അവസാന മിനുട്ടിലെ പെനാൽറ്റി ഗോളിൽ സമനില പിടിച്ച് ഇന്ത്യൻ ആരോസ്

- Advertisement -

അവസാന മിനുട്ടിൽ അമർജിത് സിങ് നേടിയ പെനാൽറ്റി ഗോളിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ ഐസ്വാൾ എഫ് സി യെ സമനിലയിൽ പിടിച്ച് ഇന്ത്യൻ ആരോസ്. മത്സരത്തിൽ രണ്ടു തവണ ലീഡ് നേടിയതിനു ശേഷമാണു ഐസ്വാൾ അവസാന മിനുട്ടിൽ സമനിലയിൽ കുടുങ്ങിയത്. 87 മിനുട്ടിൽ ലാൽറോസങ്ങ രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ട് പുറത്തു പോയതോടെ 10 പേരുമായാണ് ഐസ്വാൾ മത്‌സരം പൂർത്തിയാക്കിയത്.

പുതിയ കോച്ചിന് കീഴിൽ പന്ത് തട്ടാനിറങ്ങിയ ഐസ്വാൾ തുടക്കം മുതൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അൻവർ അലിയുടെ ഗോൾ ലൈൻ രക്ഷപെടുത്തലാണ് ആദ്യ മിനിറ്റുകളിൽ തന്നെ പിന്നിലാവുന്നതിൽ നിന്ന് ആരോസിന്റെ രക്ഷക്കെത്തിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപ് തന്നെ ഐസ്വാൾ അവർ അർഹിച്ച ഗോൾ നേടി. മസീഹ് സൈഘാനിയാണ് ഇന്ത്യൻ ആരോസിന്റെ വല കുലുക്കിയത്. ആന്ദ്രേ ഇയോണസ്ക്യൂ നൽകിയ പാസ് ഗോളാക്കിയാണ് മസീഹ് ഗോൾ നേടിയത്.

എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ നേടി ആരോസ് മത്സരത്തിൽ സമനില പിടിച്ചു. ആശിഷ് റായിയും എഡ്മണ്ടും ചേർന്ന് നടത്തിയ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ എഡ്മണ്ടാണ് സമനില ഗോൾ നേടിയത്. എന്നാൽ അധികം വൈകാതെ തന്നെ ഐസ്വാൾ വീണ്ടും മത്സരത്തിൽ ലീഡ് നേടി. ഡോഡോസ് സിഖാഹിയാണ് ഐസ്വാളിന് വീണ്ടും ലീഡ് നേടി കൊടുത്ത ഗോൾ നേടിയത്.

മത്സരം കൈവിട്ടു എന്ന് തോന്നിച്ച ഘട്ടത്തിലാണ് രാഹുലിനെ ബോക്സിൽ ഫൗൾ ചെയ്തതിനു ആരോസിനു അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത്.  പെനാൽറ്റി എടുത്ത അമർജിത് സിങ് ഒരു പിഴവും കൂടാതെ ഗോളകുകയായിരുന്നു. തുടർന്നും ഇരു ടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement