
ഐ ലീഗിൽ ശിവജിയൻസ് – ബെംഗളൂരു എഫ്സി മത്സരം സമനിലയിൽ കലാശിച്ചപ്പോൾ ഈസ്റ്റ് ബംഗാൾ ചെന്നൈ സിറ്റിയെ തോൽപ്പിച്ചു.
ശിവജിയൻസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന ബെംഗളൂരു എഫ്സിക്കെതിരായ മത്സരം അക്ഷരാർത്ഥത്തിൽ പൊടിപാറും പോരാട്ടമായിരുന്നു. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ കലാശിക്കുകയായിരുന്നു. അവസാന മിനിറ്റിൽ പിറന്ന ഗോളിനാണ് ബെംഗളൂരു സമനില പിടിച്ചത്. ആദ്യ പകുതിയിൽ 41ആം മിനിറ്റിൽ ഹോളിചാരൻ നർസാരി ശിവജിയൻസിനു വേണ്ടി വലകുലുക്കി. രണ്ടാം പകുതിയിൽ 55ആം മിനിറ്റിൽ തന്നെ വീണ്ടും നർസാരി വീണ്ടും വലകുലുക്കി ലീഡ് ഇരട്ടിയാക്കി. മറ്റൊരു തോൽവി മുന്നിൽ കണ്ട ബെംഗളൂരു തുടർന്ന് മത്സരത്തിലേക്ക് തിരിച്ചുവരുന്നതാണ് കണ്ടത്. 75ആം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രി ബെംഗളുരുവിനു വേണ്ടി വലകുലുക്കി ശിവജിയൻസിന്റെ ലീഡ് ഒന്നാക്കി കുറച്ചു. മത്സരം ശിവജിയൻസ് വിജയിക്കും എന്ന് തോന്നിയിടത്താണ് ബെംഗളൂരു സമനില പിടിച്ചത്. തൊണ്ണൂറാം മിനിറ്റിൽ കാമറൂൺ വാട്സൺ എടുത്ത കോർണർ കിക്ക് ഗോളാക്കി ബെംഗളൂരു എഫ്സിക്ക് സമനില നേടിക്കൊടുത്തു.
ഇന്നത്തെ മൂന്നാമത്തെ മത്സരത്തിൽ കൊൽക്കത്ത ശക്തികളും ലീഗ് ലീഡേഴ്സും ആയ ഈസ്റ്റ് ബംഗാൾ ദുർബലരായ ചെന്നൈ സിറ്റിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തകർത്ത് ലീഗിലെ ഒന്നാം സ്ഥാനം നിലനിർത്തുന്നതിനോടൊപ്പം മൂന്ന് പോയിന്റ് ലീഡ് നേടുകയും ചെയ്തു. ഗോളുകൾ ഒന്നും പിറക്കാതിരുന്ന ഒന്നാം പകുതിക്ക് ശേഷം 55ആം മിനിറ്റിൽ വെഡ്സൺ അൻസെൽമ ആണ് കൊൽക്കത്ത ടീമിന് വേണ്ടി ആദ്യം വലകുലുക്കിയത്. തുടർന്ന് 75ആം മിനിറ്റിൽ വില്ലിസ് പ്ലാസയും 90ആം മിനിറ്റിൽ റാൽറിൻഡിക രാൽടെയും ഗോൾ നേടി ഈസ്റ്റ് ബംഗാളിന്റെ ഗോൾ പട്ടിക തികച്ചു. ഈസ്റ്റ് ബംഗാളിന്റെ തുടർച്ചയായ ആറാം വിജയമാണിത്.