ഐ ലീഗ് വിട്ട് പോകാനൊരുങ്ങി ക്ലബുകൾ, ചാമ്പ്യന്മാർ ഐസോൾ കളിക്കുമെന്ന് വരെ ഉറപ്പില്ല

- Advertisement -

ഐ ലീഗിലെ പ്രതിസന്ധി ഇപ്പോഴൊന്നും തീരുന്ന ലക്ഷണമില്ല. ഐ ലീഗിൽ അടുത്ത സീസണിൽ ആരൊക്കെയുണ്ടാകുമെന്നു പറയാനാകാത്ത അവസ്ഥയിലാണ് ഇന്ത്യൻ ഫുട്ബോൾ ഇപ്പോൾ. കഴിഞ്ഞ സീസണു മുന്നേ ഡെംബോയെ പോലെയുള്ള ഗോവൻ ക്ലബുകൾ പിന്മാറിയതു പോലെ ഈ സീസണ് മുന്നേയും ക്ലബുകൾ ഐ ലീഗ് വേണ്ടെന്ന് തീരുമാനിക്കുകയാണ്.

ഐ എസ് എൽ വിപുലീകരിക്കുന്നതോടെ ഐ ലീഗ് തരംതാഴ്ത്താതെ തന്നെ രണ്ടാം ഡിവിഷനാകുമെന്നതാണ് ടീമുകളുടെ പ്രതിഷേധത്തിനു പിന്നിലുള്ള കാരണം. ഐ എസ് എല്ലിനു വേണ്ടി ഐ ലീഗിനെ ഒതുക്കുന്നു എന്ന ആരോപണമാണ് ഡെമ്പോയെയും ലീഗ്് ബഹിഷ്കരിക്കാൻ പ്രേരിപ്പിച്ചത്. ഇത്തവണ ഐ ലീഗ് കളിക്കാൻ ഡി എസ് കെ ശിവജിയൻസ് ഉണ്ടാവില്ലാ എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ശിവജിയൻസ് അക്കാദമി മാത്രമേ ഇനി ഉണ്ടാകൂ. ഷില്ലോംഗ് ലജോങ്ങും ഐ ലീഗ് വിടാനാണ് ഒരുങ്ങുന്നത്. ചർച്ചിലും ഐ ലീഗിൽ തുടരാൻ താല്പര്യമില്ല എന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം റിലഗേറ്റ് ചെയ്യപ്പെട്ട മുംബൈ എഫ് സിക്ക് അവസരം നൽകാമെന്ന് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പറഞ്ഞു എങ്കിലും മുംബൈയും മടങ്ങി ഐ ലീഗിൽ വന്നേക്കില്ല. ഷില്ലോങ്ങ് ലജോങ്ങിനെ പിന്തുടർന്ന് പുറത്തു പോകാൻ മറ്റൊരു നോർത്ത് ഈസ്റ്റ് ക്ലബും ശ്രമിക്കുന്നുണ്ട് എന്നാണ് വാർത്ത. മറ്റാരുമല്ല ഇന്ത്യയുടെ ലെസ്റ്റർ സിറ്റിയായി മാറിയ ചാമ്പ്യന്മാർ ഐസോൾ എഫ് സി. ഐ എസ് എല്ലിനു വേണ്ടി മാത്രം നിലകൊള്ളുന്ന ഒരു ഫുട്ബോൾ അസോസിയേഷനോടുള്ള പ്രതിഷേധം ഐസോൾ എഫ് സി മാനേജ്മെന്റ്നും ആരാധകർക്കും ഇടയിൽ പുകഴുന്നുണ്ട്.

എന്തായാലും ഐ ലീഗ് വിട്ടവരുടെ നീണ്ട പട്ടികയിലേക്ക് ഇത്തവണയും പേരുകൾ ചേർക്കപ്പെടുമെന്ന് തീർച്ച. പുതിയ ക്ലബുകൾ ഐ ലീഗ് കളിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട് എങ്കിലും പുതുതായി എത്തുന്നവർക്കും ഒന്നോ രണ്ടോ സീസണപ്പുറം സമാനമായ അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement