ഐ ലീഗിൽ സമനില കളി, സുനിൽ ഛേത്രിക്ക് ഗോൾ വേട്ടയിൽ റെക്കോർഡ്

- Advertisement -

ഐ ലീഗിൽ വീക്ക് 9ലെ മത്സരങ്ങൾ എല്ലാം സമനിലയിൽ അവസാനിച്ചു. ഇന്നലെ നടന്ന ചെന്നൈ സിറ്റി ചർചിൽ ബ്രദേഴ്‌സ് പോരാട്ടത്തിന് പുറമെ ഇന്ന് നടന്ന 4 മത്സരങ്ങളും സമനിലയിൽ അവസാനിക്കുകയായിരുന്നു. സീസണിൽ ഇതാദ്യമായാണ് ഒരു വീക്കിലെ എല്ലാ മത്സരങ്ങളും സമനിലയിൽ കലാശിക്കുന്നത്.

ഇന്നത്തെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരയ ബെംഗളൂരു എഫ്‌സിയെ ഐസ്വാൾ എഫ്‌സി ഓരോ ഗോൾ വീതം നേടി സമനിലയിൽ തളച്ചു. മത്സരത്തിന്റെ 40ആം മിനിറ്റിൽ ഹോം ടീമായ ഐസ്വാൾ എഫ്‌സി ബ്രണ്ടനിലൂടെ ഗോൾ നേടി ബെംഗളുരുവിനെ ഞെട്ടിച്ചു എങ്കിലും നാല് മിനിറ്റിനകം ക്യാപ്റ്റൻ സുനിൽ ചേത്രി മികച്ചൊരു ഗോളിലൂടെ ഗോൾ മടക്കി. തുടർന്ന് ഇരു ടീമുകളും ഗോളിനായി പരിശ്രമിച്ചു എങ്കിലും ഇരു ടീമുകൾക്കും സമനില പൂട്ട് പൊട്ടിക്കാൻ കഴിഞ്ഞില്ല. ഇന്നത്തെ ഗോളോടെ സുനിൽ ഛേത്രി, ബൈചൂങ് ബൂട്ടിയയെ മറികടന്ന് ദേശീയ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മാറി. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തും ബെംഗളൂരു എഫ്‌സി അഞ്ചാം സ്ഥാനത്തും തുടരും.

ഇന്നത്തെ രണ്ടാമത്തെ മത്സരവും സമനിലയിൽ കലാശിച്ചു. ലീഗ് ടോപ്പേഴ്‌സ് ആയ ഈസ്റ്റ് ബംഗാളിനെ ഷില്ലോങ് ലജോങ് 1-1 എന്ന സ്കോറിന് പിടിച്ചു കെട്ടുകയായിരുന്നു. മത്സരത്തിന്റെ 20ആം മിനിറ്റിൽ സാമുവലിലൂടെ ഷില്ലോങ് ലീഡ് എടുത്തു എങ്കിലും ആദ്യ പകുതിയുടെ ആവാസന നിമിഷത്തിൽ വില്ലിസ് പ്ലാസയിലൂടെ ഈസ്റ്റ് ബംഗാൾ സമനില ഗോൾ കണ്ടെത്തുകയായിരുന്നു. ഈസ്റ്റ് ബംഗാൾ ഒന്നാം സ്ഥാനത്തും ഷില്ലോങ് നാലാം സ്ഥാനത്തും തുടരും.

ഇന്നത്തെ മറ്റു രണ്ടു മത്സരങ്ങളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ശിവജിയൻസ് മിനെർവയോട് സമനില വഴങ്ങിയപ്പോൾ ശക്തരായ മോഹൻ ബഗാനെ മുംബൈ എഫ്സിയും ഗോൾ ഗോൾ രഹിത സമനിലയിൽ തളച്ചു.

Advertisement