ശിവജിയൻസിനെ സമനിലയിൽ തളച്ച് ചർച്ചിൽ ബ്രദേഴ്സിന് ആദ്യ പോയിന്റ്.

- Advertisement -

ശിവജിയന്സിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിന്റെ അവസാന നിമിഷം നേടിയ സമനില ഗോളിൽ ചർച്ചിൽ ബ്രദേഴ്സിന് ലീഗിലെ ആദ്യ പോയിന്റ് നേടി.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ചർച്ചിൽ ആധിപത്യം നേടുന്നതാണ് കണ്ടത്. ശിവജിയന്സിനെതിരെ ബ്രെണ്ടൻ ഫെർണാണ്ടസ് എടുത്ത ഒരു ഫ്രീകിക്കിന്റെ അവസാനം പന്ത് ചർച്ചിലിന്റെ പ്രതിരോധനിര താരം റോഡ്രിഗ്വേസിന്റെ കാലിൽ എത്തുകയും പന്ത് പോസ്റ്റിന് പുറത്തു കൂടെ അടിച്ചു കളയുകയും ചെയ്തപ്പോൾ ഗോൾ പോസ്റ്റ് ആളൊഴിഞു കിടക്കുകയായിരുന്നു.

ആദ്യ മിനിറ്റുകളിലെ അങ്കലാപ്പുകൾക്ക് ശേഷം മത്സരത്തിലേക്ക് ശക്തമായി തിരിച്ചു വന്ന ശിവജിയൻസ് ഉടനെ തന്നെ ലീഡ് എടുക്കുകയും ചെയ്തു. 22ആം മിനിറ്റിൽ, കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ ജാപ്പനീസ് മിഡ്ഫീൽഡർ സിയോങ് യോങ് കിം വീണ്ടും വല കുലുക്കി. 28ആം മിനിറ്റിൽ ലീഡ് ഇരട്ടിയാക്കാനുള്ള ചാങ്തേയുടെ ഒരു അവസരം ചർച്ചിലിന്റെ പ്രിയന്‍ സിങ് സേവ് ചെയ്യുകയായിരുന്നു.

ആദ്യ പകുതിയിൽ 1-0 എന്നായിരുന്നു സ്‌കോർ നില.

ഇരു ടീമുകളിൽ നിന്നും വലിയ മുന്നേറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് രണ്ടാം പകുതി തുടങ്ങിയത്. 57ആം മിനിറ്റിൽ സഞ്ജു പ്രധാന്റെ ഒരു ലോങ്ങ് റേഞ്ച് സേവ് ചെയ്ത് കൊണ്ട് പ്രിയന്ത് സിങ് വീണ്ടും ചർച്ചിലിന്റെ രക്ഷകനായി.

74ആം മിനിറ്റിൽ ചർച്ചിലിന്റെ ആദിൽ ഖാൻ വരുത്തിയ ഒരു പിഴവ് മുതലെടുത്ത് വീണ്ടും ഗോൾ നേടാനുള്ള ഒരു അവസരം സിയോങ്ങിന് ലഭിച്ചു എങ്കിലും പന്ത് ലക്ഷ്യത്തിൽ എത്തിക്കാനായില്ല.

തൊട്ടുപിറകെ ബക്തുറിനെ ബോക്സിൽ സഞ്ജു പ്രാധാൻ വീഴ്ത്തിയത്തിന് ചർച്ചിലിന് പെനാൽറ്റി ലഭിച്ചു എങ്കിലും വോൾഫ് എടുത്ത ദുർബലമായ ഗ്രൗണ്ട് ഷോട്ട് ഗോൾ കീപ്പർ അനായാസം സേവ് ചെയ്തു. തുടർന്നാണ് ചർച്ചിലിന്റെ സമനില ഗോൾ പിറന്നത്, 86ആം മിനിറ്റിൽ ലഭിച്ച ഒരു കോർണർ കിക്കിന് തല വെച്ച് ആദിൽ ഖാൻ തന്നെ പന്ത് വലയിലാക്കി സമനില നേടി.

89ആം മിനിറ്റിൽ ലഭിച്ച ഒരു വൺ ഓൺ വൺ ചാൻസ് സഞ്ജു പ്രധാൻ പാഴാക്കിയതോടെ ശിവജിയാൻസ് ചർച്ചിലിന് മുന്നിൽ സമനില വഴങ്ങി. ഇരു ടീമുകൾക്കും ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റിയിരുന്നു എങ്കിൽ മത്സരത്തിന്റെ അവസാനം മറ്റൊന്നായിരുന്നേനെ.

നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ നാല് പോയിന്റുമായി ശിവജിയൻസ് ആറാം സ്ഥാനത്തും ഒരു പോയിന്റുമായി ചർച്ചിൽ എട്ടാം സ്ഥാനത്തും ആണ്.

Advertisement