ഇന്ന് ഐലീഗിൽ അവസാനയങ്കം, കിരീടത്തിൽ മുത്തമിടാൻ നാലു ടീമുകൾ

- Advertisement -

ഇന്ന് ഐലീഗിൽ അത്യപൂർവ്വമായ അവസാന ദിവസമാണ്. കഴിഞ്ഞ വർഷം ഫ്രഞ്ച് ലീഗിന്റെ രണ്ടാം ഡിവിഷൻ ലീഗിൽ അവസാന ദിവസം ടീമുകൾ അങ്കത്തിനിറങ്ങുമ്പോൾ ആദ്യ ആറു ടീമുകളിൽ ആർക്കും കപ്പ് ഉയർത്താം എന്ന ഗതി ആയിരുന്നു. ഇന്ന് ഏതാണ്ട് അതിനോട് അടുത്ത് നിൽക്കുന്ന പ്രവചനാതീതമായ അവസാന ദിവസത്തേക്കാണ് ഇന്ത്യൻ ഫുട്ബോളിലെ ഒന്നാം ഡിവിഷനായ ഐ ലീഗ് എത്തിയിരിക്കുന്നത്.

മൂന്ന് മത്സരങ്ങൾ, ആദ്യ നാലു ടീമുകളിൽ ആർക്കും കിരീടത്തിൽ മുത്തമിടാം എന്ന അവസ്ഥ. മിനേർവ പഞ്ചാബ്(32), നെറോക(31), മോഹൻ ബഗാൻ(30), ഈസ്റ്റ് ബംഗാൾ(30) എന്നീ ടീമുകളാണ് ഇന്ന് ലീഗ് കിരീടം സ്വപ്നം കാണുന്നത്. മിനേർവ പഞ്ചാബ് ചർച്ചിൽ ബ്രദേഴ്സിനെ ആണ് നേരിടുന്നത്. ഐ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെടാതിരിക്കണമെങ്കിൽ ചർച്ചിലിന് ഇന്ന് വിജയിച്ചേ പറ്റൂ. അതുകൊണ്ട് മിനേർവയ്ക്ക് കിരീടത്തിലേക്കുള്ള വഴി എളുപ്പമാകില്ല.

മോഹൻ ബഗാന്റെ എതിരാളികൾ ഗോകുലം എഫ് സി ആണ്. സൂപ്പർ കപ്പ് യോഗ്യത നേടാൻ ഗോകുലത്തിന് വിജയിച്ചേ പറ്റൂ എന്നതും ഗോകുലത്തിന്റെ മികച്ച ഫോമും ബഗാന്റെ വഴിയും വിഷമമുള്ളതാക്കുന്നു. മൂന്നാമത്തെ മത്സരം കിരീട പ്രതീക്ഷയിൽ ഇറങ്ങുന്ന നെറോകയും ഈസ്റ്റ് ബംഗാളും തമ്മിലാണ്.

ഐ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അവസാന ദിവസമാകും ഇത് എന്ന് തീർച്ച. വൈകിട്ട് മൂന്ന് മണിക്കാണ് മൂന്നു മത്സരങ്ങളും ആരംഭിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement