അവസാന മിനിറ്റിലെ ഗോളിൽ ഐസ്വാൾ എഫ്‌സി

DSK ശിവജിയൻസിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു നോർത്തീസ്റ്റ് ശക്തികളായ ഐസ്വാൾ എഫ്‌സി ഐ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി. രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 89ആം മിനിറ്റിൽ ബ്രണ്ടൻ വൻലാരാംദിക നേടിയ ഗോളിനാണ് ഐസ്വാൾ എഫ്‌സി പുനെ ടീമിനെ മറികടന്നത്.

 

ആദ്യാവസാനം വരെ മത്സരത്തിൽ ആധിപത്യം പുലർത്തിയ ഐസ്വാൾ അർഹിച്ച വിജയം ആണ് സ്വന്തമാക്കിയത്. ആദ്യപകുതിയിൽ കളിയുടെ ഗതി മുഴുവൻ ഐസ്വാൾ താരങ്ങളുടെ കയ്യിൽ ആയിരുന്നു എങ്കിലും ഗോൾ മാത്രം വിട്ടു നിന്ന്. റോജേഴ്‌സിന്റെ ശിവജിയൻസിനു കാര്യമായി ഒന്നും ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല.

 

രണ്ടാം പകുതിൽ മത്സരം ഒന്ന് കൂടെ ശക്തമായി, 72ആം മിനിറ്റിൽ ശിവജിയൻസിന്റെ ജെറി എടുത്ത ഒരു ലോങ്ങ് റേഞ്ച് ഷോട്ട് നിർഭാഗ്യവശാൽ ആണ് ഗോളാവാതെ പോയത്. ജെറിയുടെ ഷോട്ട് പോസ്റ്റിനു തൊട്ടടുത്തുകൂടെ പുറത്തേക്ക് പോയി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെയാണ് ഐസ്വാളിന്റെ വിജയഗോൾ പിറന്നത്. ജയേഷ് റാനെയും സ്റ്റിഫൻ കാമോയും ചേർന്ന് നടത്തിയ നീക്കം ബ്രണ്ടൻ വൻലാരാംദിക ഗോളാക്കി മാറ്റി. വലത് വശത്തു നിന്നും റാനെ നൽകിയ ക്രോസ് ബ്രണ്ടൻ വലയിലേക്ക് അടിച്ചുകയറ്റി ഐസ്വാളിന്റെ വിജയം ഉറപ്പിച്ചു.

 

അടുത്ത മത്സരത്തിൽ മോഹൻ ബഗാനെ നേരിടാൻ ഇരിക്കുന്ന ഐസ്വാളിനു വിജയം ആത്മവിശ്വാസമേകും. 6 മത്സരങ്ങൾ പൂർത്തിയായപ്പോൾ ഐസ്വാൾ 13 പോയിന്റുമായി ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു, അതെ സമയം ശിവജിയൻസ് ഏഴാം സ്ഥാനത്താണ്.

Previous articleസുദേവയോട് പൊരുതി തോറ്റ് റെഡ് സ്റ്റാർ
Next articleപോയിന്റ് പങ്കിട്ട് മിനേർവയും ചർച്ചിലും