ഐ ലീഗിൽ മൂന്ന് മത്സരങ്ങൾ; വമ്പന്മാർ ഇറങ്ങുന്നു.

- Advertisement -

ഐ ലീഗിൽ ഇന്ന് മൂന്നു മത്സരങ്ങൾ ആണുള്ളത്, ആദ്യ മത്സത്തിൽ ഷില്ലോങ് ലജോങ് ചർച്ചിൽ ബ്രദേഴ്‌സിനെ നേരിടും. മോശം തുടക്കത്തിന് ശേഷം ലീഗിൽ തുടർച്ചയായി മൂന്ന് വിജയങ്ങൾ സ്വന്തമാക്കിയ സിങ്ത്തോയുടെ ഷില്ലോങ് ലജോങ് എഫ്‌സി മികച്ച ഫോമിൽ ആണ്. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ അഞ്ച് ഗോളുകൾ അടിച്ചു കൂട്ടിയ ഡിപാന്ത ഡിക്ക ഫോം തുടർന്നാൽ ചർച്ചിലിനെ മറികടക്കുക ഷില്ലോങിന് പ്രയാസകരമാവില്ല. അതെ സമയം മറുവശത്തു കാര്യങ്ങൾ അത്ര എളുപ്പമല്ല, ആദ്യ മൂന്ന്‍ മത്സരങ്ങള്‍ പരാജയപ്പെട്ട് തുടങ്ങിയ ചര്‍ച്ചില്‍ കഴിഞ്ഞ മൂന്ന്‍ മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയും നേടിയിരുന്നു. ചര്‍ച്ചില്‍ തോല്പിച്ചത് ബെംഗളുരു എഫ്സിയെ ആയിരുന്നു. തുടര്‍ന്ന്‍ മിനേര്‍വയേയും സമനിലയില്‍ പിടിച്ച ചര്‍ച്ചില്‍ ഫോമിലേക്ക് വരുന്നതിന്റെ സൂചനകൾ നൽകിയിട്ടുണ്ട്. ഇന്ത്യൻ സമയം വൈകുന്നേരം 04.30നു ആണ് മത്സരം.

വൈകുന്നേരം ഏഴിന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ DSK ശിവജിയൻസും ബെംഗളൂരു എഫ്സിയും തമ്മിൽ ഏറ്റുമുട്ടും. തുടർച്ചയായി രണ്ടു പരാജയങ്ങൾ ഏറ്റുവാങ്ങിയ ബെംഗളൂരു വിജയിക്കാനുറച്ചു തന്നെയാവും പുനെയിൽ ശിവജിയൻസിനെ നേരിടാൻ ഇറങ്ങുക. മികച്ച ഫോമിൽ ഉള്ള വിനീതും കഴിഞ്ഞ മത്സരതിൽ ഗോൾ കണ്ടെത്തി ഫോമിന്റെ സൂചനകൾ കാണിച്ച സുനിൽ ഛേത്രിയും അവസരത്തിനൊത്തുയരുമെന്ന പ്രതീക്ഷയിലാണ് കോച് ആൽബർട്ട് റോക്ക. അതെ സമയം ശിവജിയൻസ് ലീഗിൽ ഒരു മത്സരം മാത്രം ജയിച്ചു എട്ടാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ ഐസ്വാളിനോട് അവസാന നിമിഷം തോൽവി വഴങ്ങിയതിന്റെ ക്ഷീണം മാറ്റാൻ ആവും പുനെ ടീം ഇറങ്ങുക.

 

വൈകുന്നേരം ഏഴിന് തന്നെ നടക്കുന്ന മൂന്നാമത്തെ മത്സരത്തിൽ ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഈസ്റ്റ് ബംഗാളും അവസാന സ്ഥാനത്ത് നിൽക്കുന്ന ചെന്നൈ സിറ്റിയും തമ്മിൽ ഏറ്റുമുട്ടും. കൊൽക്കത്തയിലെ ബരസാത് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മികച്ച ഫോമിലുള്ള ഈസ്റ്റ് ബംഗാളിനെ മറികടക്കുക എന്നത് ചെന്നൈ സിറ്റിക്ക് കടുത്ത വെല്ലുവിളി തന്നെയാണ്. ആറു മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ഈസ്റ്റ് ബംഗാൾ വിജയം കാണാതെ ഇരുന്നിട്ടുണ്ട്. പ്ലാസയും അൺസെൽമയും റോബിൻ സിങുമെല്ലാം മികച്ച ഫോമിൽ ആണുള്ളത്. അതെ സമയം ചെന്നൈ സിറ്റി കഴിഞ്ഞ മത്സരത്തിൽ ഐസ്വാളിനെ വീഴ്ത്തി എങ്കിലും തുടർന്ന്  മത്സരത്തിൽ ഷില്ലോങ്ങിനോട് പരാജയപ്പെട്ടു, ഇതുവരെ ഒരു മൂന്നു ഗോളുകൾ മാത്രം സ്‌കോർ ചെയ്ത ടീമാണ് ചെന്നൈ എന്നത് തന്നെയാണ് ചെന്നൈക്ക് തലവേദനയാവുന്നത്. ഈസ്റ്റ് ബംഗാളിനോട് കൂടുതൽ ഗോളുകൾ വഴങ്ങാതെ പിടിച്ചു നിൽക്കുക എന്നത് മാത്രമാവും ചാൾസ് രാജയുടെയും സംഘത്തിന്റെയും ലക്‌ഷ്യം.

Advertisement