ആളും ആരവവുമില്ലാതെ ഐ ലീഗിന് ഇന്ന് തുടക്കം

ഒരു പക്ഷെ ഐ ലീഗിന്റെ അവസാനത്തെ പതിപ്പായേക്കാവുന്ന പതിനൊന്നാം സീസണിന് ഇന്ന് തുടക്കമാവും. ആളും ആരവവും ഇല്ലാതെയാണ് ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗിന് തുടക്കം കുറിക്കുന്നത്. ഐഎസ്എല്ലിന്റെ താരശോഭയിൽ മുങ്ങി പേരിനു മാത്രമായാണ് ഐ ലീഗ് നടക്കുന്നത്. ഇന്ത്യൻ ഫുട്ബോളിനു മാറ്റമെന്ന നിലയിലാണ് 2007 ൽ ഐ ലീഗ് ആരംഭിച്ചത്. എന്നാൽ 10 വർഷത്തിനിപ്പുറം എല്ലാം താഴോട്ടാണ് വളർന്നത്. വർഷങ്ങൾ തോറും കുറയുന്ന കാണികൾ,നാൾക്ക് നാൾ ഇല്ലാതാവുന്ന ക്ലബുകൾ(ആദ്യ ഐ ലീഗിൽ കളിച്ച 3 ക്ലബുകൾ മാത്രമെ ഇത്തവണ ഐ ലീഗിൽ പങ്കെടുക്കുന്നുള്ളു) ഇങ്ങനെ പല പ്രശ്നങ്ങൾ. ഇതിനു പുറമെ ഐഎസ്എല്ലിന്റെയും റിലയന്സിന്റെയും വെല്ലുവിളികൾ, ഇങ്ങനെ പലവിധ വെല്ലുവിളികൾക്ക് നടുവിലാണ് പതിനൊന്നാം സീസണിന് തുടക്കമാവുന്നത്.

ഐ ലീഗിന് ഈ വർഷത്തോടെ ഒന്നാം ഡിവിഷൻ പദവി നഷ്ടമാക്കാൻ വേണ്ടി കച്ചകെട്ടിയിറങ്ങിയ പോലെയാണ് ഇന്ത്യൻ ഫുട്ബാൾ അധികാരികളുടെ പ്രവർത്തികൾ. ഐ ലീഗിലെ പല മത്സരങ്ങളും പൊരിയുന്ന വെയിലിൽ ആണ് നടക്കുക. കളി കാണാൻ ആളുണ്ടാകുമോ എന്നതും കളിക്കുന്നവർ കളി കഴിഞ്ഞ് ജീവനുണ്ടാകുമോ എന്നൊന്നും നോക്കാൻ നിൽക്കാതെ ഐ എം ജി റിലയൻസിന്റെ താല്പര്യത്തിന്റേയും സ്റ്റാറിന്റെ ടെലികാസ്റ്റിംഗ് പ്രശ്നത്തിന്റേയും പേരിൽ നട്ടുച്ചയ്ക്ക് തന്നെ കളി നടത്തുകയാണ് ഇത്തവണ. ഇതിൽ ഇന്ത്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും വലിയ ഫിക്സ്ചറായ കൊൽക്കത്ത ഡെർബി വരെ ഉൾപ്പെടും. ഐ ലീഗ് വലിയ പരാജയം ആക്കി തീർത്ത് ഇന്ത്യൻ ഫുട്ബോളിലെ ഒന്നാം ഡിവിഷനാക്കി ഐഎസ്എല്ലിനെ മാറ്റാനായിരിക്കും AIFF ശ്രമിക്കുക.


കഴിഞ്ഞ വര്ഷങ്ങളിലേത് പോലെ പത്തു ടീമുകളാണ് ഐ ലീഗിൽ മാറ്റുരക്കുന്നത്. വര്ഷങ്ങളുടെ ഇടവേളക്ക് ശേഷം, ചിരാഗ് യുണൈറ്റഡിന് ശേഷം ആദ്യമായി കേരളത്തിൽ നിന്നും ഒരു ടീം ഐ ലീഗിൽ പങ്കെടുക്കുന്നുണ്ട് എന്ന പ്രത്യേകതയും ഈ സീസണിനുണ്ട്. കഴിഞ്ഞ വര്ഷം രൂപീകൃതമായ ഗോകുലം കേരള എഫ്‌സി കേരളത്തിൻെറ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നുണ്ട്. കോഴിക്കോട് ഇഎം എസ് സ്റ്റേഡിയതിൽ ആയിരിക്കും ഗോകുലം കളിക്കുക.

കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരയ ഐസോൾ എഫ്സിയിൽ നിന്നും താരങ്ങളും കോച്ചും എല്ലാം വിട്ടു പോയെങ്കിലും പൊരുതാൻ ഉറച്ചു തന്നെയാണ് നോർത്തീസ്റ്റിൽ നിന്നുള്ള ടീം ഇറങ്ങുന്നത്. കഴിഞ്ഞ വര്ഷം ലീഗിന്റ അവസാന സമയം കിരീടം ഐസോളിന് വിട്ടു കൊടുത്തതിന്റെ ക്ഷീണം മാറ്റാൻ ആയിരിക്കും കൊൽക്കത്ത വമ്പന്മാരായ മോഹൻ ബാഗാൻ ഇറങ്ങുന്നത്.

ഐ ലീഗ് തുടങ്ങിയതിനു ശേഷം ഇതുവരെ ചാമ്പ്യൻ പദവി ലഭിക്കാത്തതിന്റെ ക്ഷീണം മാറ്റാൻ ആണ് കൊൽക്കത്തയിൽ നിന്നുമുള്ള ഈസ്റ്റ് ബംഗാൾ ഇറങ്ങുന്നത്. കഴിഞ്ഞ വര്ഷം ഐസോളിനെ ചാമ്പ്യന്മാരാക്കിയ ഖാലിദ് ജാമിലിനെ ടീമിൽ എത്തിച്ച ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റ നിരയിലെ കുന്തമുന മലയാളി താരം സുഹൈർ ആണ്.

രണ്ടു തവണ ഐ ലീഗ് ചാമ്പ്യന്മാരായ ചർച്ചിൽ ബ്രദേഴ്‌സ് ആണ് ഗോവയിൽ നിന്നുള്ള ഏക പ്രതിനിധികൾ. ഐസോളിന് പുറമെ നോർത്ത് ഈസ്റ്റിന്റെ പ്രതിനിധികളായി നെറോക എഫ്സിയും ഷില്ലോങ് ലജോങ് എഫ്സിയും ഐ ലീഗിൽ ഉണ്ട്. അണ്ടർ പതിനേഴ് ലോകകപ്പ് കളിച്ച കുട്ടികളെ ഉൾപ്പെടുത്തി AIFF ഇറക്കുന്ന ആരോസ് ആണ് മറ്റൊരു ടീം.

ഗോകുലത്തിനു പുറമെ ദക്ഷിണേന്ത്യയെ പ്രതിനിധീകരിക്കുന്നത് ചെന്നൈ സിറ്റി എഫ്‌സി ആണ്. കഴിഞ്ഞ തവണ ഒൻപതാം സ്ഥാനത് ആണ് ലീഗ് പൂർത്തിയാക്കിയത് എങ്കിലും പൊരുതാൻ ഉറച്ചു തന്നെയാണ് ചെന്നൈ സിറ്റി ഇറങ്ങുക. കോയമ്പത്തൂർ ആണ് ചെന്നൈ സിറ്റിയുടെ ഹോം മത്സരങ്ങൾക്ക് വേദിയാവുക. കഴിഞ്ഞ വർഷത്തെ അവസാന സ്ഥാനക്കാരായ മിനെർവ എഫ്‌സി കൂടെ ചേരുന്നതോടെ ഐ ലീഗ് ടീമുകളുടെ പട്ടിക പൂർത്തിയാകും.

ഇന്ന് 5.30നു മിനേർവ പഞ്ചാബ് മോഹൻ ബഗാൻ പോരാട്ടത്തോടെയാണ് ഐ ലീഗിന് തുടക്കമാവുന്നത്. ഐ ലീഗിന് വേണ്ടി പ്രമോ ഒന്നും കൊടുത്തിട്ടില്ലെങ്കിലും സ്റ്റാർ നെറ്റ്വർക്കാണ് ഐലീഗ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത്. ഐ ലീഗിനൊപ്പം ഇന്ത്യൻ ഫുട്ബോളിൻ്റെ ഭാവി നിർണ്ണയിക്കുന്ന ലീഗ് തന്നെയാവും ഇത്. തടസങ്ങൾ തരണം ചെയ്ത് ഐ ലീഗിനും ഇന്ത്യൻ ഫുട്ബോളിനും മികച്ചൊരു മാറ്റം ആവും ഈ സീസൺ എന്ന് പ്രതീക്ഷിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Comments are closed, but trackbacks and pingbacks are open.