പടിക്കൽ കലമുടച്ച് മിനേർവ പഞ്ചാബ്, ഐ ലീഗ് കിരീട സാധ്യത ഇനി ഈസ്റ്റ് ബംഗാളിന്

- Advertisement -

സീസൺ തുടക്കം മുതൽ ഐ ലീഗിൽ ഒന്നാം സ്ഥാനത്ത് നിന്ന മിനേർവ കന്നി കിരീട മോഹം പടിക്കൽ കൊണ്ടു കളഞ്ഞിരിക്കുകയാണ്‌. ഈസ്റ്റ് ബംഗാൾ ഗോകുലത്തിനോട് രണ്ടാഴ്ച മുന്നേ പരാജയപ്പെട്ടതോടെ മിനേർവയുടെ കിരീടത്തിലേക്കുള്ള ദൂരം കുറഞ്ഞതായിരുന്നു. എന്നാൽ എല്ലാം മാറി മറഞ്ഞിരിക്കുന്നു.

അവസാന മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണം പരാജയപ്പെട്ട മിനേർവ കിരീടം ഈസ്റ്റ് ബംഗാളിന്റെ കയ്യിൽ വെച്ചു കൊടുത്തിരിക്കുകയാണ് ഇപ്പോൾ. ഇന്ന് ചെന്നൈ സിറ്റിയോട് പരാജയപ്പെട്ടതോടെ മിനേർവയ്ക്ക് 17 മത്സരങ്ങളിൽ 32 പോയന്റാണുള്ളത്. ഒരു മത്സരം കുറവ് കളിച്ച ഈസ്റ്റ് ബംഗാളിന് 16 മത്സരങ്ങൾ 29 പോയന്റാണുള്ളത്. ഈസ്റ്റ് ബംഗാൾ അടുത്ത രണ്ട് മത്സരങ്ങളും വിജയിച്ചാൽ 35 പോയന്റിൽ എത്തും‌. മിനേർവയും ശേഷിക്കുന്ന മത്സരത്തിൽ ജയിച്ചാൽ 35 പോയന്റിൽ എത്തും.

ഇരു ടീമുകളും ഒരേ പോയന്റിൽ എത്തിയിൽ ഈസ്റ്റ് ബംഗാളിനാകും കിരീടം. ഐ ലീഗിൽ ഹെഡ് ടു ഹെഡാണ് പോയന്റുകൾ തുല്യമായാൽ നോക്കുക. മിനേർവയ്ക്കെതിരെ ഈസ്റ്റ് ബംഗാൾ സീസണിൽ രണ്ട് തവണ കളിച്ചപ്പോൾ ഒരു സമനിലയും ഒരു ഈസ്റ്റ് ബംഗാൾ ജയവുമായിരുന്നു. അതുകൊണ്ട് തന്നെ പോയന്റ് തുല്യമായാൽ ഈസ്റ്റ് ബംഗാൾ ചാമ്പ്യൻപട്ടം അണിയും.

ഇനി മിനേർവയുടെ ഒരേയൊരു പ്രതീക്ഷ ഈസ്റ്റ് ബംഗാളിന്റെ അവസാന രണ്ടു മത്സരങ്ങളും മികച്ച ടീമുകൾക്കെതിരെയാണ് എന്നുള്ളതാണ്. ഷില്ലോങ് ലജോങും ഇപ്പോഴും കിരീട സാധ്യത ബാക്കിയുള്ള നെറോകയുമാണ് ഈസ്റ്റ് ബംഗാളിന്റെ അടുത്ത എതിരാളികൾ. മിനേർവയ്ക്ക് ഇനി ചർച്ചിൽ ബ്രദേഴ്സുമായാണ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement