മിനേർവ പഞ്ചാബ്, ഇനി ഇന്ത്യൻ ഫുട്ബോളിലെ രാജാക്കന്മാർ!!

- Advertisement -

ഐ ലീഗ് കിരീടം മിനേർവ പഞ്ചാബ് ഉയർത്തി. അവസാന ദിവസത്തെ ജീവൻ മരണ പോരാട്ടത്തിന്റെ സമ്മർദ്ദങ്ങൾ മറികടന്നാണ് തങ്ങളുടെ ആദ്യ ഐ ലീഗ് കിരീടം മിനേർവ പഞ്ചാബ് സ്വന്തമാക്കിയത്. ഇന്ന് നടന്ന മൂന്ന് ഐ ലീഗ് പോരാട്ടങ്ങളിൽ കളിച്ച നാലു ടീമുകളിൽ ആർക്കും ഇന്ന് കിരീടം ഉയർത്താം എന്ന അവസ്ഥ ആയിരുന്നു.

നെറോകയും ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും കിരീടം തൊടണമെങ്കിൽ മിനേർവ പഞ്ചാബ് സ്വന്തം തട്ടകത്തിൽ ചർച്ചിലിനെതിരെ ജയിക്കാതിരിക്കണമായിരുന്നു. എന്നാൽ മിനേർവ പഞ്ചാബിന് അവസാന ഘട്ടത്തിൽ കിരീടം കൈവിടാൻ താല്പര്യം ഉണ്ടായിരുന്നില്ല. കളി തുടങ്ങി 16ആം മിനുട്ടിൽ തന്നെ മിനേർവ പഞ്ചാബ് ലീഡെടുത്തു. ഒപൊകു ആണ് മിനേർവയുടെ ഗോൾ നേടിയത്.ആ ഒരൊറ്റ ഗോളിന്റെ മികവിൽ തന്നെ മിനേർവ കിരീടം ഉറപ്പിച്ചു

കളി വിജയിച്ചില്ല എങ്കിൽ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെടുമെന്ന് ഉറപ്പായിരുന്ന് ചർച്ചിൽ കളിയിലേക്ക് തിരിച്ചുവരാൻ ശ്രമച്ചു എങ്കിലും നിരാശ മാത്രമായിരുന്നു ഫലം.

ഇന്നത്തെ ജയത്തോടെ 18 മത്സരങ്ങളിൽ നിന്ന് 35 പോയന്റുമായാണ് മിനേർവ കിരീടം ഉയർത്തുന്നത്. കിരീട പ്രതീക്ഷ ഉണ്ടായിരുന്ന നെറോക എഫ് സി ഈസ്റ്റ് ബംഗാളിനെതിരെ സമനില നേടി 32 പോയന്റോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഗോകുലത്തിനെ സമനിലയിൽ പിടിച്ച മോഹൻ ബഗാൻ ലീഗിൽ മൂന്നാമതായും ഫിനിഷ് ചെയ്തു.

കഴിഞ്ഞ സീസൺ ഐലീഗിൽ ഒമ്പതാം സ്ഥാനത്തായി ഫിനിഷ് ചെയ്ത ടീമാണ് മിനേർവ പഞ്ചാബ്. ഐസോൾ എഫ് സിയുടെ കഴിഞ്ഞ സീസണിലെ കുതിപ്പ് പോലെ മറ്റൊരു സുന്ദര അധ്യായം ഇന്ത്യൻ ഫുട്ബോളിൽ മിനേർവ പഞ്ചാബ് ഈ കിരീട നേട്ടത്തോടെ എഴുതി ചേർക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement