ഐ ലീഗിലെ കേരള ഹാട്രിക്

സി കെ വിനീത് മുംബൈ എഫ് സിക്കെതിരെ തകർപ്പൻ ഹാട്രിക് നേടിയിട്ട് ദിവസങ്ങളേ ആകുന്നുള്ളൂ. ഐ ലീഗിൽ ബെംഗളൂരു എഫ് സിയുടെ ആദ്യ ഹാട്രിക്കായിരുന്നു ഇത്. വിനീത് മുംബൈക്കെതിരെ നേടിയ ഹാട്രിക്കിനെ കൂട്ടുപിടിച്ച് മലയാളി താരങ്ങൾ ഐ ലീഗിൽ ഇതുവരെ നേടിയ ഹാട്രിക്കുകളിലേക്ക് നടക്കുകയാണ്.

ഐ ലീഗ് ചരിത്രത്തിൽ ഇതുവരെ പിറന്ന 57 ഹാട്രിക്കുകളിൽ വെറും 10 ഹാട്രിക്കുകൾ മാത്രമാണ് ഇന്ത്യൻ ബൂട്ടുകളിൾ നിന്നു പിറന്നത്. ആ പത്തിൽ അഞ്ചും മലയാളികളുടെ കാലിൽ നിന്നായിരുന്നു.

അനിൽ കുമാർ (വിവ കേരള vs എയർ ഇന്ത്യ)

2010-11 സീസൺ അനിൽ കുമാറിന്റെ സീസണായിരുന്നു. ഐ ലീഗ് പോലെയൊരു സ്റ്റേജിലേക്ക് ഇറങ്ങാൻ അനിൽ കുമാർ എന്ന താരം ഒരുപാട് താമസിച്ചിരുന്നു. പക്ഷെ ആദ്യ ഐ ലീഗ് സീസണിൽ തന്നെ അനിൽ കുമാർ അദ്ദേഹമാരാണെന്ന് ഫുട്ബോൾ ലോകത്തെ അറിയിച്ചു. 11 ഗോളുകൾ വിവയ്ക്കു വേണ്ടി നേടിയാണ് അനിൽ കുമാർ സീസൺ അവസാനിപ്പിച്ചത്.

വിവാ കേരളയുടെ റിലഗേഷൻ പോരട്ടാം എന്നത് ആ സീസണിൽ അനിൽ കുമാറിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു.  സീസണിലെ ചെറിയവരുടെ പോരാട്ടത്തിന് എയർ ഇന്ത്യ കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ എത്തിയ അന്നു വിവാ കേരളയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജയം. 7-1. ആദ്യ പകുതിയിൽ ഒരു ഹെഡറിലൂടെ അനിൽ കുമാറിന്റെ ആദ്യ ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ കർമയുടെ ക്രോസ് ടാപിൻ ചെയ്തു രണ്ടാം ഗോൾ. 83ാം മിനുട്ടിൽ തന്റെ കരുത്തായ വലതു കാലു കൊണ്ടു തൊടുത്ത ഭംഗിയുള്ള ഫിനിഷിൽ ഹാട്രിക്ക്. കണ്ണൂരിലെ ഫുട്ബോൾ ആരാധകർ ഇന്നും അനിൽ കുമാറിനെ ഓർക്കുന്നത് ഈ ഹാട്രിക്കിന്റെ പേരിലാണ്.

