ത്രില്ലർ പോരാട്ടത്തിൽ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ തളച്ച് കെങ്ക്രെ എഫ്സി; ഗോകുലത്തിന് വൻ നേട്ടം

Nihal Basheer

20230201 212937

ഐ ലീഗിൽ ഇന്ന് നടന്ന ആവേശപോരാട്ടത്തിൽ ഒന്നാം സ്ഥാനക്കാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ സമനിലയിൽ തളച്ച് കെങ്ക്രെ എഫ്സി. മുംബൈയിൽ നടന്ന മത്സരത്തിൽ മൂന്ന് വീതം ഗോളുകൾ അടിച്ചു ഇരു ടീമുകളും പിരിയുകയായിരുന്നു. ആദ്യ പകുതിയിലാണ് എല്ലാ ഗോളുകളും പിറന്നത്. ഇതോടെ ഗോകുലം കേരളക്ക് പോയിന്റ് പട്ടികയിൽ നേട്ടമുണ്ടാക്കാനാകും. ഒരു മത്സരം കുറച്ചു കളിച്ച ഗോകുലത്തിന് അടുത്ത മത്സരത്തിൽ വിജയം കണ്ടാൽ ഒന്നാം സ്ഥാനക്കാരുമായുള്ള അകലം വെറും മൂന്ന് പോയിന്റ് മാത്രമായി കുറക്കാൻ ആവും. നെറോക്കകെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. കെങ്ക്രെ പതിനൊന്നാം സ്ഥാനത്ത് തുടരുകയാണ്. ഒരിടക്ക് കിരീടപോരാട്ടത്തിൽ നിന്നും അകന്നു എന്ന് തോന്നിച്ച ഗോകുലത്തിന് വീണ്ടും പോയിന്റ് തലപ്പത്തേക്ക് തിരിച്ചെത്താൻ തുടർന്നുള്ള മത്സരങ്ങളിലെ മികച്ച പ്രകടനത്തോടെ സാധ്യമാകും.

Screenshot 20230201 211114 Twitter

കൂപ്പറേജ് ഗ്രൗണ്ടിൽ ലീഗിലെ ഒന്നാം സ്ഥാനക്കാരെ ഞെട്ടിക്കുന്ന തുടക്കമാണ് കെങ്ക്രെ എഫ്സി കുറിച്ചത്. വെറും മൂന്നാം മിനിറ്റിൽ തന്നെ മുംബൈ ടീം ലീഡ് എടുത്തു. അഞ്ജൻ ബിസ്തയുടെ പാസിൽ നിന്നും രഞ്ജീത് പാന്ദ്രേയാണ് ആദ്യ ഗോൾ നേടിയത്. ഗോൾ വഴങ്ങിയ ഞെട്ടലിൽ നിന്നും പഞ്ചാബ് ഉണരുന്നതിന് മുൻപ് അമൻ ഗെയ്ക്വാദിലൂടെ കെങ്ക്രെ അടുത്ത വെടി പൊട്ടിച്ചു. അഞ്ചാം മിനിറ്റിൽ രണ്ടാം ഗോൾ എത്തിയത്. പിന്നീട് ഏതു വിധേയനയും മത്സരത്തിൽ തിരിച്ചു വരാൻ ആയി റൗണ്ട് ഗ്ലാസ് പഞ്ചാബിന്റെ ശ്രമം. ഇരുപതിയാറാം മിനിറ്റിൽ ചെഞ്ചോയുടെ മികവിൽ പഞ്ചാബ് ഗോൾ മടക്കി. ശേഷം മത്സരം മാറി മറിയുന്നതാണ് കണ്ടത്. വെറും ഒരു മിനിറ്റിനു ശേഷം ചെഞ്ചോയുടെ മറ്റൊരു ഷോട്ട് റീബൗണ്ട് ആയി വന്നത് വലയിലേക്ക് എത്തിച്ച് നോച്ച സിങ് സമനില ഗോൾ കണ്ടെത്തി. എന്നാൽ അവിടം കൊണ്ടു നിർത്താൻ പഞ്ചാബ് ഒരുക്കമായിരുന്നില്ല. മുപ്പത്തിയൊൻപതാം മിനിറ്റിൽ കെങ്ക്രെ ഡിഫെൻസിന്റെ ആശയക്കുഴപ്പത്തിൽ മെയ്കൻ ഗോൾ നേടിയതോടെ മത്സരത്തിൽ ആദ്യമായി റൗണ്ട്ഗ്ലാസ് ലീഡ് എടുത്തു. എന്നാൽ ആഹ്ലാദത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. അടിക്ക് തിരിച്ചടിയായി നാൽപതാം മിനിറ്റിൽ തന്നെ സൂരജ് നേഗിയുടെ പാസിൽ തന്റെ രണ്ടാം ഗോൾ കണ്ടെത്തി രഞ്ജീത് പാന്ദ്രേ സ്‌കോർ വീണ്ടും തുല്യനിലയിൽ ആക്കി.

ത്രില്ലർ ആയി പരിണമിച്ച ആദ്യ പകുതിയുടെ സ്കോറിങ് ആവേശം പക്ഷെ രണ്ടാം പകുതിയിൽ കണ്ടില്ല. അൻപതിരണ്ടാം മിനിറ്റിൽ തന്നെ സൂരജ് നേഗി രണ്ടാം മഞ്ഞക്കാർഡ് കണ്ടു പുറത്തു പോയത് കെങ്ക്രെക്ക് വലിയ തിരിച്ചടി ആയി. എങ്കിലും രണ്ടാം പകുതിയുടെ ഭൂരിഭാഗവും പത്ത് പേരുമായി കളിച്ചിട്ടും മത്സരം ആവേശ സമനിലയിൽ അവസാനിപ്പിക്കാൻ കഴിഞ്ഞത് മുംബൈ ടീമിന് നേട്ടമാണ്.