മൊഹമ്മദ‌ൻസിന് വിജയം, കിരീടത്തിനായി ഗോകുലം കേരള കുറച്ച് നേരം കൂടെ കാത്തിരിക്കണം

ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനെ മൊഹമ്മദൻസ് പരാജയപ്പെടുത്തി. ഇതോടെ ഗോകുലം കേരളയുടെ കിരീടത്തിനായുള്ള കാത്തിരിപ്പ് കുറച്ച് കൂടെ നീണ്ടുപോകും. ഇന്ന് രാജസ്ഥാൻ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മൊഹമ്മദൻസ് പരാജയപ്പെടുത്തിയത്. ബ്രണ്ടൺ ആണ് ഇന്ന് മൊഹമ്മദൻസിനായി ഇരട്ട ഗോളുകൾ നേടിയത്.

രണ്ടാം മിനുട്ടിൽ ഷഹീനിന്റെ പാസിൽ നിന്നായിരുന്നു ബ്രാണ്ടന്റെ ആദ്യ ഗോൾ. രണ്ടാം പകുതിയിൽ 56ആം മിനുട്ടിൽ അസറുദ്ദീൻ മാലികിന്റെ പാസിൽ നിന്ന് ബ്രാണ്ടൻ തന്റെ രണ്ടാം ഗോളും നേടി.

ഈ വിജയത്തോടെ മൊഹമ്മദൻസിന് 17 മത്സരങ്ങളിൽ നിന്ന് 37 പോയിന്റായി. ഇന്ന് മൊഹമ്മദൻസ് വിജയിച്ചില്ലായിരുന്നു എങ്കിൽ ഗോകുലം കേരള കിരീടം നേടുമായിരുന്നു. ഇനി ഇന്ന് ശ്രീനിധിക്ക് എതിരെ ഒരു സമനില എങ്കിലും നേടിയാൽ ഗോകുലത്തിന് കിരീടം ഉറപ്പിക്കാം.