ഐ ലീഗില്‍ ഇന്ന് മൂന്നു മത്സരങ്ങള്‍

ഇന്നത്തെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഐസ്വാൾ എഫ്‌സി DSK ശിവജിയൻസിനെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ദുർബലരായ ചെന്നൈയോട് പിണഞ്ഞ തോൽവിയുടെ ക്ഷീണം മാറ്റാനാണ് ഖാലിദ് ജമീലിന്റെ ഐസ്വാൾ ഇറങ്ങുക. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് സമനില പിടിച്ച ഐസ്വാൾ തുടർന്നങ്ങോട്ട് മികച്ച പ്രകടനം ആണ് പുറത്തെടുത്തത്. ഡേവ് റോജേഴ്‌സിന്റെ ടീമായ ശിവജിയൻസ് ലീഗിൽ തപ്പിത്തടഞ്ഞാണ് മുന്നേറുന്നത്. അഞ്ചു മത്സരങ്ങളിൽ ഒരു വിജയം മാത്രമാണ് ഇതുവരെ നേടിയിട്ടുള്ളത്. അഞ്ചു മത്സരങ്ങളിൽ നിന്നായി 10 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് ഐസ്വാൾ, അതെ സമയം 5 പോയിന്റ് മാത്രമുള്ള ശിവജിയൻസ് ഏഴാം സ്ഥാനത്തും. വിജയം കണ്ടെത്തി പോയിന്റ് നില മെച്ചപ്പെടുത്താൻ ആയിരിക്കും ഇരു ടീമുകളും ഇന്നിറങ്ങുക.

 

രണ്ടാമത്തെ മത്സരത്തിൽ ലീഗിലെ അവസാന സ്ഥാനക്കാരായ മിനേർവ എഫ്‌സി ചർച്ചിൽ ബ്രദേഴ്‌സിനെ നേരിടും. ലീഗിൽ ഇതുവരെ ഒരു വിജയം പോലും നേടാൻ കഴിയാത്ത ഏക ടീമാണ് മിനേർവ, അതെ സമയം കഴിഞ്ഞ മത്സരത്തിൽ ബെംഗളുരുവിനെ അട്ടിമറിച്ചാണ് ചർച്ചിൽ ബ്രദേഴ്‌സിന്റെ വരവ്. എന്ത് വിലകൊടുത്തും മത്സരം വിജയിക്കാൻ ഉറപ്പിച്ചാവും സുരേന്ദർ സിങ്ങും സംഘവും ഗുരുനാനാക് സ്റ്റേഡിയത്തിൽ ഇറങ്ങുക. കേവലം ഒരു പോയിന്റ് മാത്രമുള്ള മിനേർവ ലീഗിൽ അവസാന സ്ഥാനത്തു നിൽക്കുമ്പോൾ 4 പോയിന്റ് ഉള്ള ചർച്ചിൽ എട്ടാം സ്ഥാനത്താണ്.

ഫുട്‌ബോൾ പ്രേമികൾ ഉറ്റുനോക്കുന്ന പോരാട്ടമാണ് ഇന്നത്തെ മൂന്നാമത്തെ മത്സരം. കരുത്തരായ ഈസ്റ്റ് ബംഗാളിന്റെ എതിരാളികൾ മുംബൈ എഫ്‌സിയാണ്. ആദ്യ മത്സരത്തിൽ ഐസ്വാൾ എഫ്സിയോട് സമനില പിണഞ്ഞത് ഒഴിച്ച് നിർത്തിയാൽ ഈസ്റ്റ് ബംഗാൾ മിന്നും ഫോമിലാണ്. തുടർച്ചയായ അഞ്ചാം വിജയം ലക്ഷ്യമിട്ടാണ് മോർഗന്റെ ടീം ഇറങ്ങുന്നത് എങ്കിൽ എതിരാളികളായ മുംബൈ എഫ്‌സി തുടർ തോവികളിൽ നിന്ന് കരകയാറാനാവും ശ്രമിക്കുക. തുടർച്ചയായ മൂന്ന് പരാജയങ്ങൾ ഏറ്റ ക്ഷീണത്തിൽ ആണ് സഞ്‌ജയ്‌ കശ്യപിന്റെ മുംബൈ എഫ്‌സി. ആദ്യ രണ്ടു മത്സരങ്ങൾ വിജയിച്ച മുംബൈ തുടർന്നങ്ങോട്ട് പരാജയപ്പെടുകയായിരുന്നു. വിജയത്തിൽ കുറഞ്ഞൊന്നും ഇരു ടീമും പ്രതീക്ഷിക്കാത്തതിനാൽ മികച്ച മത്സരം പ്രതീക്ഷിക്കാം.