
വനിതാ ഐ ലീഗിൽ മൂന്നാം റൌണ്ട് പോരാട്ടത്തിൽ ഇന്ന് നടന്ന മത്സരങ്ങളിൽ അളഖപുര എഫ്സി റൈസിംഗ് സ്റ്റുഡന്റ്സിനെയും ഈസ്റ്റേൺ സ്പോർട്ടിങ് യൂണിയൻ എഫ്സി പൂനെ സിറ്റിയെയും തോൽപ്പിച്ചു.
അംബേദ്ക്കർ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ മികച്ച ഫോമിൽ കളിക്കുന്ന റൈസിംഗ് സ്റ്റുഡന്റസിനെയാണ് അളഖപുര എഫ്സി തോൽപ്പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു വിജയം. ആദ്യപകുതിയുടെ 28ആം മിനിറ്റിൽ ദീപികയാണ് അളഖപുരക്ക് വേണ്ടി വലകുലുക്കിയത്. റൈസിംഗ് സ്റ്റുഡന്റ്സിന്റെ ആധിപത്യത്തോടെയാണ് മത്സരം തുടങ്ങിയത് എങ്കിലും ഗോൾ നേടിയതോടെ അളഖപുര മത്സരം അവരുടെ വരുതിയിൽ നിർത്തുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളിൽ രണ്ടു വിജയവും ഒരു സമാനിലയുമായി ഏഴു പോയിന്റോടെ ടേബിളിൽ ഒന്നാമതെത്താൻ അളഖപുരക്കായി. ടീം എന്ന നിലയിൽ മികച്ച ഒത്തിണക്കത്തോടെ കളിക്കുന്ന അളഖപുരക്ക് ടൂർണമെന്റിൽ മികച്ച പ്രതീക്ഷയാണുള്ളത്.
രണ്ടാമത്തെ മത്സരത്തിൽ ബെംബെം ദേവിയുടെ ശക്തരായ ഈസ്റ്റേൺ സ്പോർട്ടിങ് യൂണിയൻ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എഫ്സി പൂനെ സിറ്റിയെ തോൽപ്പിച്ചു. ഇന്ത്യൻ താരങ്ങളായ കാലമാദേവിയുടെയും കാശിമിനയുടെയും മികവിൽ ആയിരുന്നു ഈസ്റ്റേണിന്റെ വിജയം. ആദ്യ പകുതിയുടെ 36, 42 ൽ ഗോൾ നേടി കമലാ ദേവി ഈസ്റ്റേണിന് മത്സരത്തിൽ വ്യക്തമായ ആധിപത്യം നൽകിയിരുന്നു. രണ്ടാം പകുതിയിൽ 66ആം മിനിറ്റിൽ അലിശ പുനെക്ക് വേണ്ടി ഒരു ഗോൾ മടക്കിയെങ്കിലും നാല് മിനിറ്റിനകം കശിമിന ഈസ്റ്റേണിന്റെ മൂന്നാം ഗോൾ നേടിയതോടെ വിജയം ഉറപ്പിക്കുയകയായിരുന്നു. 6 പോയിന്റുള്ള ഈസ്റ്റേൺ ടേബിളിൽ രണ്ടാം സ്ഥാനത്താണ്.