ഐ ലീഗ് യോഗ്യതാ പോരാട്ടങ്ങളിലെ മലയാളി മുഖങ്ങൾ

Picsart 10 08 10.58.25
- Advertisement -

ഇന്ന് മുതൽ ഇന്ത്യൻ ഫുട്ബോൾ ഉണരുകയാണ്. കൊൽക്കത്തയിൽ ഐ ലീഗ് യോഗ്യതാ പോരാട്ടങ്ങൾ ആരംഭിക്കുന്നു. അഞ്ചു ടീമുകളാണ് ഐ ലീഗ് എന്ന സ്വപ്നവുമായി സെക്കൻഡ് ഡിവിഷൻ ഇറങ്ങുന്നത്. ഈ അഞ്ച് ടീമുകളിലായി ഏഴു മലയാളികളും കളത്തിൽ ഇറങ്ങും. ലീഗിലെ വമ്പന്മാരായ മൊഹമ്മദൻസിനായി ഇറങ്ങുന്നത് യുവ അറ്റാക്കിംഗ് താരം ഗനി നിഗം അഹമ്മദാണ്. ഹൈദരാബാദ് എഫ് സിയിൽ നിന്ന് ലോണടിസ്ഥാനത്തിലാണ് ഗനി മൊഹമ്മദൻസിനായി കളിക്കുന്നത്.

കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിൽ കളിച്ചിട്ടുള്ള ഗനി മൊഹമ്മദൻസിന്റെ ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും. ഡെൽഹി ക്ലബായ ഗർവാൽ എഫ് സിയിൽ രണ്ട് മലയാളി താരങ്ങളാണ് ഉള്ളത്. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരവും സന്തോഷ് ട്രോഫി ഹീറോയുമായ അഫ്ദാൽ മുത്തു, മധ്യനിര താരമായ മുഹമ്മദ് ശഫീർ എന്നിവരാണ് ഗർവാലിൽ ഉള്ളത്. മുൻ ഗോകുലം കേരള താരമാണ് ശഫീർ.

ഗുജറാത്ത് ക്ലബായ അര എഫ് സിയിലും രണ്ട് മലയാളി താരങ്ങൾ ഉണ്ട്. ഡിഫൻഡർ സാഗർ അലിയും മധ്യനിര താരം ശ്രീകുട്ടനുമാണ് അരയ്ക്കായി അരങ്ങിൽ ഇറങ്ങുന്നത്. മധ്യനിര താരമായ ശ്രീകുട്ടൻ മുമ്പ് കേരളത്തിനൊപ്പം സന്തോഷ് ട്രോഫി ചാമ്പ്യനായിട്ടുണ്ട്. സെന്റർ ബാക്കായ സാഗർ അലി ഡെൽഹി യുണൈറ്റഡ്, എയർ ഇന്ത്യ, പത ചക്ര എന്നീ ക്ലബുകൾക്കായൊക്കെ മുമ്പ് കളിച്ചിട്ടുണ്ട്.

ബെംഗളൂരു യുണൈറ്റഡിന്റെ ടീമിലും രണ്ട് മലയാളികൾ ഉണ്ട്. അഹമ്മദ് അസ്ഫറും അഖിൽ പ്രവീണുമാണ് ബെംഗളൂരു യുണൈറ്റഡിൽ ഉള്ള മലയാളി മുഖങ്ങൾ. ഗോൾ കീപ്പറായ അസ്ഫർ മുൻ എഫ് സി കേരള താരമാണ്. അഖിൽ എഫ് സി തൃശ്ശൂരിന്റെ മുൻ ക്യാപ്റ്റൻ ആയിരുന്നു. മിനേർവ പഞ്ചാബിനായും അഖിൽ കളിച്ചിട്ടുണ്ട്.

Advertisement