സി എസ് സബീത് ( ആരോസ് vs വിവ കേരള )
ജന്മം കൊണ്ടു തമിഴ്നാട് ആണെങ്കിലും കേരളത്തിന്റെ സ്വന്തം താരമായിരുന്നു സബീത്. 2011-12 സീസണിൽ ഇന്ത്യക്കാരന്റെ ഒരേയൊരു ഐ ലീഗ് ഹാട്രിക്ക് സി എസ് സബീതിന്റെ വകയായിരുന്നു. അഞ്ചു വർഷത്തോളം  സബീതിനെ വളർത്തി ഫുട്ബോൾ ലോകത്തു വലുതാക്കിയ വിവാ കേരളയ്ക്കെതിരെയായിരുന്നു സബീതിന്റെ ആദ്യ പ്രൊഫഷണൽ ഹാട്രിക് പിറന്നത്. ആ ഹാട്രിക്ക് എന്നേക്കുമായി വിവാ കേരളയുടെ ഐ ലീഗ് അവസാനിപ്പിക്കുകയും ചെയ്തു. ആ മത്സരം പരാജയപ്പെട്ടതോടെ ലീഗിലെ വിവാ കേരളയുടെ തരംതാഴ്തപ്പെടൽ ഉറപ്പായിരുന്നു. അന്നു റിലഗേറ്റ് ചെയ്യപ്പെട്ട വിവാ കേരള പിന്നെയൊരിക്കലും നാഷണൽ ഫുട്ബോളിൽ തിരിച്ചു വന്നില്ല.

മുപ്പത്തിമൂന്നാം മിനുട്ടിൽ വിവാ കേരള ഗോൾ കീപ്പർ ശരതിന്റെ പിഴവിൽ നിന്നു കിട്ടിയ അവസരം ടാപ് ഇൻ ചെയ്തായിരുന്നു സബീത് ആദ്യ ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കും മുമ്പ് ബിക്രം ജിത്തിന്റെ ഒരു ത്രൂ പാസ് സബീതിനു കിട്ടുമ്പോൾ വിവാ കേരളയുടേതെന്നു പറയാൻ ഗോൾ കീപ്പർ ശരത് മാത്രമേ സബീതിനെ തടയാൻ ഉണ്ടായിരുന്നുള്ളൂ. വീണ്ടും വിജയം സബീതിന്. രണ്ടാം പകുതിയിൽ ഷെറിൻ ആൽവിൻ ജോർജ്ജിനെ വീഴ്തിയതിനു ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിലെത്തിച്ച് സബീത് ഹാട്രിക് തികച്ചു. പൈലാൻ ആരോസിനു വേണ്ടി ആ സീസണിൽ ഒമ്പതു ഗോളുകൾ നേടിയ സബീത് സീസണിലെ ഇന്ത്യൻ ടോപ് സ്കോററുമായി.

ബിനീഷ് ബാലൻ ( ചർച്ചിൽ ബ്രദേഴ്സ് vs സ്പോർട്ടിംഗ് ഗോവ )
കേരളത്തിന്റെ ഏറ്റവും അണ്ടർ റേറ്റഡ് സ്ട്രൈക്കർ ബിനീഷ് ബാലൻ ആയിരുന്നു കേരളത്തിന്റെ ഐ ലീഗിലെ മൂന്നാം ഹാട്രിക്ക് നേടിയത്. ചർച്ചിൽ ബ്രദേഴ്സിനു വേണ്ടി സ്പോർട്ടിംഗ് ഗോവയ്ക്കെതിരെയായിരുന്നു ബിനീഷിന്റെ ഹാട്രിക്. പന്ത്രണ്ടു ഗോളുകൾ പിറന്ന മത്സരത്തിൽ 8-4 എന്ന സ്കോറിനാണ് ചർച്ചിൽ ബ്രദേഴ്സ് അന്നു ജയിച്ചു കയറിയത്.

എട്ടാം മിനുട്ടിൽ ചർച്ചിൽ ബ്രദേഴ്സിന്റെ ആദ്യ ഗോൾ നേടിയാണ് ഫതോർഡാ സ്റ്റേഡിയത്തിൽ ബിനീഷ് ബാലൻ തുടങ്ങിയത്. ഇരുപതാം മിനുട്ടിലും മുപ്പത്തി നാലാം മിനുട്ടിലും ഗോൾ മടക്കി സ്പോർട്ടിംഗ് ഗോവ ഗോവൻ ഡർബിയിൽ 2-1ന് മുന്നിൽ. പക്ഷെ ബിനീഷ് 38ാം മിനുട്ടിൽ ഒരു ടാപ്പിന്നിലൂടെയും രണ്ടു മിനുട്ടിനു ശേഷം ബോക്സിനു പുറത്തു നിന്ന തൊടുത്ത ഷോട്ടിലൂടെയും സ്പോർട്ടിംഗ് ഗോവ കീപ്പർ ഗോമസിനെ കീഴടക്കി. ഇരുപത്തി മൂന്നാം വയസ്സിൽ ബിനീഷിന് ആദ്യ ഐ ലീഗ് ഹാട്രിക്. മത്സരത്തിൽ രണ്ടാം പകുതിയിൽ ഒരു ലോബിലൂടെ സഹ സ്ട്രൈക്കർ ഹെൻറിയുടെ ഗോളിന് വഴി ഒരുക്കുകയും ചെയ്തു ബിനീഷ്.

