കൊൽക്കത്ത ഡർബിയിൽ താണ്ഡവമാടി മലയാളികളുടെ അഭിമാനം ജോബി ജസ്റ്റിൻ!!

ഇന്നത്തെ കൊൽക്കത്ത ഡെർബിയിൽ ഇരട്ട ഗോളുമായി മാൻ ഓഫ് ദി മാച്ച് വാങ്ങിയത് ഈസ്റ്റ് ബംഗാളിന്റെ റാൾട്ടെ ആണ്. പക്ഷെ ഇന്നത്തെ കളിയിലെ ജോബിയുടെ പ്രകടനം ഒരു ഈസ്റ്റ് ബംഗാൾ ഫാനും മറക്കില്ല. തുടക്കത്തിൽ തന്നെ ഒരു ഗോളിന് പിറകിലായ ഈസ്റ്റ് ബംഗാളിനെ വിജയിപ്പിച്ചതിൽ ജോബിക്ക് അത്ര വലിയ പങ്കുണ്ട്. ഒരു ഗംഭീരം എന്ന് പറയേണ്ട ഗോളും ഒരു അസിസ്റ്റും ഒപ്പം മോഹൻ ബഗാൻ ക്യാപ്റ്റന് ചുവപ്പ് കാർഡും വാങ്ങിച്ച് കൊടുത്ത അത്ര ഗംഭീര പ്രകടനം. ജോബിയുടെ മികവിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാൾ ഇന്ന് വിജയിച്ചത്

രണ്ട് വർഷം മുമ്പാണ് അവസാനം മോഹൻ ബഗാനെ ഈസ്റ്റ് ബംഗാൾ തോൽപ്പിച്ചത്. ഇന്ന് കളിയുടെ 13ആം മിനുട്ടിൽ അസറുദ്ദീനിലൂടെ മോഹൻ ബഗാൻ മുന്നിൽ എത്തിയതായിരുന്നു. ഈ ഡെർബിയും മോഹൻ ബഗാന്റെ പോകറ്റിലേക്ക് പോവുകയാണെന്ന് തോന്നിയപ്പോൾ ആണ് ജോബിയുടെ കളി തുടങ്ങിയത്. ആദ്യം 17ആം മിനുട്ടിൽ മോഹൻ ബഗാൻ ഡിഫൻസിനെ കീറി മുറിച്ച ഒരു പാസ്. പന്ത് കിട്ടിയ റൾട്ടെക്ക് വലയിലേക്ക് പന്ത് എത്തിക്കുകയെ വേണ്ടി വന്നുള്ളൂ.

കളിയുടെ 44ആം മിനുട്ടിൽ ജോബി തന്നെ ഈസ്റ്റ് ബംഗാളിനെ ലീഡിലും എത്തിച്ചു. ഒരു ബൈസൈക്കിൾ കിക്കിലൂടെ ആയിരുന്നു ജോബിയുടെ ഗോൾ. ഈസ്റ്റ് ബംഗാൾ താരങ്ങളിലും ഐലീഗിലെ ഇന്ത്യക്കാരിലും ഈ സീസണിലെ ടോപ്പ് സ്കോറർ ജോബിയാണ് ഇപ്പോൾ.

കളിയുടെ രണ്ടാം പകുതിയിൽ മോഹൻ ബഗാൻ ക്യാപ്റ്റം കിംഗ്സ്ലിക്ക് ചുവപ്പ് കിട്ടിയതും ജോബിയെ ഫൗൾ ചെയ്തതിനായിരുന്നു. ജോബിയുടെ സ്കിൽ തടയാൻ കിംഗ്സ്ലിക്ക് വേറെ രക്ഷ ഉണ്ടായിരുന്നില്ല. ആ ഫൗളിന് ലഭിച്ച ഫ്രീകിക്കിൽ നിന്ന് റാൽട്ടെ ഈസ്റ്റ് ബംഗാളിന്റെ മൂന്നാം ഗോളും നേടി.

10 പേരുമായി പൊരുതിയ ബഗാൻ ഒരു ഗോൾ കൂടെ മടക്കി എങ്കിലും സമനില പിടിക്കാൻ ആയില്ല. ജയത്തോടെ ഈസ്റ്റ് ബംഗാൾ ലീഗിൽ 12 പോയന്റുമായി അഞ്ചാം സ്ഥാനത്തേക്ക് എത്തി. ബഗാൻ ഇപ്പോൾ എട്ടാം സ്ഥാനത്താണ്.