അഞ്ചു ഗോൾ പിറന്ന മത്സരത്തിൽ മോഹൻ ബഗാന് ജയം

- Advertisement -

അഞ്ച് ഗോൾ പിറന്ന മത്സരത്തിൽ നെറോക എഫ് സിയെ 3 -2 തോല്പിച്ച് മോഹൻ ബഗാന് ജയം. ജയത്തോടെ 24 പോയിന്റുമായി ബഗാൻ നാലാം സ്ഥാനത്താണ് . രണ്ടു തവണ മത്സരത്തിൽ ലീഡ് നേടിയിട്ടും  ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ അക്രം മോഗ്രബി നേടിയ ഗോളിൽ നെറോക തോൽവി സമ്മതിക്കുകയായിരുന്നു. മത്സരത്തിലെ അഞ്ചു ഗോളുകളും വീണത് ആദ്യ പകുതിയിലായിരുന്നു.

കഴിഞ്ഞ മത്സരത്തിൽ ഗോകുലത്തിനെതിരെ പരാജയപ്പെട്ട ബഗാൻ വിജയം നേടാനുറച്ച് തന്നെയാണ് ഇന്നത്തെ മത്സരത്തിന് ഇറങ്ങിയത്. പക്ഷെ ബഗാനെ ഞെട്ടിച്ചു കൊണ്ട് നെറോക മത്സരത്തിലെ ആദ്യ ഗോൾ നേടി. സിൻഗാം സിങ് ആണ് 16മത്തെ മിനുറ്റിൽ ബഗാൻ വല കുലുക്കിയത്. എന്നാൽ നാല് മിനുട്ടിനുള്ളിൽ പെനാൽറ്റിയിലൂടെ ഡിപാണ്ഡ സമനില പിടിച്ചു. ഡിപാണ്ഡയെ നെറോക ഗോൾ കീപ്പർ ബിഷോർജിത് സിങ് ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് ഡിപാണ്ഡ സമനില നേടിക്കൊടുത്തത്.

24ആം മിനുട്ടിൽ ചിഡിയിലൂടെ നെറോക വീണ്ടും ലീഡ് നേടിയെങ്കിലും ഡിപാണ്ഡയുടെ രണ്ടാമത്തെ ഗോളിലൂടെ വീണ്ടും ബഗാൻ സമനില പിടിച്ചു. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപ് തന്നെ ബഗാൻ മത്സരത്തിൽ ആദ്യമായി ലീഡ് നേടി. ഇത്തവണ ഗോൾ നേടിയത് അക്രം മോഗ്രബിയായിരുന്നു. താരത്തിന്റെ ക്ലബിന് വേണ്ടിയുള്ള ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.

രണ്ടാം പകുതിയിൽ ഗോൾ മടക്കാൻ നെറോകക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ അവർക്കായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement