മുംബൈ ആരാധകരെ ചീത്ത വിളിച്ച് മുംബൈ പരിശീലകൻ സന്തോഷ് കശ്യപ്

- Advertisement -

ഐ ലീഗിലെ തന്നെ ഏറ്റവും മികച്ച ഫാൻസുകളിൽ ഒന്നായ മുംബൈ എഫ് സി ഫാൻസിനെതിരെ ആഞ്ഞടിച്ച മുംബൈ മാനേജർ സന്തോഷ് കശ്യപിന്റെ വാക്കുകൾ വിവാദമാകുന്നു. ഡി എസ് കെ ശിവജിയൻസിനോട് 5-0 എന്ന വമ്പൻ പരാജയം ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളെ കാണവേയാണ് കശ്യപ്പ് ആരാധകർക്കെതിരെ മോശം വാക്കുകളുമായി കലിതുള്ളിയത്.

ശിവജിയൻസിനെതിരെയുള്ള മത്സരം കാണാൻ പൂനെ വരെ സഞ്ചരിച്ച ആരാധകരുടെ “സന്തോഷ് ഔട്ട്” ബാന്നറുകളാണ് മാനേജറെ ചൊടിപ്പിച്ചത്. വിദ്യാഭ്യാസം ഉള്ളവരായ ഇവർ അവരുടെ രക്ഷിതാകളുടെ വില കളയുകയാണെന്നും, വളർത്തു ദോഷമാണ് ഇതിനൊക്കെ കാരണം” എന്നുമായിരുന്നു കശ്യപ്പിന്റെ പ്രതികരണം.

അവസാന പന്ത്രണ്ടു മത്സരങ്ങളിലും വിജയമറിയാതെ കിതക്കുന്ന സന്തോഷ് കശ്യപ്പിന്റെ മുംബൈ ഇപ്പോൾ പോയന്റ് പട്ടികയിൽ ഏറ്റവും ഒടുവിലാണ്. ആക്രമണ ഫുട്ബോളുമായി മുന്നേറും എന്നു സീസണിന്റെ തുടക്കത്തിൽ പറഞ്ഞ കശ്യപിന്റെ ടീമാണ് ഐ ലീഗിൽ ഇതുവരെ ഏറ്റവും കുറവ് ഗോൾ നേടിയതും. നേരത്തെ മാനേജറും കളിക്കാരുമായുള്ള പ്രശനത്തെ തുടർന്ന് പ്രതീക് ചൗദരി ഉൾപ്പെടെ മൂന്നു താരങ്ങളെ മുംബൈ റിലീസ് ചെയ്തിരുന്നു. മാനേജറിന്റെ പുതിയ പ്രസ്താവന വിവാദമായതോടെ അടുത്ത മത്സരത്തിൽ ആരാധകർ ശക്തമായ പ്രതിഷേധ തന്നെ സന്തോഷ് കശ്യപ്പിനെതിരെ ഗ്യാലറിയിൽ ഉയർത്തിയേക്കും. ചർച്ചിലുമായാണ് മുംബൈയുടെ അടുത്ത മത്സരം.

Advertisement