ഗോകുലത്തെയും ഫുട്ബോളിനെയും വരവേറ്റ് കോഴിക്കോട്

- Advertisement -

ഐ ലീഗിന്റെ കേരളത്തിലേക്കുള്ള തിരിച്ച് വരവ് ആഘോഷമാക്കിയാണ് കോഴിക്കോട്ടുകാർ ഗോകുലത്തിന്റെ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെ ആദ്യ മത്സരം ആഘോഷിച്ചത്. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും ഗോകുലം സമനില വഴങ്ങിയത് കാണികളെ നിരാശരാക്കിയെങ്കിലും വർഷങ്ങൾക്ക് ശേഷം കേരളത്തിന്റെ ഐ ലീഗിലേക്കുള്ള തിരിച്ച് വരവ് ആഘോഷമാക്കിയാണ് അവർ സ്റ്റേഡിയം വിട്ടത്.

ഐ.എസ്.എല്ലിന്റെ താരപ്പകിട്ടോ പരസ്യങ്ങളോ ഇല്ലാതിരുന്നിട്ടും ഗോകുലത്തിന്റെ കളി കാണാനെത്തിയ 25000 കാണികൾ മലബാറിലെ ജനങ്ങൾ ഫുട്ബോളിനെ ഇപ്പോഴും നെഞ്ചിലേറ്റുന്നു എന്നതിന്റെ തെളിവായിരുന്നു. ഐ.എസ്.എൽ ഫുട്ബോളിനെ വളർത്താൻ വേണ്ടി ഐ ലീഗ് മത്സരങ്ങൾ നട്ടുച്ചക്ക് നടത്തുന്ന അധികാരികൾ അവധി ദിവസം അല്ലാതിരുന്നിട്ടും കൂടി കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ഫുട്ബോൾ ആരാധകരെ എത്ര നാൾ കണ്ടില്ലെന്ന് നടിക്കും ?

ഐ.എസ്.എല്ലിനൊപ്പം ഐ ലീഗും വളരണമെന്നത് മലബാറിലെ ഓരോ ഫുട്ബോൾ പ്രേമിയും ആഗ്രഹിക്കുന്നതാണ്. കാരണം അവരുടെ വികാരം ഐ.എസ്.എൽ മാത്രം അല്ല ഫുട്ബോളും കൂടിയാണ് എന്നതാണ്. പക്ഷെ ഗോകുലത്തിന്റെ വരാനിരിക്കുന്ന 2 കളികളും ഉച്ചക്ക് 2 മണിയാണെന്നത് ആരാധകരെ നിരാശരാക്കും. അതെ സമയം ഡിസംബർ 9ന് നടക്കുന്ന ഗോകുലം നെറോക എഫ്.സി മത്സരത്തിന് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം എല്ലാവർക്കും സൗജന്യമായിരിക്കും എന്ന് സംഘടകർ അറിയിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement