ഐ ലീഗ്: ശിവജിയൻസിനെതിരെ മോഹൻ ബഗാന് തകർപ്പൻ വിജയം

- Advertisement -

ഐ ലീഗിലെ വീക് 9 മത്സരങ്ങളിലെ ആദ്യ ദിനത്തെ മത്സരത്തിൽ മോഹൻ ബഗാന് തകർപ്പൻ വിജയം. ശിവജിയൻസിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കൊൽക്കത്ത വമ്പന്മാർ തകർത്തുവിട്ടത്. അതെ സമയം രണ്ടാമത്തെ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരയ ബെംഗളൂരു എഫ്‌സിയെ ദുർബലരായ മുംബൈ എഫ്‌സി സമനിലയിൽ തളച്ചു.

ബൽവന്ത് സിങ് നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ ആണ് മുൻ ചാമ്പ്യന്മാരായ മോഹൻ ബഗാൻ DSK ശിവജിയൻസിനെ തകർത്തു വിട്ടത്. രബീന്ദ്ര സരോബർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻറെ 33ആം മിനിറ്റിൽ ശിവജിയൻസ് ലീഡ് എടുത്തു എങ്കിലും 42, 44 മിനിറ്റുകളിൽ വല കുലുക്കി ബൽവന്ത് സിങ് ബഗാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷം ജെജെയെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി കസുമി ഗോളാക്കി മാറ്റി ബഗാന്റെ ഗോൾ പട്ടിക തികച്ചു. 9 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 21 പോയിന്റുമായി ബഗാൻ രണ്ടാം സ്‌ഥാനത്താണ്. 10 പോയിന്റുമായി ശിവജിയൻസ് ആറാം സ്ഥാനത്താണ്.

തുടർച്ചയായ ആറാം മത്സരത്തിലും വിജയം നേടാനാവാതെ നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സി മടങ്ങുന്നതാണ് മുംബൈ കൂപ്പറേജിൽ കണ്ടത്. ദുർബലരായ മുംബൈ എഫ്‌സിയോട് ഗോൾ രഹിത സമനില വഴങ്ങിയാണ് ബെംഗളൂരു തിരിച്ചത്. തുടർച്ചയായ മത്സരങ്ങൾ സമനിലയിൽ കലാശിക്കുന്നത് ബെംഗളൂരു കോച് ആൽബർട്ട് റോക്കയുടെ ഭാവി അനിശ്ചിതത്വത്തിൽ ആക്കിയിട്ടുണ്ട്. സമനില വഴങ്ങിയ ബംഗളുരു നാലാം സ്ഥാനത്താണ്, മുംബൈ എഫ്‌സി എട്ടാം സ്ഥാനത്തും.

വീക്കിലെ രണ്ടാം മത്സര ദിനത്തിൽ ചർച്ചിൽ ബ്രദേഴ്‌സ് മിനേർവയെയും ചെന്നൈ സിറ്റി ഷില്ലോങ് ലജോങ്ങിനെയും നേരിടും.

Advertisement