിനിറ്റിലാണ്. അർജന്റീനൻ താരം മതിയാസ് വേറൊൺ ആണ് നിർണായ ഗോൾ നേടിയത്.

വീണ്ടും വിജയവുമായി റൗണ്ട്ഗ്ലാസ് പഞ്ചാബ്, മുഹമ്മദൻസിന് തുടർ പരാജയം

ഐ ലീഗിൽ തുടർച്ചയായ രണ്ടാം വിജയവുമായി റൗണ്ട് ഗ്ലാസ് പഞ്ചാബ്. സ്വന്തം തട്ടകത്തിൽ വെച്ചു നടന്ന മത്സരത്തിൽ മുഹമ്മദൻസിനെയാണ് എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചത്. ലൂക്ക മയ്കെനാണ് ജേതാക്കൾക്ക് വേണ്ടി വലകുലുക്കിയത്. തുടർച്ചയായ രണ്ടാം വിജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാമതെത്താൻ പഞ്ചാബിനായി.

മൂന്നാം മിനിറ്റിൽ തന്നെ ഗോൾ വീഴുന്നത് കണ്ടാണ് മത്സരം ഉണർന്നത്. മയ്കെനും സാമുവലും ചേർന്ന കൂട്ടുകെട്ട് മുഹമ്മദൻസ് ഡിഫെൻസിനെ കീറിമുറിച്ച് കടന്നപ്പോൾ മയ്കെൻ പന്ത് വലയിൽ എത്തിച്ചു. വീണ്ടും പലതവണ താരം തന്നെ ലക്ഷ്യത്തിന് അടുത്തെത്തിയെങ്കിലും ലീഡ് ഉയർത്താൻ പഞ്ചാബിനായില്ല.

ഇത്തവണ കിരീടം നിലനിർത്താൻ ഇറങ്ങുന്ന ഗോകുലത്തിന് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്ന ടീമെന്ന വമ്പുമായി എത്തിയിട്ട് ആദ്യ വിജയം നേടാൻ ആവാതെ വിഷമിക്കുകയാണ് മുഹമ്മദൻസ്. ആദ്യ മത്സരത്തിൽ ഗോകുലത്തിനോട് തന്നെ അവർ തോൽവി അറിഞ്ഞിരുന്നു. ഇതോടെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് മുഹമ്മദൻസ്.

വിജയം തുടർന്ന് റിയൽ കാശ്മീർ, രാജസ്ഥാൻ യുണൈറ്റഡിനെ കീഴടക്കി

സീസണിൽ സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തിൽ റിയൽ കാശമീർ എഫ് സിക്ക് മികച്ച വിജയം. ആർപ്പുവിളികളുമായെത്തിയ കാണികളുടെ പിൻബലം കൂടി കരുത്തു പകർന്നപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് രാജസ്ഥാൻ യുനൈറ്റഡിനെയാണ് അവർ കീഴടക്കിയത്. ഇതോടെ തുടർച്ചയായ രണ്ടാം വിജയവുമായി കശ്മീർ പോയിന്റ് തലപ്പത്തെത്തി. ആദ്യ മത്സരത്തിൽ വിജയം നേടിയിരുന്ന രാജസ്ഥാൻ തോൽവിയോടെ ആറാമതാണ്. അടുത്ത മത്സരത്തിൽ ആദ്യ രണ്ടു സ്ഥാനക്കാരുടെ പോരാട്ടത്തിൽ കാശ്മീരും ഗോകുലവും തമ്മിൽ കൊമ്പുകോർക്കും.

ഇരു പകുതികളിലും ആയിട്ടാണ് മത്സരത്തിൽ ഗോളുകൾ പിറന്നത്. ഇരുപതാം മിനിറ്റിൽ കോർണറിലൂടെ വന്ന ബോൾ വലയിലെത്തിച്ച് ഘാന താരം ലാമിനെ മൊറോ ആണ് ആതിഥേയർക്ക് ലീഡ് നൽകിയത്. അഞ്ചു മിനിറ്റിന് ശേഷം രാജസ്ഥാന് ബോക്സിന് തൊട്ടു മുൻപിൽ നിന്നും ലഭിച്ച ഫ്രീക്കിക് ബെയ്തിയക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. എഴുപത്തി അഞ്ചാം മിനിറ്റിൽ ക്യാപ്റ്റൻ ഷാവേസിന് ലഭിച്ച മികച്ച അവസരവും രാജസ്ഥാന് സമനില സമ്മാനിക്കാതെ പുറത്തേക്ക് പോയി. എഴുപത്തിയേഴാം മിനിറ്റിൽ റിയൽ കശ്മീർ ലീഡ് വർധിപ്പിച്ചു. ജെറി പുലാംറ്റെയാണ് ഇത്തവണ വലകുലുക്കിയത്. എൺപത്തിയഞ്ചാം മിനിറ്റിൽ കശ്മീർ താരം സമുവലിന്റെ ഫ്രീകിക്ക് പോസ്റ്റിലടിച്ചു മടങ്ങി. അടുത്ത മത്സരത്തിൽ ഫോമിലുള്ള ഗോകുലവും റിയൽ കാശ്മീരും തമ്മിലുള്ള പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകരും.

താഹിർ സമാന്റെ 88 മത്തെ മിനിറ്റിലെ ഗോളിൽ ജയം കണ്ടു ഗോകുലം കേരള

ഹീറോ ഐ ലീഗിൽ രണ്ടാം മത്സരത്തിലും ജയം കണ്ടു ഗോകുലം കേരള എഫ്.സി. മുൻ ചാമ്പ്യന്മാരായ ഐസ്വാളിനെ ആണ് തുടർച്ചയായ മൂന്നാം ഐ ലീഗ് കിരീടം ലക്ഷ്യം വക്കുന്ന ഗോകുലം മറികടന്നത്. ഗോൾ രഹിതമാവും എന്നു തോന്നിയ ആദ്യ എവേ മത്സരത്തിൽ അവസാന നിമിഷം ആണ് ഗോകുലം ജയം പിടിച്ചെടുത്തത്.

88 മത്തെ മിനിറ്റിൽ അർജുൻ ജയരാജിന്റെ ക്രോസിൽ നിന്നു രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ താഹിർ സമാൻ ഹെഡറിലൂടെ ഗോകുലത്തിനു ജയം സമ്മാനിക്കുക ആയിരുന്നു. സീസണിൽ താരത്തിന്റെ ആദ്യ ലീഗ് ഗോൾ ആണ് ഇത്. ജയത്തോടെ ഗോകുലം ലീഗിൽ ഒന്നാം സ്ഥാനത്തേക്കും ഉയർന്നു. സീസണിൽ ആദ്യ പരാജയം നേരിട്ട ഐസ്വാൾ ഒരു പോയിന്റും ആയി ലീഗിൽ ഏഴാം സ്ഥാനത്ത് ആണ്.

വിജയം തുടരാൻ ഗോകുലം കേരള നാളെ ഐസാളിന് എതിരെ

ഐസാൾ, നവംബർ 17: ഐ ലീഗിലെ രണ്ടാം മത്സരത്തിൽ ഗോകുലം കേരള എഫ് സി മിസോറാം ക്ലബായ ഐസാൾ എഫ് സി യെ നാളെ (November 18 ) നേരിടും. ആദ്യ മത്സരത്തിൽ മുഹമ്മദൻ എസ് സിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച ഗോകുലത്തിന്റെ ഈ സീസണിലെ ആദ്യത്തെ എവേ മത്സരമാണ് ഐസാവൾ ടീമിന് എതിരെ.

ഗോകുലത്തിന്റെ കാമറൂൺ സ്‌ട്രൈക്കർ സോമലാഗ, മധ്യനിര താരങ്ങൾ ഫർഷാദ് നൂർ, പ്രതിരോധത്തിൽ ക്യാപ്റ്റൻ അമിനോ ബൗബ എന്നിവരുടെ പിൻബലത്തിൽ ആയിരിക്കും ഗോകുലം ഐസാവാളിനു എതിരെ ഇറങ്ങുക.

