കൊൽക്കത്തയിൽ ത്രില്ലർ; ഡഫിയുടെ ഇരട്ട ഗോളിൽ മോഹൻ ബഗാന് വിജയം

കൊൽക്കത്തയിലെ രബീന്ദ്ര സരോബർ സ്റ്റേഡിയത്തിൽ നടന്ന ത്രില്ലറിൽ ഡാരൽ ഡഫിയുടെ ഇരട്ടഗോളിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഐസ്വാളിനെ മറികടന്ന് മോഹൻ ബഗാൻ ലീഗിലെ അഞ്ചാം വിജയം സ്വന്തമാക്കി. ആദ്യാവസാനം വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ 84ആം മിനിറ്റിൽ ഡഫി നേടിയ പെനാൽറ്റിയിലൂടെയാണ് കൊൽക്കത്ത വമ്പന്മാർ വിജയം ഉറപ്പിച്ചത്. ജയേഷ് റാണെയും അശുതോഷ് മേഹ്തയും ഐസ്വാളിനു വേണ്ടി വലകുലുക്കിയപ്പോൾ മോഹൻബഗാന്റെ ശേഷിച്ച ഗോൾ നേടിയത് ഇന്ത്യൻ താരം ജെജെ ആയിരുന്നു.

 

മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ഗോൾ നേടി ഡഫി ബഗാനെ മുന്നിൽ എത്തിച്ചിരുന്നു. തൊട്ടടുത്ത നിമിഷം ജെജെ എടുത്ത ഒരു ലോങ്ങ് ഷോട്ട് നിർഭാഗ്യവശാൽ ആണ് ഗോളാവാതെ പോയത്. 40ആം മിനിറ്റിൽ ഐസ്വാൾ ജയേഷ് റാണെയിലൂടെ സമനില കണ്ടെത്തി. ആദ്യ പകുതി അവസാനിക്കുമ്പോൾ 1-1 എന്നായിരുന്നു സ്‌കോർ.

ഐസ്വാളിന്റെ വിങ്ങുകളിലൂടെയുള്ള ശക്തമായ ആക്രമണത്തിൽ ആണ് രണ്ടാം പകുതി തുടങ്ങിയത്, പക്ഷെ കളിയുടെ ഒഴുക്കിനു വിപരീതമായി ജെജെ 63ആം മിനിറ്റിൽ ബഗാന് വേണ്ടി വലകുലുക്കിയതോടെ മത്സരം വീണ്ടും ബഗാന്റെ നിയന്ത്രണത്തിലായി. പക്ഷെ ഗോൾ വീണതോടെ ഉണർന്നു കളിച്ച ഐസ്വാൾ 70ആം മിനിറ്റിൽ അശുതോഷ് മെഹ്ത്തയിലൂടെ സമനില ഗോൾ കണ്ടെത്തി മത്സത്തിലേക്ക് തിരിച്ചു വന്നു.

 

മത്സരം സമനിലയിലേക്ക് നീങ്ങുകയാണ് എന്ന് തോന്നിച്ച ഘട്ടത്തിൽ ആണ് ബഗാന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത്. അശുതോഷ് മെഹ്ത ആണ് വില്ലൻ ആയത്, കസ്‌മയേ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഡഫി ഗോളാക്കി മാറ്റി ബഗാന്റെ വിജയം ഉറപ്പിച്ചു. ഡഫിയുടെ ഈ സീസണിലെ മൂന്നാമത്തെ ഇരട്ട ഗോളാണിത്.

 

വിജയത്തോടെ മോഹന്‍ ബഗാന്‍ 16 പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്താണ്‌. ബഗാനെക്കള്‍ ഒരു മത്സരം അതികം കളിച്ച ഐസ്വാള്‍ എഫ്സി 13 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

Previous articleആതിഥേയർക്ക് കാലിടറി; മാവൂരിൽ ജവഹർ മാവൂരും എടപ്പാളിൽ സ്കൈ ബ്ലൂവും വീണു
Next articleസൂപ്പറിന്റെ വിജയകുതിപ്പു തടയാൻ മുസാഫിർ എഫ് സി അൽ മദീന ഇറങ്ങുന്നു