ബെംഗളുരുവിന്റെ കഷ്ടകാലം തീരുന്നില്ല, മിനേർവയോടും സമനില

തുടർച്ചയായ നാലാമത്തെ മത്സരത്തിലും വിജയം കാണാതെ ബെംഗളൂരു മടങ്ങിയപ്പോൾ ചെന്നൈ സിറ്റി മുംബൈയെ പരാജയപ്പെടുത്തി, മറ്റൊരു മത്സരത്തിൽ ഷില്ലോങ് ലജോങ്ങിനെ ശിവജിയൻസ് പരാജയപ്പെടുത്തി.

ഇന്നത്തെ ആദ്യ മത്സരത്തിൽ സഞ്ജു പ്രധാന്റെയും ഷെയിൻ മക്‌ഫോളിന്റെയും മികവിൽ ശിവജിയൻസിനു ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഷില്ലോങിനെതിരെ വിജയം കണ്ടത്. മത്സരത്തിന്റെ 16ആം മിനിറ്റിൽ തന്നെ പ്രധാനിലൂടെ ശിവജിയൻസ് മുന്നിൽ എത്തിയെങ്കിലും തുടർച്ചയായ അഞ്ചാം മത്സരത്തിലും ഗോൾ കണ്ടെത്തി ഡിപാന്ത ഡിക്ക 33ആം മിനിറ്റിൽ മത്സരം സമനിലയിൽ ആക്കി. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഗോൾ നേടി ഷെയിൻ മക്‌ഫോൾ ശിവജിയൻസിനു വിജയം സമ്മാനിക്കുകയായിരുന്നു. ഹോം മത്സരങ്ങളിൽ ഇതുവരെ നൂറു ശതമാനം വിജയം നിലനിർത്തിയിരുന്ന ഷില്ലോങിന് തിരിച്ചടിയായി ഈ പരാജയം. വിജയത്തോടെ 9 പോയിന്റുമായി ശിവജിയൻസ് ലീഗിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു.

മുംബൈ എഫ്സിയുടെ കഷ്ടകാലം തുടരുന്നതാണ് ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ കണ്ടത്. തുടർച്ചയായ ആറാമത്തെ മത്സരത്തിലും മുംബൈ പരാജയപ്പെട്ടിരിക്കുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെന്നൈ സിറ്റി മുംബൈ എഫ്‌സിയെ തകർത്തത്. 28ആം മിനിറ്റിൽ ആൻഡേഴ്‌സൺ ഡി സിൽവയുടെ ഗോളിൽ മുന്നിൽ എത്തിയ ശേഷം രണ്ടെണ്ണം വഴങ്ങിയാണ് മുംബൈ തോറ്റത്. മുംബൈ ലീഡ് എടുത്ത് തൊട്ടടുത്ത നിമിഷം ഗണേഷിലൂടെ സമനില പിടിച്ച ചെന്നൈ സിറ്റി 69ആം മിനിറ്റിൽ ചാൾസിലൂടെ വിജയഗോൾ നേടുകയായിരുന്നു. സീസണിലെ രണ്ടാമത്തെ വിജയം കുറിച്ച ചെന്നൈ 7 പോയിന്റുമായി 7ആം സ്ഥാനത്തേക്ക് എത്തിയപ്പോൾ മുംബൈ എഫ്‌സി 9ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

തുടർച്ചയായ നാലാമത്തെ മത്സരത്തിലും നിലവിലെ ചാമ്പ്യന്മാരയ ബെംഗളൂരു എഫ്‌സി വിജയം നേടാനാവാതെ മടങ്ങുന്നതാണ് ഇന്നത്തെ മൂന്നാമത്തെ മത്സരത്തിൽ കണ്ടത്. സ്വന്തം മൈതാനമായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദുർബലരായ മിനേർവ എഫ്‌സിക്കെതിരെ സമനില വഴങ്ങുകയായിരുന്നു. 52ആം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയിലൂടെ മുന്നിൽ എത്തിയ ബെംഗളൂരു എഫ്‌സി 78ആം മിനിറ്റിൽ സന്ദേശ് ജിങ്കൻറെ ഓൺ ഗോളിൽ സമനില വഴങ്ങുകയായിരുന്നു. സമനില വഴങ്ങിയ ബെംഗളൂരു അഞ്ചാം സ്ഥാനത്തു തുടരുമ്പോൾ മിനേർവ എഫ്‌സി ഒരു സ്ഥാനം ഉയർന്നു എട്ടാം സ്ഥാനത്തേക്കെത്തി.