ജീവന് ഉറപ്പില്ലാതെ കാശ്മീരിലേക്കില്ല, 3 പോയന്റ് കാശ്മീരിന് കൊടുത്താൽ കോടതിയിലേക്ക്

നാളെ നടക്കേണ്ട റിയൽ കാശ്മീരി മിനേർവ പഞ്ചാബ് മത്സരം നടക്കില്ല എന്ന് ഏതാണ്ട് ഉറപ്പായി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാശ്മീരിൽ കളിക്കില്ല എന്ന് നേരത്തെ തന്നെ മിനേർവ അറിയിച്ചിരുന്നു. ഇന്ന് കാശ്മീരിൽ എത്തേണ്ട മിനേർവ തങ്ങൾ കാശ്മീരിലേക്ക് യാത്ര ചെയ്യില്ല എന്ന് ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു.

കളി മാറ്റി വെക്കണമെന്നാണ് തങ്ങളുടെ അഭിപ്രായം. കാശ്മീരിലേക്ക് പോകണമെങ്കിൽ പട്ടാളമോ കാശ്മീർ പോലീസോ തങ്ങൾ സുരക്ഷിതരാണെന്ന് എഴുതി ഉറപ്പ് തരണമെന്നും മിനേർവ പറഞ്ഞു. തങ്ങളുടെ ടീമിലെ വിദേശ താരങ്ങളോട് അവരുടെ രാജ്യങ്ങൾ കാശ്മീരിലേക്ക് പോകണ്ട എന്ന് നിർദേശം നൽകിയിട്ടുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ എങ്ങനെ അവരെ കാശ്മീരിൽ പോകാൻ നിർബന്ധിക്കും എന്നും മിനേർവ ഔദ്യോഗിക കുറിപ്പിൽ പറയുന്നു.

തങ്ങൾ കളിക്കാത്തതിനാൽ 3 പോയന്റ് കാശ്മീരിന് നൽകുക ആണെങ്കിൽ കോടതിയിലേക്ക് പോകുമെന്നും മിനേർവ പഞ്ചാബ് പറഞ്ഞു. ഈസ്റ്റ് ബംഗാളും കാശ്മീരിൽ കളിക്കില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു.