ഗോകുലത്തിനു വീണ്ടും തോൽവി

- Advertisement -

ഐ ലീഗിലെ തങ്ങളുടെ ആദ്യ വിജയം തേടി ഇറങ്ങിയ ഗോകുലം കേരള എഫ്‌സിക്ക് പരാജയം. ഹോം ഗ്രൗണ്ടിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ നെറോക എഫ്‌സിയാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. ഇ എം എസ് സ്റ്റേഡിയത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് നെറോക വിജയിച്ചത്.

അഞ്ചു മലയാളികളുമായാണ് ഗോകുലം കളിയ്ക്കാൻ ഇറങ്ങിയത്. മത്സരത്തിന്റെ തുടക്കം മുതൽ വ്യക്തമായ ആധിപത്യം പുലർത്തിയ നെറോക ഒരിയ്ക്കൽ പോലും ഗോകുലത്തെ മത്സരത്തിലേക്ക് തിരികെ വരാൻ സമ്മതിച്ചില്ല. രണ്ടാം മിനിറ്റിൽ ഗോകുലത്തിന്റെ ഗോൾ ഓഫ്‌സൈഡ് വിളിച്ചത് മുതൽ തുടങ്ങുകയായിരുന്നു ടീമിന്റെ കഷ്ടകാലം. 24ആം മിനിറ്റിൽ ഗോൾ നേടി ചിഡി നെറോകക്ക് ലീഡ് നേടി കൊടുത്തു. ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് പ്രീതം സിങ് ഗോൾ നേടി നെറോകയുടെ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ ഗോകുലത്തിന്റെ മുന്നേറ്റങ്ങളെ ശക്തമായി പ്രതിരോധിക്കാൻ നെറോകക്കായി, 81ആം മിനിറ്റിൽ ഇർഷാദിന്റെ ഒരു ഷോട്ട് പുറത്തേക്ക് പോയി. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ആണ് നെറോകയുടെ മൂന്നാം ഗോൾ പിറന്നത്. 96ആം മിനിറ്റിൽ റൊണാൾഡ്‌ നെറോകക്ക് വേണ്ടി വല കുലുക്കി ഗോൾ പട്ടിക പൂർത്തിയാക്കി.

ലീഗിൽ ഗോകുലത്തിന്റെ രണ്ടാം പരാജയം ആണിത്. ആദ്യ മത്സരത്തിൽ ഷില്ലോങ് ലജോങ്ങിനോട് പരാജയപ്പെട്ട ഗോകുലം കേരള എഫ്‌സി രണ്ടാം മത്സരത്തിൽ ചെന്നൈ സിറ്റിയോട് സമനില വഴങ്ങിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement