കൊൽക്കത്ത ഡെർബിയിൽ മോഹൻ ബഗാൻ

- Advertisement -

ഇന്ത്യൻ ഫുട്ബോളിലെ മഹാ ഡെർബിയായ കൊൽക്കത്ത ഡെർബിയിൽ മോഹൻ ബഗാന് ഉജ്വല വിജയം. സീസണിലെ രണ്ടാമത്തെ ഡെർബിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബദ്ധവൈരികളായ ഈസ്റ്റ് ബംഗാളിനെ മോഹൻ ബഗാൻ തറപറ്റിച്ചത്, ഐ ലീഗിൽ മുൻപ് നടന്ന ഡെർബി സമനിലയിൽ കലാശിക്കുകയായിരുന്നു. 743 ദിവസങ്ങൾക്ക് ശേഷം ആണ് മോഹൻ ബഗാൻ കൊൽക്കത്ത ഡെർബിയിൽ വിജയം കാണുന്നത്.

മത്സരം തുടങ്ങി 35ആം മിനിറ്റിൽ ആണ് ആദ്യത്തെ ഗോൾ പിറന്നത്, സോണിയുടെ മികച്ച ഒരു ഷോട്ട് ഈസ്റ്റ് ബംഗാളിന്റെ മലയാളി ഗോൾ കീപ്പർ രഹനേഷിനെ മറികടന്ന് വലയിൽ തൊട്ടു. ആദ്യ ഗോൾ വഴങ്ങിയതിന്റെ അഗാതത്തിൽ നിന്നും മുക്തരാവുന്നതിന്റെ മുൻപ് തന്നെ രണ്ടാം ഗോളും ഈസ്റ്റ് ബംഗാളിന്റെ വലയിൽ എത്തി. 43ആം മിനിറ്റിൽ ആശൃതിന് മല്ലിക് ആണ് ഗോൾ നേടിയത്.

രണ്ടാം പകുതിയിലും മോഹൻ ബഗാന്റെ ആധിപത്യം ആയിരുന്നു മൈതാനത്ത് കണ്ടത്. മത്സരത്തിന്റെ അവസാന മിനിറ്റിൽ ആണ് ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോൾ പിറന്നത്, റൗളിൻ ബോർജസ് ആയിരുന്നു സ്‌കോറർ. വിജയത്തോടെ മോഹൻ ബഗാൻ ലീഗ് ടേബിളിൽ ഐസ്വാൾ എഫ്‌സിക്ക് തൊട്ടു പുറകിൽ എത്തി. 15 മത്സരങ്ങളിൽ നിന്നും ഐസ്വാളിനു 30 പോയിന്റും ഒരു മത്സരം കുറച്ചു കളിച്ച മോഹൻ ബഗാന് 29 പോയിന്റും ആണുള്ളത്. 27 പോയിന്റുമായി ഈസ്റ്റ് ബംഗാൾ മൂന്നാമതാണ്.

 

ഇന്നത്തെ മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സി എതിരില്ലാത്ത ഒരു ഗോളിന് ലീഗ് ടോപ്പേഴ്‌സ് ആയ ഐസ്വാൾ എഫ്‌സിയെ മറികടന്നു. ഗോൾ രഹിത സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തിൽ 90ആം മിനിറ്റിൽ  ജുഗോവിക് നേടിയ ഗോളിനാണ് ബെംഗളൂരു വിജയം കണ്ടത്. മത്സരം പരാജയപ്പെട്ടെങ്കിലും ഐസ്വാൾ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബെംഗളൂരു എഫ്‌സി 15 മത്സരങ്ങളിൽ നിന്നായി 21 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

Advertisement