മിനർവക്ക് ആദ്യ തോൽവി സമ്മാനിച്ച് ഐസ്വാൾ

പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന മിനർവയെ 2 – 1 ന് തോൽപ്പിച്ച് കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഐസ്വാൾ എഫ്.സിക്ക് ഉജ്ജ്വല ജയം. ഐസ്വാളിന് വേണ്ടി കരീം നുറൈനും ആന്ദ്രേ ലോൺഎസ്ക്യൂവും ഗോൾ നേടിയപ്പോൾ മിനർവയുടെ ഗോൾ ഗിരിക് ഖോസ്ലായുടെ വകയായിരുന്നു.

മത്സരത്തിന്റെ തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവെച്ച ഐസ്വാൾ 20ആം മിനുട്ടിൽ മിനർവ ഗോൾ വല കുലുക്കിയെങ്കിലും റഫറി ഫൗൾ വിളിച്ചതിനെ തുടർന്ന് ഗോൾ നിഷേധിക്കപെടുകയായിരുന്നു. തുടർന്ന് ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്.

മത്സരം ഒരു മണിക്കൂറും കഴിഞ്ഞതിനു ശേഷമാണു മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. കരീം നുറൈൻ ആണ് ഐസ്വാളിന്റെ ആദ്യ ഗോൾ നേടിയത്. തുടർന്ന് മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ ഡോഡോസിന്റെ തളികയിലെന്നവണ്ണം കൊടുത്ത പാസിൽ നിന്ന് ആന്ദ്രേ ലോൺഎസ്ക്യൂ ഐസ്വാളിന്റെ രണ്ടാമത്തെ ഗോൾ നേടി.

ഇഞ്ചുറി ടൈമിൽ ഗിരിക് ഖോസ്ലായിലൂടെ മിനർവ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും മത്സരത്തിൽ തിരിച്ചുവരാനുള്ള സമയമുണ്ടായിരുന്നില്ല. സീസണിൽ മിനർവയുടെ ആദ്യ പരാജയമായിരുന്നു ഇത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Comments are closed, but trackbacks and pingbacks are open.