ഐ ലീഗ്; സീസണിലെ ആദ്യ വിജയം കുറിച്ച് സുദേവ ഡൽഹി

Nihal Basheer

Screenshot 20230202 190653 Brave

അഞ്ച് ഗോളുകൾ പിറന്ന പോരാട്ടത്തിൽ രാജസ്ഥാൻ യുനൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി സുദേവ ഡൽഹിക്ക് സീസണിലെ ആദ്യ വിജയം. പന്ത്രണ്ട് മത്സരങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് സുദേവക്ക് സീസണിലെ ആദ്യ വിജയം നുകരാൻ കഴിഞ്ഞത്. രാജസ്‌ഥാന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ലോട്ജെം, അലക്സിസ് ഗോമസ്, ഷവ്കതി ഖോതം എന്നിവർ സുദേവക്കായി ലക്ഷ്യം കണ്ടു. അതാട് സുമഷേവ് രാജസ്ഥാനായി ലക്ഷ്യം കണ്ടപ്പോൾ മറ്റൊരു ഗോൾ സുഖൻദീപിന്റെ പേരിൽ സെൽഫ് ഗോളായി കുറിച്ചു.

Screenshot 20230202 190614 Brave

സ്വാന്തം തട്ടകത്തിൽ രാജസ്ഥാന്റെ തുടക്കം തന്നെ മോശമായിരുന്നു. വെറും എട്ടാം മിനിറ്റിൽ തന്നെ പ്രതിരോധ താരം അമ്രിത്പാൽ സിങ് രണ്ടാം മഞ്ഞക്കാർഡ് കണ്ടു പുറത്തായി. എന്നാൽ പത്തൊൻപതാം മിനിറ്റിൽ രാജസ്ഥാൻ തന്നെ ആദ്യ ഗോൾ നേടി. സുമഷെവിന്റെ ക്രോസ് സുഖൻദേവിൽ തട്ടി സ്വന്തം പോസ്റ്റിൽ പതിക്കുകയായിരുന്നു. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ സുദേവ സമനില ഗോൾ നേടി. ലോട്ജെം ആണ് സ്‌കോർ നില തുല്യമാക്കിയത്. മത്സരത്തിന്റെ ഗതി മാറ്റി മറിച്ചു കൊണ്ട് ഇരുപതിയാറാം മിനിറ്റിൽ അർജന്റീന താരം അലക്സിസ് ഗോമസിലൂടെ സുദേവ ലീഡ് എടുത്തു. എന്നാൽ ആളെണ്ണം കുറഞ്ഞത് കണക്കാക്കാതെ പൊരുതിയ രാജസ്ഥാൻ മുപ്പത്തിയൊന്നാം മിനിറ്റിൽ സുമഷേവിലൂടെ ഗോൾ മടക്കി. എതിർ പ്രതിരോധത്തിൽ നിന്നും റാഞ്ചിയ ബോളുമായാണ് താരം ഗോൾ കണ്ടെത്തിയത്.

രണ്ടാം പകുതിയിൽ സുദേവ ആക്രമണം കനപ്പിച്ചു. അറുപതിയേഴാം മിനിറ്റിൽ ഷവ്കതി ഖോതം ബോക്സിന് അരികെ നിന്ന് പോസ്റ്റിന്റെ മൂലയിലേക് മനോഹരമായി ഫിനിഷ് ചെയ്തിട്ട ഗോളിലൂടെ സുദേവ വിജയം ഉറപ്പിച്ചു. താരം തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ചും. പിന്നീട് സമനില ഗോളിനായി രാജസ്ഥാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും ഡൽഹി ടീം ഉറച്ചു നിന്നു.