ഐ ലീഗിൽ ഗോൾ മഴ

- Advertisement -

ഐ ലീഗിൽ ഗോൾ മഴ തീർത്ത മത്സരങ്ങളിൽ മിനേർവ എഫ്സിക്കും ഷില്ലോങ് ലജോങ്ങിനും വിജയം. നാലിനെതിരെ അഞ്ച് ഗോളുകൾക്ക് മിനേർവ എഫ്‌സി ചർച്ചിൽ ബ്രദേഴ്‌സിനെ മറികടന്നപ്പോൾ ഒന്നിനെതിരെ നാലുഗോളുകൾക്കായിരുന്നു ചെന്നൈ സിറ്റിക്കെതിരെ ഷില്ലോങ് ലജോങ് വിജയിച്ചു കയറിയത്.

റൗണ്ട് ഒന്‍പതിലെ രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തിൽ തികച്ചും ഗോൾ മഴ തന്നെയായിരുന്നു സംഭവിച്ചത്. ഗോവയിലെ തിലക് മൈതാനിയിൽ നടന്ന മത്സരത്തിൽ മിനേർവ എഫ്സിയും ചർച്ചിൽ ബ്രദേഴ്‌സും വിട്ടുകൊടുക്കാതെ മത്സരിച്ചപ്പോൾ പിറന്നത് 9 ഗോളുകൾ ആയിരുന്നു. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ഡേവിഡ് ന്ഗിതെയിലൂടെ മിനേർവ മുൻപിൽ എത്തി. പക്ഷെ 7ആം മിനിറ്റിൽ ലിങ്‌ദോയിലൂടെ സമനില നേടിയ ചർച്ചിൽ 18ആം മിനിറ്റിൽ ആദിൽ ഖാനിലൂടെ ലീഡെടുത്തു. ഈ ലീഡിന് വെറും 4 മിനിറ്റ് മാത്രമേ ആയുസു ഉണ്ടായിരുന്നുള്ളു സിമ്രൻജിത് സിങ്ങിലൂടെ മിനേർവ സമനില നേടി. തുടർന്ന് 31ആം മിനിറ്റിൽ സൗവിക് ദാസിലൂടെ മിനേർവ ലീഡ് എടുത്തെങ്കിലും 41ആം മിനിറ്റിൽ ക്രോമയിലൂടെ ഗോൾ കണ്ടെത്തി ചർച്ചിൽ സ്‌കോർ സമനിലയാക്കി. ഇടവേളക്ക് പിരിയുമ്പോൾ സ്‌കോർ 3-3 എന്ന നിലയിൽ ആയിരുന്നു.

രണ്ടാം പകുതിയിൽ 51ആം മിനിറ്റിൽ ലോവ്‌ഡേ മിനേർവയുടെ നാലാം ഗോൾ കണ്ടെത്തി, തുടർന്ന് സമനില ഗോളിനായി ആക്രമിച്ചു കളിച്ച ചർച്ചിൽ 76ആം മിനിറ്റിൽ ക്രോമയിലൂടെ വീണ്ടും മിനേർവയുടെ വല കുലുക്കി. മത്സരം 4-4 എന്ന നിലയിൽ സമനിലയിൽ കലാശിക്കും എന്ന് തോന്നിച്ച ഘട്ടത്തിൽ ആണ് മിനേർവയുടെ വിജയഗോൾ പിറന്നത്. ഹാൻഡ് ബോളിനു ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി കരീം മിനേർവയുടെ വിജയം ഉറപ്പിച്ചു. 9 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി മിനേർവ ലീഗിൽ ആറാം സ്ഥാനത്തു നിൽക്കുമ്പോൾ 6 പോയിന്റുമായി ചർച്ചിൽ അവസാന സ്ഥാനത്താണ്.

രണ്ടാമത്തെ മത്സരത്തിൽ ഷില്ലോങ് ലജോങ് എഫ്‌സി ഒന്നിനെതിരെ നാല് ഗോളുകൾക്ക് ചെന്നൈ സിറ്റിയെ തോൽപ്പിച്ചു. ഷില്ലോങിന് വേണ്ടി ഫാബിയോ, വന്മലസ്വാമ, ബിപിൻ സിങ്, ഡിപാന്ത ഡിക്ക എന്നിവർ ഗോൾ നേടിയപ്പോൾ ഹാറൂൺ ഫക്രുദ്ധിന്റെ വകയായിരുന്നു ചെന്നൈയുടെ സമനില ഗോൾ. ലീഗിൽ ഷില്ലോങ് നാലാം സ്ഥാനത്തും ചെന്നൈ എട്ടാം സ്ഥാനത്തും ആണ്.

Advertisement