പഞ്ചാബികളെ മലർത്തിയടിച്ച് ഈസ്റ്റ് ബംഗാൾ, മിനേർവക്കെതിരെ 5-0ന്റെ വിജയം

ലുധിയാനയിലെ ഗുരുനാനാക്ക് സ്റ്റേഡിയത്തിൽ ഇന്ന് ഈസ്റ്റ് ബംഗാളിന്റെ ഗോൾ മഴ ആയിരുന്നു. ആതിഥേയരായ മിനേർവ എഫ്‌സിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്ത് കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാൾ ഐ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി.

വെഡ്‌സൺ അൻസെൽമ നേടിയ ഹാട്രിക്കിന്റെ (8, 65, 66) മികവിൽ ആണ് ഈസ്റ്റ് ബംഗാൾ മിനേർവ എഫ്‌സിയെ തകർത്തു വിട്ടത്. സീസണിലെ ആദ്യ ഹോം മത്സരത്തിന് ഇറങ്ങിയ മിനേർവ ഒരു സമയം പോലും ഈസ്റ്റ് ബംഗാളിന് വെല്ലു വിളി ഉയർത്തിയിരുന്നില്ല. എട്ടാം മിനിറ്റിൽ റോബിൻ സിംഗിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ദിദിക എടുക്കുകയും അൻസെൽമ ഗോളാക്കി മാറ്റുകയും ചെയ്ത് ഈസ്റ്റ് ബംഗാളിന് മികച്ച തുടക്കം നൽകി. തുടർന്നങ്ങോട്ട് ഈസ്റ്റ് ബംഗാൾ മാത്രമായിരുന്നു കളത്തിൽ ഉണ്ടായിരുന്നത്. 40ആം മിനിറ്റിൽ ബേക്കേ നൽകിയ ക്രോസ് ഗോളാക്കി മാറ്റി വില്ലിസ് പ്ലാസ ലീഡ് ഇരട്ടിയാക്കി.

ആദ്യ പകുതി നിർത്തിയടത്തു വെച്ച് തന്നെയാണ് ഈസ്റ്റ് ബംഗാൾ രണ്ടാം പകുതിയും തുടങ്ങിയത്. 63ആം മിനിറ്റിൽ ഹാൻഡ് ബാളിനു ലഭിച്ച പെനാൽറ്റി അൻസെൽമ ഗോളാക്കി മാറ്റി തന്റെ ഗോൾ നേട്ടം രണ്ടും ടീം ഗോൾ 3ഉം ആക്കി ഉയർത്തി. തുടർന്ന് മിനിറ്റുകൾക്കകം റോബിന് സിങ്ങും തൊട്ടടുത്ത മിനിറ്റിൽ അൻസെൽമയും ഗോൾ കണ്ടെത്തി ഈസ്റ്റ് ബംഗാൾ പട്ടിക പൂർത്തിയാക്കി. സുരേന്ദർ സിംഗിന്റെ ടീമിന് തുടർന്ന് ഈസ്റ്റ് ബംഗാളിനെതിരെ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

വിജയത്തോടെ ഈസ്റ്റ് ബംഗാളിന് 5 കളികളിൽ നിന്നായി 13 പോയിന്റ്  ആയി. മോഹൻ ബഗാനും 13 പോയിന്റ് ആണെങ്കിലും മികച്ച ഗോൾ ശരാശരിയുടെ മികവിൽ ഈസ്റ്റ് ബംഗാൾ പട്ടികയിൽ ഒന്നാമതെത്തി. 5 മത്സരങ്ങളിൽ ഇന്നും ഒരു പോയിന്റ് മാത്രമായി മിനേർവ ഏറ്റവും അവസാന സ്ഥാനത്താണ്.

Previous articleഅണ്ടർ 14 അക്കാദമി ലീഗ്; സി എച്ച് അക്കാദമിക്ക് മിന്നും ജയം
Next articleവനിതാ ഐ ലീഗില്‍ ഇന്ന് ഗോള്‍ രഹിത സമനില