ഐ ലീഗ്: മുംബൈക്കെതിരെ ഷില്ലോങിനും ഐസ്വാളിനെതിരെ ചെന്നൈക്കും വിജയം.

ഐ ലീഗിലെ ഇന്നത്തെ മത്സരങ്ങളിൽ ഷില്ലോങ് ലജോങ്ങിനും ചെന്നൈ സിറ്റിക്കും വിജയം.

ഡിപാന്തയുടെ ഇരട്ട ഗോളിൽ ഷില്ലോങ് ലജോങ്

മുംബൈ എഫ്‌സിക്ക് തുടർച്ചയായ മൂന്നാം തോൽവി, ഷില്ലോങ് ലജോങ്ങിന് തുടർച്ചയായ രണ്ടാം ജയം. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹോം ടീം ആയ ഷില്ലോങ് ലജോങ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മുംബൈ എഫ്‌സിയെ തോൽപ്പിച്ചു. ഷില്ലോങിന് വേണ്ടി അസ്ർ ഡിപാന്ത ഇരട്ട ഗോൾ നേടിയപ്പോൾ മൂന്നാമത്തെ ഗോൾ കോൻഷാം സിംഗിന്റെ വകയായിരുന്നു. കരൺ സൗൻഹായ്‌ ആണ് മുംബൈയുടെ ആശ്വാസ ഗോൾ നേടിയത്. പതിയെ തുടങ്ങിയ മത്സരത്തിൽ ഷില്ലോങ് ലജോങ് പതിയെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ആക്രണമത്തിന് മൂർച്ഛയില്ലാത്തതാണ് മുംബൈക്ക് വിനയായത്. ലഭിച്ച അവസരങ്ങൾ ഒന്നും തന്നെ മുംബൈ സ്‌ട്രൈക്കേഴ്‌സിനു ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല.

സീസണിൽ മികച്ച രീതിയിൽ തുടങ്ങിയ മുംബൈ എഫ്സിയുടെ തുടർച്ചയായ മൂന്നാമത്തെ പരാജയമാണ്. പരാജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതെ സമയം ഗോൾ ശരാശരിയിൽ മുംബൈയെ പിന്തള്ളി ഷില്ലോങ് ലജോങ് ആറാം സ്ഥാനത്തേക്ക് എത്തി. അടുത്ത മത്സരത്തിൽ മുംബൈക്ക് എതിരാളികൾ ശക്തരായ ഈസ്റ്റ് ബംഗാൾ ആണ്, ഷില്ലോങ് ലജോങ്ങിന് എതിരാളികൾ ചെന്നൈ സിറ്റിയും.

ആദ്യ ജയത്തോടെ ചെന്നൈ സിറ്റി

തുടച്ചായായ പരാജയങ്ങൾക്കും സമനിലകൾക്കും ശേഷം ചെന്നൈ സിറ്റി വിജയതീരം അണിഞ്ഞു. ചെന്നൈ ഹോം ഗ്രൗണ്ട് ആയ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഖാലിദ് ജമീലിന്റെ ഐസ്വാൾ എഫ്‌സിയെ എതിരില്ലാത്ത രണ്ടു ഗോളിന് ചെന്നൈ തോൽപ്പിച്ചു. 53ആം മിനിറ്റിൽ മാർക്കോസും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ ചാൾസും ചെന്നൈക്ക് വേണ്ടി വലകുലുക്കി.

വിരസമായ ആദ്യപകുതിയിൽ കാര്യമായ നീക്കങ്ങൾ ഒന്നും തന്നെ ഇരുടീമുകളിൽ നിന്നും ഉണ്ടായിരുന്നില്ല. ചെന്നൈക്ക് മികച്ച ഒരു അവസരം ലഭിച്ചു എങ്കിലും ചാൾസ് സിസ്സർ കട്ടിലൂടെ ഗോൾ നേടാൻ ശ്രമിച്ചു അവസരം പാഴാക്കി കളഞ്ഞു. കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് വിപരീതമായി ജയേഷ് റാണെക്കോ അംനക്കോ കാര്യമായി ഒന്നും ചെയ്യാൻ കഴിയാഞ്ഞത് ഐസ്വാളിനെ ബാധിച്ചിരുന്നു.

രണ്ടാം പകുതി പിന്നിട്ട് എട്ടാം മിനിറ്റിൽ തന്നെ ചെന്നൈ ലീഡ് എടുത്തു. 53ആം മിനിറ്റിൽ മാർക്കോസ് കോസ്റ്റ 25അടി ദൂരെ നിന്ന് എടുത്ത ഒരു ഷോട്ട് ഗോളിയെ മറികടന്ന് വലയിൽ കയറി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ആണ് ചെന്നൈയുടെ രണ്ടാം ഗോൾ പിറന്നത്. ചാൾസിനെ കിങ്സ്ലി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ചാൾസ് തന്നെ ഗോളാക്കി മാറ്റി പട്ടിക തികച്ചു.

ജയിച്ചെങ്കിലും ചെന്നൈ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത് തുടരുകയാണ്. ഐസ്വാൾ എഫ്‌സി മൂന്നാം സ്ഥാനത്താണ്.

Previous articleസെവനപ്പ്!!! ജിടിനെതിരെ ഏഴടിച്ച് ഈസ്റ്റേൺ സ്പോർട്ടിങ്
Next articleഇമ്രാന്‍ താഹിര്‍ മാന്‍ ഓഫ് ദി മാച്ച്, ദക്ഷിണാഫ്രിക്കയ്ക്ക് 8 വിക്കറ്റ് വിജയം