അവസാന നിമിഷ ഗോളിൽ മിനേർവ ബഗാനെ തളച്ചു

- Advertisement -

ഐ ലീഗ് പുതിയ സീസണ് ആവേശ തുടക്കം. കിരീട പ്രതീക്ഷകളുമായ സീസണ് ഒരുങ്ങിയ മോഹൻ ബഗാനെ മിനേർവ പഞ്ചാബ് സമനിലയിൽ തളച്ചു. മിനേർവയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അവസാന നിമിഷ ഗോളാണ് മിനേർവയ്ക്ക് സമനില നേടികൊടുത്തത്.

മിനേർവയുടെ ഹോം ഗ്രൗണ്ടായിരുന്നു എങ്കിലും ആദ്യ പകുതിയിൽ ബഗാന്റെ ആധിപത്യമാണ് കണ്ടത്. നോർദെയും ഡികയിം ക്രോമയും ഇറങ്ങിയ ബഗാന്റെ മുന്നേറ്റ നിര പലപ്പോഴും മിനേർവ ഡിഫൻസിന് വെല്ലുവിളി ആയി. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് സോണി നോർദെയുടെ ഗോളിലൂടെ ബഗാൻ അർഹിച്ച ലീഡും എടുത്തു. വലതു വിങ്ങിൽ നിന്ന് ബോക്സിലേക്ക് കുതിച്ച് ഒരു സോളോ റണിലൂടെയാണ് നോർദെ ഐ ലീഗിലെ ആദ്യ ഗോൾ നേടിയത്.

എന്നാൽ രണ്ടാം പകുതിയിൽ തികച്ചു വ്യത്യസ്തമായ മിനേർവയെ ആണ് കണ്ടത്. ഹോം ടീമിനെ പോലെ തന്നെ രണ്ടാം പകുതിയിൽ കളിച്ച മിനേർവ നിരവധി തവണ ഗോളിനടുത്ത് എത്തുകയും ചെയ്തു. 89ആം മിനുട്ടിൽ എടുത്ത ഒരു ലോംഗ് ത്രോ ഗോൾ വലയിലേക്ക് ഫിനിഷ് ചെയ്ത് മൊയിനുദ്ദീൻ മിനേർവയ്ക്ക് അർഹിച്ച സമനില നൽകി.

27ന് ലജോംഗും കേരളത്തിന്റെ സ്വന്തം ഗോകുലം എഫ് സിയും തമ്മിലാണ് ലീഗിലെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement