മലയാളി ഗോൾകീപ്പർ ഷിബിൻ രാജിനെ മോഹൻ ബഗാൻ നിലനിർത്തി.

- Advertisement -

കഴിഞ്ഞ സീസണിൽ ബഗാന്‌ വേണ്ടി AFC കപ്പിലും, ഐ-ലീഗിലും അരങ്ങേറ്റം കുറിച്ച ഷിബിൻ രാജ്‌ ഇത്തവണ ഐ.എസ്‌.എൽ ഡ്രാഫ്റ്റിൽ ഇടം പിടിക്കാൻ സാധ്യത ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം മോഹൻ ബഗാൻ താരത്തെ സ്വന്തം തട്ടകത്തിൽ തന്നെ എത്തിക്കുകയായിരുന്നു. ടീമിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പറായിരുന്ന ദേബ്‌ജിത്ത്‌ മജുംദാറിനെ നിലനിർത്താനുള്ള ശ്രമങ്ങൾ ഇത്‌ വരെ ഫലം കാണാത്തതിനാൽ മികച്ച ഓഫർ നൽകിയാണ്‌ കൊൽകത്ത വമ്പന്മാർ മലയാളി കീപ്പറെ ടീമിൽ നിലനിർത്തിയത്‌.

ഇന്ത്യൻ എയർഫോഴ്‌സ്‌ താരമായ ഷിബിൻ രണ്ട്‌ തവണ സർവീസസിനോടൊപ്പം സന്തോഷ്‌ ട്രോഫി നേടിയിട്ടുണ്ട്‌. എയർ ഫോഴ്‌സ്‌ ടീമിനും, സർവീസസിനും വേണ്ടി ഷിബിൻ നടത്തിയ പ്രകടനത്തിൽ ആകൃഷ്ടരായ ബഗാൻ 2016-ഇൽ താരത്തിന്‌ കരിയറിലെ ആദ്യ പ്രൊഫഷണൽ കോണ്ട്രാക്റ്റ്‌ നൽകുകയായിരുന്നു.
കഴിഞ്ഞ വർഷം ദേബ്‌ജിത്തിന്‌ പിന്നിൽ രണ്ടാമനായി മാറേണ്ടി വന്ന 24-കാരന് ഇത്തവണ ടീമിന്റെ പ്രധാന ഗോൾ കീപ്പർ പട്ടം ലഭിച്ചേക്കും.

രാജ്യത്തെ മികച്ച ക്ലബിൽ തുടർച്ചയായ രണ്ടാം സീസണിലും കളിക്കാനാകുന്നതിലെ സന്തോഷം പങ്കുവെച്ച ഷിബിൻ ബാറിന്‌ കീഴിൽ മികച്ച പ്രകടനമാണ്‌ ഉറപ്പ്‌ തരുന്നത്‌.
2010-11 കാലയളവിൽ പ്രിതം കോട്ടൽ, പ്രബീർ ദാസ്‌, സുമിത്‌ പാസി, ആൽബിനോ ഗോമസ്‌ തുടങ്ങിയവർ അണിനിരന്ന ഇന്ത്യൻ ജൂനിയർ ടീമിൽ അംഗമായിരുന്ന ഈ കോഴിക്കോട്‌ കുണ്ടുപറമ്പ്‌ സ്വദേശി നാഷണൽ സീനിയർ ടീമിന്‌ വേണ്ടി ഗ്ലൗ അണിയുക എന്ന തന്റെ സ്വപ്നം മോഹൻ ബഗാനിലൂടെ പൂവണിയിക്കാകുമെന്ന പ്രതീക്ഷയിലാണ്‌!

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement