വിനീതിൽ കണ്ണും നട്ട് ബെംഗളൂരു നാളെ ചർച്ചിലിനെതിരെ

- Advertisement -

ഈസ്റ്റ് ബംഗാളിനോടേറ്റ തോൽവിയുടെ ക്ഷീണമകറ്റാൻ ബെംഗളൂരു എഫ്‌സി നാളെ ചർച്ചിൽ ബ്രദേഴ്‌സിനെ നേരിടും. ചർച്ചിൽ ഹോം ഗ്രൗണ്ട് ആയ ഗോവയിലെ തിലക് മൈദാനിലാണ് മത്സരം.

സീസണിലെ ആദ്യത്തെ മൂന്ന് ഹോം മത്സരങ്ങളും വിജയിച്ച് തുടങ്ങിയ നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സി, ആദ്യ എവേ മല്സരത്തിൽ തന്നെ കരുത്തരായ ഈസ്റ്റ് ബംഗാളിനോട് പരാജയം ഏറ്റുവാങ്ങി ടേബിളിൽ നാലാം സ്ഥാനത്താണ്. മികച്ച ഫോമിൽ ഉള്ള മലയാളി താരം സികെ വിനീതിൽ തന്നെ ആയിരിക്കും ബെംഗളൂരു ആക്രമണത്തിന്റെ ചുമതല ആൽബർട്ട് റോക്ക ഏൽപ്പിക്കുക. 4 മത്സരങ്ങളിൽ നിന്നായി ഒരു ഹാട്രിക് അടക്കം 5 ഗോളുകൾ ആണ് വിനീത് അടിച്ചു കൂട്ടിയത്. അതെ ക്യാപ്റ്റൻ സുനിൽ ഛേത്രി ഇതുവരെ ഫോമിൽ എത്താത്തത് റോക്കക്ക് തലവേദയാണ്, ഇതുവരെ എതിരാളികളുടെ വല ചലിപ്പിക്കാൻ ഇന്ത്യൻ ക്യാപ്റ്റന് കഴിഞ്ഞിട്ടില്ല. ഈസ്റ്റ് ബംഗാളിനോട് പരാജയപ്പെട്ടെങ്കിലും ബെംഗളൂരു പ്രതിരോധവും മികച്ച ഫോമിൽ ആണ്, 4 മത്സരങ്ങളിൽ നിന്നായി 2 ഗോളുകൾ മാത്രമാണ് പ്രതിരോധം വഴങ്ങിയിട്ടുള്ളത്. വിനീതിനൊപ്പം ഛേത്രിയും ഫോമിലേക്കുയർന്നാൽ അനായാസം ചർച്ചിലിനെ മറികടന്ന് 3 പോയിന്റുമായി ബെംഗളൂരുവിന് എ.എഫ്.സി ചാമ്പ്യൻസ് ലീഗ് യോഗ്യതാ മല്സരത്തിയായി ജോർദാനിലേക്ക് തിരിക്കാം.

മറുവശത്തു കാര്യങ്ങൾ അത്ര എളുപ്പമല്ല ചർച്ചിലിന്, 4 മത്സരങ്ങളിൽ 3 പരാജയം, ശിവജിയൻസിനെതിരായ ഒരു സമനിലയിൽ നിന്നും നേടിയ ഒരു പോയിന്റുമായി ടേബിളിൽ അവസാന സ്ഥാനത്ത്. ആക്രമണത്തിന്റെ ചുമതലയുള്ള വോൾഫും ഡിസൂസയും ഇതുവരെ ഫോമിലേക്കുയർന്നിട്ടില്ല, ഒരു ഗോള് പോലും ഇരുവരുടെയും ബൂട്ടിൽ നിന്നും പിറന്നിട്ടില്ല. സീക്കോക്ക് കീഴിൽ ഐഎസ്എല്ലിൽ മിന്നും പ്രകടനം കാഴ്ചവെച്ച കീനൻ അൽമേഡക്ക് തന്നെ ആയിരിക്കും പ്രതിരോധത്തിന്റെ ചുമതല, വിങ്ങുകളിലൂടെ മുന്നോട്ട് കയറാനുള്ള അൽമേഡയുടെ കഴിവ് ചർച്ചിൽ മുന്നേറ്റത്തിന് മുതൽക്കൂട്ടാവും.

പരാജയത്തിന്റെ പടുകുഴിയിൽ നിന്ന് കരകയറാൻ ചർച്ചിലും വിജയവഴിയിലേക് തിരിച്ചെത്താൻ ബെംഗളൂരുവും ഇറങ്ങുമ്പോൾ മികച്ച മത്സരം പ്രതീക്ഷിക്കാം, നാളെ വൈകുന്നേരം 7മണിക്ക് ആണ് മത്സരം.

Advertisement