
വനിതാ ഐ ലീഗിലെ അവസാന ലീഗ് മത്സരത്തിൽ ടൂർണമെന്റ് ഫേവറൈറ്റുകൾ തമ്മിൽ നടന്ന പോരാട്ടത്തിൽ അളകാപുരി എഫ്സിക്കെതിരെ ഈസ്റ്റേൺ സ്പോർട്ടിങ് യൂണിയന് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഈസ്റ്റേൺ വിജയിച്ചു കയറിയത്. ജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനക്കാരായി ഈസ്റ്റേൺ സെമിയിൽ പ്രവേശിച്ചപ്പോൾ അളകാപുരി മൂന്നാം സ്ഥാനക്കാരായി.
അംബേദ്ക്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടാം മിനിറ്റിൽ തന്നെ ഈസ്റ്റേണിന്റെ വിജയ ഗോൾ പിറന്നിരുന്നു, പ്രമേശ്വരിയുടെ ക്രോസിൽ തല വെച്ച് ഇന്ത്യൻ താരം കമലാദേവി പന്ത് വലയിൽ എത്തിക്കുകയായിരുന്നു. കമലാദേവി പലതവണ ഗോളിന് തൊട്ടടുത്ത് എത്തിയിരുന്നു എങ്കിലും അതെല്ലാം ഓഫ് സൈഡിൽ കുടുങ്ങിയത് മൂലം കൂടുതൽ ഗോളുകൾ വഴങ്ങാതെ അളകാപുരി രക്ഷപ്പെടുകയായിരുന്നു.
ഇന്നത്തെ മത്സരത്തോടെ പ്രഥമ വനിതാ ഐ ലീഗിന്റെ സെമി ഫൈനൽ ലൈനപ്പ് പൂർണമായി, ആദ്യ സ്ഥാനക്കാരായി യോഗ്യത നേടിയത് റൈസിംഗ് സ്റ്റുഡന്സ്റ് ആണ്. രണ്ടാം സ്ഥാനക്കാരായി ഈസ്റ്റേണും മൂന്നാം സ്ഥാനക്കാരായി അളകാപുരിയും യോഗ്യത നേടിയപ്പോൾ പൂനെ സിറ്റി നാലാം സ്ഥാനക്കാരായി. ആദ്യ സെമിയിൽ റൈസിംഗ് സ്റ്റുഡന്റ്സ് എഫ്സി പൂനെ സിറ്റിയെയും രണ്ടാമത്തെ സെമിയിൽ ഈസ്റ്റേൺ സ്പോർട്ടിങ് യൂണിയൻ അളകാപുരി എഫ്സിയെയും നേരിടും. ഈ മാസം 11നു ആണ് ഇരു സെമിയും നടക്കുക.