സൂപ്പർ സോണി, ഖാലിദ് ജമീലിന്റെ ബഗാന് തുടർച്ചയായ രണ്ടാം ജയം

ഖാലിദ് ജമീലിന്റെ കീഴിൽ മോഹൻ ബഗാൻ താളം കണ്ടെത്തുകയാണ്. കഴിഞ്ഞ മത്സരത്തിൽ മിനേർവ പഞ്ചാബിനെ തോൽപ്പിച്ച മോഹൻ ബഗാൻ ഇന്ന് കരുത്തരായ നെരോകയെയും പരാജയപ്പെടുത്തി. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബഗാന്റെ വിജയം. തുല്യ ശക്തികളുടെ പോരാട്ടം കണ്ട മത്സരത്തിൽ സോണി നോർദെ ആണ് വിധി നിർണയിച്ചത്.

കളിയുടെ 78ആം മിനുട്ടിൽ ഒരു സോളോ റണ്ണിന് ശേഷം ബോക്സിന് പുറത്ത് നിന്ന് നോർദെ പ്ലേസ് ചെയ്ത ഷോട്ട് തൊടാൻ പോലും നെരോകയുടെ ഗോൾകീപ്പർക്ക് ആയില്ല. നോർദെയുടെ ലീഗിലെ മൂന്നാം ഗോളായിരുന്നു ഇത്. ഈ സീസണിൽ സോണി നോർദെ സ്കോർ ചെയ്ത കളികളിൽ ആദ്യമായി ഇന്നാണ് ബഗാൻ വിജയിക്കുന്നത്‌. ഈ ജയം ബഗാനെ 13 മത്സരങ്ങളിൽ നിന്ന് 21 പോയന്റിൽ എത്തിച്ചു. അഞ്ചാം സ്ഥാനത്തേക്ക് ബഗാൻ എത്തി.

21 പോയന്റ് തന്നെയുള്ള നെരോക നാലാം സ്ഥാനത്താണ്. അടുത്ത മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ആണ് മോഹൻ ബഗാൻ നേരിടേണ്ടത്.