ജോബി ജസ്റ്റിൻ എന്നാൽ ഗോൾ തന്നെ!! പത്തു പേരുമായി കളിച്ചിട്ടും ഈസ്റ്റ് ബംഗാളിന് ജയം

ജോബി ജസ്റ്റിൻ തന്റെ സീസണിലെ ഉഗ്രൻ ഫോം തുടർന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് വിജയം. ഇന്ന് ഇന്ത്യ ആരോസിനെ നേരിട്ട ഈസ്റ്റ് ബംഗാൾ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. കളിയിൽ അവസാന നാല്പ്പതു മിനുട്ടുകളോളം പത്തു പേരുമായാണ് ഈസ്റ്റ് ബംഗാൾ കളിച്ചത്. എന്നിട്ടും ആരോസിന് ഈസ്റ്റ് ബംഗാളിനെ പിടിച്ചു കെട്ടാൻ ആയില്ല.

കളി മികച്ച രീതിയിലാണ് ഈസ്റ്റ് ബംഗാൾ ആരംഭിച്ചത്. ആദ്യ പകുതിയിൽ 26ആം മിനുട്ടിൽ ലാന്ദന്മാവിയ റാൾട്ടെയിലൂടെ ഈസ്റ്റ് ബംഗാൾ മുന്നിൽ എത്തി. ആദ്യ പകുതിയിൽ തന്നെ ലീഡ് ഇരട്ടിയാക്കാൻ ഈസ്റ്റ് ബംഗാളിന് അവസരം ഉണ്ടായിരുന്നു. എന്നാൽ പെനാൾട്ടിയിലൂടെ കിട്ടിയ അവസരം ഈസ്റ്റ് ബംഗാൾ മുതലാക്കിയില്ല. പെനാൾട്ടി കിക്ക് എടുത്ത ലാൽരൻഡിക റാൾട്ടെയ്ക്ക് കിക്ക് പിഴച്ചു.

കളിയുടെ 56ആം മിനുട്ടിൽ ആണ് ചുവപ്പ് കാർഡ് പിറന്നത്. ഈസ്റ്റ് ബംഗാളിന്റെ ചുല്ലോവ ആണ് ചുവപ്പ് കണ്ടത്. പക്ഷെ അതിൽ പതറാതെ ഈസ്റ്റ് ബംഗാൾ കളിച്ചു. കളിയുടെ 64ആം മിനുട്ടിൽ ജോബി ജസ്റ്റിൻ ഈസ്റ്റ് ബംഗാളിനെ രണ്ട് ഗോളിന് മുന്നിൽ എത്തിച്ചു. മാലിക്കിന്റെ ഒരു ഷോട്ട് ഗോൾകീപ്പർ തട്ടി അകറ്റിയപ്പോൾ ടാപിൻ ചെയ്യേണ്ട പണിയെ ജോബിക്ക് ഉണ്ടായിരുന്നുള്ളൂ. മലയാളിയായ ജോബിന്റെ ലീഗിലെ ഏഴാമത്തെ ഗോളായിരുന്നു ഇത്.

കളിയുടെ‌ 84ആം മിനുട്ടിൽ ഇന്ത്യ ആരോസും ചുവപ്പ് കണ്ടു. ആരോസ് താരം ജാദവ് ആണ് രണ്ടാം മഞ്ഞ കണ്ട് പുറത്ത് പോയത്. കളിയുടെ ഇഞ്ച്വറി ടൈമിൽ മീതെയിലൂടെ ഒരു ഗോൾ ആരോസ് മടക്കി എങ്കിലും ഈസ്റ്റ് ബംഗാൾ തന്നെ ജയം സ്വന്തമാക്കി. 19 പോയന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ ഈസ്റ്റ് ബംഗാൾ.

Previous articleതോൽവിക്ക് കാറ്റിനെ പഴിച്ച് ക്ളോപ്പ്, പുതിയ മൗറീഞ്ഞോ എന്ന് ആരാധകർ
Next articleബലോട്ടെലിക്ക് ഇറ്റലിയിലേക്കൊരു തിരിച്ചു വരവോ ?