സി കെ വിനീത് ( പ്രയാഗ് യുണൈറ്റഡ് vs എയർ ഇന്ത്യ )
സി കെ വിനീത് എന്ന ഇന്നത്തെ കേരള ഫുട്ബോളിന്റെ ഐക്കൺ പ്രയാഗ് യുണൈറ്റഡിൽ ചേക്കേറിയ സീസൺ. റാന്റി മാർട്ടിൻസിനൊപ്പം പ്രയാഗിന്റെ അറ്റാക്കിംഗ് കൂന്തുമുനയായി ആ സീസണിൽ.

4-1ന് പ്രയാഗ് വിജയിച്ച മത്സരത്തിൽ പതിനൊന്നു മിനുട്ടിനിടെ ഹാട്രിക്കു തികയ്ക്കുകയും റാന്റി മാർട്ടിൻസിന് ആദ്യ ഗോളിന് വഴിയൊരുക്കുകയും ചെയ്ത് സി കെ തലക്കെട്ടുകളിൽ നിറഞ്ഞു. 37ാം മിനുട്ടിൽ കെ ആസിഫിന്റെ പാസിൽ നിന്ന് ജാഗരൂപ് സിംഗിനു മുകളിലൂടെ നെറ്റ് തുളച്ച് ആദ്യ ഗോൾ. കളി പുനരാരംഭിച്ച് അടുത്ത നിമിഷം തന്നെ ദീപക് മൊണ്ടാലിന്റെ ക്രോസിൽ നിന്നൊരു കരുത്തൻ വോളിയിലൂടെ രണ്ടാം ഗോൾ. രണ്ടാം പകുതി തുടങ്ങി രണ്ടു മിനുട്ടുകൾക്കുള്ളിൽ വീണ്ടും ജാഗരൂപിനെ കീഴടക്കി വിനീത് ഹാട്രിക് തികച്ചു.

സി കെ വിനീത് ( ബെംഗളൂരു എഫ് സി vs മുംബൈ എഫ് സി)
ഐ ലീഗിൽ ഒന്നിൽ കൂടുതൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് സി കെ വിനീത്. ജെജെയാണ് ഇതിനു മുമ്പ് രണ്ടു ഹാട്രിക്കുകൾ നേടിയ ഇന്ത്യൻ താരം.

മുംബൈക്കെതിരെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ആണ് വിനീതിന്റെ ആദ്യ ഗോൾ പിറന്നത്. കാമറൂൺ വാട്സൺ നലകിയ ക്രോസ് ബോക്സിൽ മാർക് ചെയ്യപ്പെടാതെ നിൽക്കുകയായിരുന്ന വിനീത് വലയിലേക്ക് കയറ്റി. അൻപത്തിയേഴാം മിനിറ്റിൽ ആണ് വിനീതിന്റെ രണ്ടാം ഗോൾ പിറന്നത്. ഉദാന്ത സിങ്ങും ഹർമൻജോത് സിങ്ങും നടത്തിയ ഒരു നീക്കം ഫിനിഷ് ചെയ്യാനുള്ള അവസരം വിനീതിനായിരുന്നു. അറുപത്തിയഞ്ചാം മിനിറ്റിൽ വിനീത് വീണ്ടും വലകുലുക്കി ഹാട്രിക് തികച്ചു. ഹർമൻജോത് നൽകിയ മനോഹരമയി ഒരു ത്രൂ പാസ് മികച്ചൊരു ഫാസ്റ്റ് ടച്ചിലൂടെ സ്വന്തമാക്കി വലകുലുക്കുകയായിരുന്നു.