മുംബൈക്ക് വീണ്ടും കാലിടറി, ഐസ്വാളിന് ഒരു ഗോളിന്റെ വിജയം

ഐ ലീഗിലെ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ മുംബൈ എഫ്‌സിക്കെതിരെ ഐസ്വാൾ എഫ്‌സിക്ക് ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം. മുംബൈയിലെ കൂപ്പറെജ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 79ആം മിനിറ്റിൽ സിറിയൻ മിഡ്ഫീൽഡർ മഹ്മൂദ് അൽ അംന നേടിയ ഗോളിനാണ് ഐസ്വാൾ വിജയം കണ്ടത്.

മത്സരത്തിന്റെ തുടക്കത്തിൽ ഐസ്വാളിന്റെ ആധിപത്യം ആയിരുന്നു കണ്ടത്. സോമിൻഗ്വമിയയിലൂടെയും കാമോയിലൂടെയും ആക്രമിച്ചു കളിച്ച ഖാലിദ് ജാമിലിന്റെ ഐസ്വാളിനു മറുപടിയായി മുംബൈക്ക് വേണ്ടി മധ്യനിരയിൽ നിഖിലും പ്രദേശ് ശിരോധ്കറും ഉണ്ടായിരുന്നു. ഇരു ടീമുകളും കാര്യമായ മുന്നേറ്റങ്ങൾ ഒന്നും നടത്താതെയാണ് പകുതി അവസാനിച്ചത്.

രണ്ടാം പകുതിയിൽ ഐസ്വാളിനു ആയിരുന്നു മുൻ‌തൂക്കം. അൻപതാം മിനിറ്റിൽ ഐസ്വാളിന്റെ അശുതോഷ് മെഹ്ത എടുത്ത ഒരു ശക്തമായ ഷോട്ട് മുംബൈ പ്രതിരോധത്തിൽ തട്ടി പുറത്തേക്ക് പോവുകയായിരുന്നു. 76ആം മിനിറ്റിൽ ലീഡ് നേടാനുള്ള ഒരു അവസരം ഐസ്വാളിന് ലഭിച്ചിരുന്നു, ലാൽരുത്ഥാന നൽകിയ പന്ത് അംന പുറത്തേക്ക് അടിക്കുകയായിരുന്നു.

79ആം മിനിറ്റിൽ ലാൽരുത്ഥാന തന്നെ നൽകിയ പാസ് അംന ഗോളാക്കി മാറ്റുമ്പോൾ കിട്ടിമണിക്ക് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. 87ആം മിനിറ്റിൽ മുംബൈയുടെ സ്റ്റീവൻ ഡയസ് എടുത്ത കോർണർ കിക്കിൽ ഒരു ഓവർ ഹെഡ് കിക്ക് വഴി ഗോൾ നേടാൻ ചിന്ത റാവോ ശ്രമിച്ചു എങ്കിലും പന്ത് പുറത്തേക്ക് പോയി.

4 മത്സരങ്ങളിൽ ഒരു സമനിലയും മൂന്നു വിജയങ്ങളുമായി ഐസ്വാൾ മൂന്നാം സ്ഥാനത്തേക്ക് എത്തിയപ്പോൾ മുംബൈ എഫ്‌സി രണ്ടു ജയവും രണ്ടു തോൽവിയുമായി അഞ്ചാം സ്ഥാനത്താണ്.