ഇന്ന് കൊൽക്കത്ത ഡെർബി, ഫുടബോൾ പ്രേമികൾ ആവേശത്തിൽ

- Advertisement -

ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന കൊൽക്കത്ത ഡെർബി ഇന്ന് അരങ്ങേറും. കൊൽക്കത്തയിലെ ബരസാത് സ്റ്റേഡിയത്തിൽ ലീഗിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ഏറ്റുമുട്ടുമ്പോൾ എന്നത്തേയും പോലെ ഇന്നും പൊടിപാറുമെന്നുറപ്പാണ്.

ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഈസ്റ്റ് ബംഗാൾ മികച്ച ഫോമിൽ ആണുള്ളത്. ലീഗിലെ ആദ്യ മത്സരത്തിൽ ഐസ്വാൾ എഫ്സിയോട് സമനില വഴങ്ങിയെങ്കിലും തുടർന്നിങ്ങോട്ട് എല്ലാ മത്സരവും വിജയിച്ച് 7 മത്സരങ്ങളിൽ നിന്നായി 19 പോയിന്റ് ആണുള്ളത്. ഹൈതിയുടെ സ്‌ട്രൈക്കർ വില്ലിസ് പ്ലാസയാണ് ഈസ്റ്റ് ബംഗാളിന്റെ കുന്തമുനയാവുക, 6 മത്സരങ്ങളിൽ നിന്നായി 5 ഗോളുകൾ നേടിയ പ്ലാസ മികച്ച ഫോമിൽ ആണുള്ളത്. പ്ലാസക്ക് പുറമെ വെഡ്സൺ അൻസെൽമ, റോബിൻ സിങ് എന്നിവരെല്ലാം മികച്ച ഫോമിലാണുള്ളത്. മലയാളി താരം ടിപി രഹനേഷ് ആണ് ഈസ്റ്റ് ബംഗാളിന് വേണ്ടി വല കാക്കുക.

മറുവശത്ത് മോഹൻ ബഗാനും മികച്ച ഫോമിൽ ആണ്, ലീഗിൽ ഇതുവരെ കളിച്ച ആറു മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ വിജയിച്ച ബഗാൻ ശിവജിയൻസിനോട് മാത്രമാണ് സമനില വഴങ്ങിയത്. ആറു മത്സരങ്ങളിൽ നിന്നായി ആറു ഗോളുകൾ നേടിയ സ്‌കോട്ടിഷ് സ്‌ട്രൈക്കർ ഡാരൽ ഡഫിയും ഇന്ത്യൻ താരം ജെജെയും മികച്ച ഫോമിൽ ആണ്. ഇവരുടെ കൂടെ സോണിയും കൂടെ ചേരുന്നതോടെ ബഗാൻ ആക്രമണ നിര ശക്തമാകും. ലീഗിൽ ഇതുവരെ 3 ഗോളുകൾ മാത്രം വഴങ്ങിയിട്ടില്ല മലയാളി താരം അനസ് എടത്തൊടിക അടങ്ങിയ പ്രധിരോധ നിരയും മികച്ച ഫോമിൽ ആണുള്ളത്.

പൊടിപാറും പോരാട്ടത്തിൽ ആര് വിജയിക്കും എന്ന് പ്രവചിക്കുക അസാധ്യമാണ്, രാജ്യത്തെ ഏറ്റവും പ്രസിദ്ധമായ ടീമുകൾ വീണ്ടും കൊമ്പുകോർക്കുമ്പോൾ മികച്ച ഒരു മത്സരം പ്രതീക്ഷിക്കാം. ഇന്ത്യൻ സമയം വൈകുന്നേരം 4.30നു ആണ് കിക്കോഫ്.

കൊൽക്കത്ത ഡെർബിയെ കുറിച്ചുള്ള ആർട്ടിക്കിൾ ഇവിടെ വായിക്കാം

Advertisement