ഐ ലീഗ് കിരീടം മോഹൻ ബഗാന് സ്വന്തം!!

- Advertisement -

ഐ ലീഗ് കിരീടം കൊൽക്കത്തൻ ശക്തികളായ മോഹൻ ബഗാൻ സ്വന്തമാക്കി. നാലു മത്സരങ്ങൾ ലീഗിൽ ഇനിയും ബാക്കിയിരിക്കെ ആണ് മോഹൻ ബഗാൻ കിരീടം ഉറപ്പിച്ചത്. ഇന്ന് നടന്ന മത്സരത്തിൽ മിനേർവ പഞ്ചാബിനെ പരാജയപ്പെടുത്തിയതോടെ ബഗാന് ലീഗിൽ 39 പോയന്റായി. വേറൊരു ടീമിനും ഇനി ബഗാനെ മറികടക്കാൻ ആവില്ല.

ഇന്ന് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മോഹൻ ബഗാന്റെ വിജയം. ദിവാരയാണ് ഇന്ന് ബഗാന് വേണ്ടി ഗോൾ നേടിയത്. തുടർച്ചയായ എട്ടാം മത്സരത്തിലാണ് ദിവാര ഗോൾ നേടുന്നത്. ഈ വിജയത്തോടെ 16 മത്സരങ്ങളിൽ നിന്നാണ് ബഗാൻ 39 പോയന്റിൽ എത്തിയത്. 2014-15 സീസണു ശേഷമുള്ള ബഗാന്റെ ആദ്യ ദേശീയ ലീഗ് കിരീടമാണ് ഇത്.

ക്ലബ് ചരിത്രത്തിലെ അഞ്ചാം ദേശീയ ലീഗ് കിരീടം എന്ന നേട്ടത്തിൽ ബഗാൻ ഇതോടെ എത്തി. ഈ സീസൺ കഴിഞ്ഞാൽ എ ടി കെ കൊൽക്കത്തയുമായി ലയിക്കുന്നതിനാൽ ഇതിഹാസ ക്ലബായ ബഗാന് കിരീടവുമായി ചരിത്രത്തിന്റെ ഒരു വലിയ ഏട് അവസാനിപ്പിക്കാൻ ആയി എന്ന സന്തോഷവും ഈ കിരീടം നൽകും.

Advertisement