അതേസമയം, ഐസാവൾ അവരുടെ ആദ്യ മത്സരത്തിൽ മണിപ്പുരിൽ നിന്നുമുള്ള ട്രാവു എഫ് സിയോട് 1 -1 സമനിലയിൽ പിരിഞ്ഞതിന് ശേഷമാണു ഗോകുലത്തിനെ നേരിടുന്നത്.

കളി ഉച്ചയ്ക്ക് 2 മണിക്ക് യൂറോ സ്പോർട്സ് ചാനലിലും 24 ന്യൂസിലും തത്സമയം ഉണ്ടാകും.

മലയാളി താരം ബ്രിട്ടോയുടെ ഗോളിൽ രാജസ്ഥാൻ യുണൈറ്റഡിന് വിജയം

ഐ ലീഗിൽ രാജസ്ഥാൻ യുണൈറ്റഡിന് വൊജയ തുടക്കം. മലയാളി താരം ബ്രിട്ടോയുടെ ഗോളിൽ ആയിരുന്നു വിജയം. ചർച്ചിൽ ബ്രദേഴ്സിനെ നേരിട്ട രാജസ്ഥാൻ യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. മത്സരത്തിന്റെ 29ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ആണ് രാജസ്ഥാൻ യുണൈറ്റഡ് ലീഡ് എടുത്തത്. മെൽറോയ് അസിസി ആണ് സ്കോർ ചെയ്തത്.

ആദ്യ പകുതിയുടെ അവസാനം സാനെയിലൂടെ അവർ സമനില നേടി. രണ്ടാം പകുതിയിൽ 75ആം മിനുട്ടിൽ ആണ് വിജയ ഗോൾ വന്നത്. ചാവേസ് നൽകിയ ബാക്ക് പാസ് സ്വീകരിച്ച് ആയിരുന്ന്യ് ബ്രിട്ടോയുടെ സ്ട്രൈക്ക്. അവസാന നിമിഷങ്ങളിൽ ഭട്ട് ചുവപ്പ് കണ്ട് പുറത്ത് പോയതിനാൽ രാജസ്ഥാൻ പത്തു പേരായി ചുരുങ്ങി എങ്കിലും വിജയം സ്വന്തമാക്കാൻ അവർക്ക് ആയി.

സമനിലയോടെ സീസണിന് തുടക്കമിട്ട് ഐസാളും ട്രാവു എഫ്സിയും

ഐ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സമനിലയിൽ പിരിഞ്ഞു ഐസാളും ട്രാവു എഫ്സിയും. രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഓരോ ഗോൾ വീതമടിച്ചാണ് ഇരു ടീമുകളും പോയിന്റ് പങ്കുവെച്ചത്. ഐസ്വാളിനായി ലാൽരിൻഫെല ഗോൾ നേടിയപ്പോൾ ട്രാവുവിന് വേണ്ടി ബികാശ് സിങാണ് വലകുലുക്കിയത്.

പതിനെട്ടാം മിനിറ്റിലാണ് ആദ്യ ഗോൾ വന്നത്. യുവതാരം ബികാശ് സിങ് ട്രാവുവിനെ മുന്നിൽ എത്തിച്ചു. പിന്നീട് കിസെക്കയുടെ ഹെഡർ ലക്ഷ്യത്തിൽ നിന്നും അകന്ന് പോയതോടെ ആദ്യ പകുതി ഐസ്വാളിന് സമനില നേടാൻ ആയില്ല. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഐസ്വാൾ തിരിച്ചടിച്ചു. ഗോൾ കീപ്പർ ബിഷോർജിത്തിന്റെ പിഴവ് തുണയായപ്പോൾ ലാൽരിൻഫെല സമനില ഗോൾ കണ്ടെത്തി. എഴുപതിയേട്ടാം മിനിറ്റിൽ മത്തിയാസ് വെറൊൺ ചുവപ്പ് കാർഡ് കണ്ടതോടെ ഐസ്വാൾ പത്ത് പേരിലേക്ക് ചുരുങ്ങി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കിസെക്കയുടെ മികച്ചൊരു ഷോട്ട് തടുത്ത് കീപ്പർ ബിഷോർജിത് ട്രാവുവിന്റെ രക്ഷക്കെത്തി.

ഐ ലീഗിൽ ആദ്യ മത്സരത്തിൽ നെറോക്കയെ തോൽപ്പിച്ചു റിയൽ കശ്മീർ

ഹീറോ ഐ ലീഗിൽ ആദ്യ മത്സരത്തിൽ നെറോക്കയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു റിയൽ കശ്മീർ സീസൺ തുടങ്ങി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് മത്സരത്തിലെ വിജയഗോൾ പിറന്നത്.

53 മത്തെ മിനിറ്റിൽ ഘാന താരം യാകുബുവിന്റെ പാസിൽ നിന്നു ഘാന താരം നുഹു ആണ് റിയൽ കശ്മീറിന് ജയം സമ്മാനിച്ചത്. കേരള ടീം ആയ ഗോൾഡൻ ത്രഡിന്റെ മുൻ താരമായ നുഹു കഴിഞ്ഞ 2 സീസണുകളിൽ കേരള പ്രീമിയർ ലീഗ് ടോപ്പ് സ്‌കോറർ ആയിരുന്നു. ഈ സീസണിൽ ആണ് താരം റിയൽ കശ്മീരിൽ എത്തുന്നത്.

ഇന്ന് ഐ ലീഗ് തുടങ്ങും, ഹാട്രിക്ക് അടിക്കണം, ഗോകുലം കേരള ഇന്ന് പയ്യനാട് ഇറങ്ങുന്നു

ഐ ലീഗിന്റെ പുതിയ സീസണ് ഇന്ന് തുടക്കമാവുകയാണ്. ഇന്ന് സീസണിലെ ആദ്യ മത്സരത്തിൽ നമ്മുടെ സ്വന്തം ക്ലബായ ഗോകുലം കേരള കിരീട പോരാട്ടത്തിൽ അവർക്ക് ഏറ്റവും വലിയ വെല്ലുവിളി ആകുമെന്ന് കരുതുന്ന മൊഹമ്മദൻസിനെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്. സന്തോഷ് ട്രോഫിയിൽ എന്ന പോലെഐ ലീഗിനും പയ്യനാട് സ്റ്റേഡിയം നിറയും എന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ലോകം.

ഗോകുലത്തിന്റെ സീസണിലെ ആദ്യ ആറ് ഹോം മത്സരങ്ങൾക്ക് ആകും പയ്യനാട് സ്റ്റേഡിയം വേദിയാവുക. അവസാന രണ്ട് സീസണിലും ഐ ലീഗ് കിരീടം നേടിയ ഗോകുലം ഹാട്രിക് കിരീടം ആണ് ലക്ഷ്യമിടുന്നത്‌. ഇത്തവണ ലീഗ് കിരീടം നേടിയാൽ ഗോകുലം കേരളക്ക് പ്രൊമോഷൻ നേടി ഐ എസ് എല്ലിൽ എത്താൻ ആകും എന്ന പ്രത്യൃകതയുണ്ട്.

കാമറൂൺ പരിശീലകനായ റിച്ചാർഡ് ടോവയുടെ കീഴിൽ ആണ് ഗോകുലം ഇറങ്ങുന്നത്. ആറ് വിദേശ താരങ്ങൾ ഉള്ള ഗോകുലം ടീമിൽ നിറയെ മലയാളി താരങ്ങളും ഉണ്ട്. 24 അംഗ സ്ക്വാഡിൽ 12 പേർ മലയാളികൾ ആണ്. അർജുൻ ജയരാജ്, നൗഫൽ, മുഹമ്മദ് ജാസിം, അഖിൽ, താഹിർ സമാൻ, ശ്രീകുട്ടൻ, ഷിജിൻ ടി, സൗരവ്, ഷഹജാസ്, ശിബിൻ രാജ്, രാഹുൽ രാജു, റിഷാദ് എന്നി മലയാളികളാണ് ടീമിൽ ഉള്ളത്.

വൈകിട്ട് 4.30ന് നടക്കുന്ന മത്സരം യൂറോ സ്പോർടിൽ തത്സമയം കാണാം.

Exit mobile version