മുംബൈ ഷില്ലോങിനെതിരെ, ഐസ്വാളിന് എതിരാളി ചെന്നൈ സിറ്റി

ഐ ലീഗിൽ ശനിയാഴ്ച രണ്ടു മത്സരങ്ങൾ ആണുള്ളത്. ആദ്യ മത്സരത്തിൽ മുംബൈ എഫ്‌സി ഷില്ലോങ് ലജോങ്ങിനെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ ഐസ്വാൾ എഫ്‌സി ചെന്നൈ സിറ്റിയെ നേരിടും.

മുംബൈ എഫ്‌സി – ഷില്ലോങ് ലജോങ് എഫ്‌സി 

കഴിഞ്ഞ മത്സരത്തിൽ മിനേർവക്കെതിരെ ലീഗിലെ ആദ്യ വിജയം നേടിയ ആത്മവിശ്വാസത്തിൽ ആണ് ലജോങ് ഇറങ്ങുന്നത്. തുടർച്ചയായ മൂന്നു പരാജയങ്ങൾക്ക് ശേഷം നേടിയ വിജയം സിങ്തോക്കും സംഘത്തിനും മികച്ച ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്. മൂർച്ഛയില്ലാത്ത മുന്നേറ്റനിരയും കെട്ടുറപ്പില്ലാത്ത പ്രധിരോധവുമാണ് സിങ്തോയെ കുഴക്കുന്നത്. ലീഗിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോളുകൾ വഴങ്ങിയ ടീമായ ലജോങ് ഇതുവരെ ആകെ 3 ഗോളുകൾ മാത്രമാണ് സ്‌കോർ ചെയ്തിട്ടുള്ളത്. തുടർച്ചയായ രണ്ടു പരാജയങ്ങളുമായാണ് മുംബൈ എഫ്‌സി ഷില്ലോങ്ങിലേക്ക് വണ്ടി കയറുന്നത്.

രണ്ടു വിജയങ്ങളുമായി സീസൺ തുടങ്ങിയ മുംബൈ പിന്നീടു ബെംഗളുരുവിനോടും ഐസ്വാളിനോടും പരാജയപ്പെട്ടു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഗോൾ നേടാനായിട്ടില്ല എന്നതാണ് സന്തോഷ് കശ്യപിനെ വലയ്ക്കുന്നത്. തോയ് സിംഗിന്റെയും പ്രതീഷ് ശിരോധ്കറിന്റെയും മികച ഫോം ഷില്ലോങിന് തലവേദനയാകും. ട്രിനിഡാഡിന്റെ മധ്യനിര താരം തിയോബാൾഡ് ഫോമിലേക് ഉയരുകയും കൂടെ ചെയ്താൽ മുംബൈക്ക് ഷില്ലോങ്ങിനെ മറികടന്ന് വിജയ വഴിയിൽ തിരിച്ചെത്താം. ഇന്ത്യൻ സമയം വൈകുന്നേരം 4.30നു ആണ് മത്സരം.

ചെന്നൈ സിറ്റി – ഐസ്വാൾ എഫ്‌സി

തോൽവിയുടെ പടുകുഴിയിൽ നിൽക്കുന്ന ചെന്നൈക്ക് ഐസ്വാളിനെ മറികടന്നെ മതിയാവു. 4 മല്സരങ്ങളിൽ 3 പരാജയവും 1 സമനിലയുമായി ഒരു പോയിന്റാണ് ചെന്നൈയുടെ ആകെ സമ്പാദ്യം. ചെന്നൈയുടെ മുന്നേറ്റ നിര വളരെ ദയനീയം ആണ്, ആകെ ഒരു ഗോൾ മാത്രമേ ഇതുവരെ സ്‌കോർ ചെയ്തിട്ടുള്ളു. ഖാലിദ് ജമാലിന്റെ ഐസ്വാൾ പ്രധിരോധത്തെ മറികടക്കാൻ ചെന്നൈ നന്നായി വിയർക്കേണ്ടി വരും എന്നതിൽ സംശയമില്ല. പക്ഷെ കഴിഞ്ഞ മത്സരത്തിൽ ലീഗിൽ ഒന്നാമതുള്ള മോഹൻ ബഗാനെ സമനിലയിൽ തളച്ചത് ചെന്നൈയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല. ആദ്യ വിജയം നേടാൻ ഉറച്ചു തന്നെയാവും റോബിൻ ചാൾസ് രാജയുടെ ചെന്നൈ ഇറങ്ങുക.

മറുവശത്ത് ഐസ്വാൾ എഫ്‌സി മികച്ച ഫോമിൽ ആണ്, ആദ്യ മത്സരത്തിൽ ശക്തരായ ഈസ്റ്റ് ബംഗാളിനോട് സമനില വഴങ്ങി എങ്കിലും തുടർന്ന് വന്ന മൂന്ന് മത്സരങ്ങളും വിജയിച്ചു ഐസ്വാൾ ടേബിളിൽ മൂന്നാം സ്ഥാനത്താണ്. ഖലീജ് ജാമിലിന്റെ തന്ത്രങ്ങൾ അതെ പോലെ നടപ്പിലാക്കുന്ന ഐസ്വാൾ താരങ്ങൾ ചെന്നൈയെ മറികടന്ന് ടേബിളിൽ മുന്നോട്ട് കുതിക്കാനാവും ഇറങ്ങുക. ഇന്ത്യൻ സമയം വൈകുന്നേരം 7നു ആണ് മത്സരം.