മുഹമ്മദ് റാഫി മുംബൈ എഫ് സിയിലേക്ക്

ഒരു ഇടവേളയ്ക്കു ശേഷം ദേശീയ ലീഗിലേക്ക് മുഹമ്മദ് റാഫി വീണ്ടും വരുന്നു. റിലഗേഷൻ യുദ്ധത്തിലേക്കു വീണുകൊണ്ടിരിക്കുന്ന മുംബൈ എഫ് സിയിലേക്കാണ് കേരള ബ്ലാസ്റ്റേഴ്സ് താരമായ റാഫി എത്തുന്നത്.ഐ എസ് എല്ലിൽ കേരളത്തിനു വേണ്ടി ഇറങ്ങിയ ശേഷം ഐ ലീഗിൽ ശിവജിയൻസിനു വേണ്ടി റാഫി ഇറങ്ങും എന്നു കരുതിയിരുന്നു എങ്കിലും റാഫി കേരളത്തിൽ തന്നെ തുടരുകയായിരുന്നു.

സെവൻസ് ഫുട്ബോൾ മൈതാനങ്ങളിൽ സജീവമായിരുന്ന റാഫി പരിക്ക് വില്ലനായതോടെ സെവൻസിലും പിന്നെ ഇറങ്ങിയില്ല. മുഹമ്മദ് റാഫി ഇതിനു മുമ്പും മുംബൈ എഫ് സിക്കു വേണ്ടി ബൂട്ടു കെട്ടിയിരുന്നു. ഈ സീസണിലെ ടീമിന്റെ‌ മോശം പ്രകടങ്ങളാണ് വീണ്ടും റാഫി മുംബൈ എത്താൻ കാരണം. ഐ ലീഗിൽ മികച്ച തുടക്കം കിട്ടിയെങ്കിലും പിന്നീട് സന്തോഷ് കശ്യപ്പിന്റെ ടീം തകരുകയായിരുന്നു. അവസാന എട്ടു ലീഗ് മത്സരങ്ങളും വിജയിക്കാൻ കഴിയാതിരുന്ന  മുംബൈ ഇപ്പോൾ ഐ ലീഗിൽ എട്ടാം സ്ഥാനത്താണ്. പത്തു മത്സരങ്ങളിൽ നിന്നു വെറും എട്ടു പോയന്റ്.

ഐ ലീഗിൽ ഫോം കണ്ടെത്താൻ ഫൈനൽ മത്സരം വരെ കാത്തിരിക്കേണ്ടി വന്ന മുഹമ്മദ് റാഫി മുംബൈ എഫ് സിയിൽ എന്തു മാറ്റമാണുണ്ടാക്കുക എന്നു വിമർശനങ്ങൾ ഉയരുന്നുണ്ട്. പക്ഷെ അവസാന എട്ടു മത്സരങ്ങളിൽ വെറും നാലു ഗോൾ മാത്രം നേടിയ മുംബൈ ആക്രമനിരയിലെ ക്ഷാമം തീർക്കാൻ ഈ കാസർഗോഡ് താരത്തിനാകുമെന്നാണ് കേരളക്കരയും മുംബൈ ആരാധകരും കരുതുന്നത് . മുംബൈ കഴിഞ്ഞ ദിവസം ക്യാപ്റ്റൻ സ്റ്റീഫൻ ഡയസിനെ ഉൾപ്പെടെ മൂന്നു താരങ്ങളെ റിലീസ് ചെയ്തിരുന്നു.